- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷം: ദ്വിരാഷ്ട്ര പരിഹാരം മാത്രമേ ശാശ്വത സമാധാനവും സ്ഥിരതയും നല്‍കൂവെന്ന് മോദി; ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി
ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യ സംഘര്‍ഷം അതി രൂക്ഷമാകുന്നതിനിടെ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയില്‍ ശാശ്വതമായ സമാധാനവും സ്ഥിരതയും നല്‍കൂവെന്ന് പറഞ്ഞ മോദി ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന കാര്യവും ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ യു.എസ് സന്ദര്‍ശനത്തിനെത്തിയ മോദി, ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാട് ആവര്‍ത്തിച്ചു. വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സയിലെ പ്രതിസന്ധിയിലും മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യത്തിലും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എന്നില്‍ ഫലസ്തീന്‍ അംഗത്വത്തിന് ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
വിദ്യാഭ്യാസമടക്കം മേഖലകളില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന സഹായവും പിന്തുണയും ആവര്‍ത്തിച്ച മോദി ഇന്ത്യ-ഫലസ്തീന്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തി. യു.എന്‍ യോഗത്തോടനുബന്ധിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുമായും മോദി കൂടിക്കാഴ്ച നടത്തി. കുവൈത്ത് കിരീടാവകാശി ശൈഖ് ഖാലിദ് അസ്സബാഹുമായും മോദി കൂടിക്കാഴ്ച നടത്തി.
നേരത്തെ യുഎന്നിന്റെ പലസ്തീന്‍ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു ഇന്ത്യ വിട്ടു നിന്നിരുന്നു. പലസ്തീന്‍ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍നിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്. 14 രാജ്യങ്ങള്‍ എതിര്‍ത്തു. 43 രാജ്യങ്ങള്‍ വിട്ടുനിന്നു.
ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, നേപ്പാള്‍, യുക്രെയ്ന്‍, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുണ്ട്. പ്രമേയത്തെ എതിര്‍ക്കുന്നവരില്‍ ഇസ്രയേലും യുഎസും ഉണ്ട്. ''രാജ്യാന്തര നിയമം ആവര്‍ത്തിച്ച് ലംഘിക്കപ്പെടുമ്പോള്‍ രാജ്യാന്തര സമൂഹത്തിനു തിരിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ഉടനടി നടപടിയെടുക്കണം. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങള്‍ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണ്'' യുഎന്നിലെ പലസ്തീന്‍ പ്രതിനിധി പ്രസംഗത്തില്‍ പറഞ്ഞു.
ഇസ്രയേലിന്റെ നടപടികളെ തകര്‍ക്കാന്‍ രൂപകല്‍പന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിത നീക്കം എന്നാണ് യുഎന്നില്‍ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞത്. പ്രമേയം സമാധാനത്തിനു സംഭാവന നല്‍കില്ല. പകരം മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പുമെന്നായിരുന്നു യുഎസിന്റെ അഭിപ്രായം. ഗാസയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ കിഴക്കന്‍ ജറുസലേമിലും മറ്റ് അധിനിവേശ പലസ്തീന്‍ പ്രദേശത്തും ഇസ്രായേല്‍ നടത്തുന്ന നടപടികള്‍ പരിഗണിക്കുന്ന ലോക ബോഡിയുടെ അടിയന്തര പ്രത്യേക സമ്മേളനത്തിന്റെ മധ്യത്തിലായിരുന്നു വോട്ടെടുപ്പ്.