- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിനും ഞങ്ങളെ തടഞ്ഞുനിർത്താനാകില്ല, യുദ്ധത്തിൽ ലക്ഷ്യം നേടാതെ പിൻവാങ്ങില്ല, അതിനു വേണ്ടി എന്തും ചെയ്യും; ഗസ്സയിൽ യുദ്ധം പൂർവാധികം ശക്തിയോടെ തുടങ്ങുമെന്ന് ഗസ്സയിലെത്തി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിർത്തൽ നീട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ യുഎസ്
തെൽഅവീവ്: ഗസ്സയിൽ വെടിനിർത്തൽ അവസാന മിനിറ്റിലേക്ക് നീങ്ങവെ ഇപ്പോഴുള്ള സമാധാന അന്തരീക്ഷം തുടരാൻ ഇസ്രയേലിന് മേൽ ലോകരാജ്യങ്ങളുടെ സർമ്മദം ശക്തമാണ്. അതിനിടെ താൽകാലിക വെടിനിർത്തൽ അവസാനിച്ചയുടൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേൽ സൈനിക സന്നാഹം വിലയിരുത്താനായി ഗസ്സ മുനമ്പിലെത്തിയതായിരുന്നു നെതന്യാഹു. ''ഒന്നിനും ഞങ്ങളെ തടഞ്ഞുനിർത്താനാകില്ല. ഞങ്ങൾക്ക് അധികാരവും ശക്തിയുമുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു. യുദ്ധത്തിൽ ലക്ഷ്യം നേടാതെ പിൻവാങ്ങില്ല. അതിനു വേണ്ടി എന്തും ചെയ്യും.''-നെതന്യാഹു വ്യക്തമാക്കി.
വെടിനിർത്തൽ നീട്ടുന്നതിനെ അനുകൂലിക്കുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തൽ നീട്ടിയാൽ ഓരോ ദിവസവും 10 വീതം ബന്ദികളെ മോചിപ്പിക്കാൻ സാധിക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച 39 ഫലസ്തീനികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. 14 ഇസ്രയേൽ പൗരന്മാരും മൂന്ന് വിദേശികളുമടങ്ങുന്ന ബന്ദികളെ ഹമാസും വിട്ടയച്ചു. ബന്ദികളുടെ കൂട്ടത്തിൽ നാലുവയസുള്ള അമേരിക്കൽ പെൺകുട്ടിയുമുണ്ടായിരുന്നു.
വെടിനിർത്തൽ നീട്ടാൻ സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഫലസ്തീനികൾക്കും ഇസ്രയേലികൾക്കും ശ്വാശ്വത സമാധാനവും സുരക്ഷിതത്വവും വേണമെങ്കിൽ ദ്വിരാഷ്ട്ര പരിഹാരം മാത്രമേയുള്ളൂവെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ തടവുകാരുടെ മോചനത്തിനായിയും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും വെടിനിർത്തൽ നീട്ടാൻ സമ്മർദം ചെലുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.
ആഗോള തലത്തിൽ വെടിനിർത്തൽ ആവശ്യം ഉയരുമ്പോഴും അത്തരം ഒരു നീക്കത്തിന് ഇസ്രയേൽ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഇപ്പോഴത്തെ താത്കാലിക വെടിനിർത്തൽ യഥാർഥ സംഘർഷം ലഘൂകരിക്കുന്നതിന് ഉതകുന്നതല്ല. വെസ്റ്റ് ബാങ്കിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഖത്തറിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഇബ്രാഹിം അബുഷരീഫിനെ ഉദ്ധരിച്ച് അൽജസീറയോട് പ്രതികരിച്ചു.
മറുനാടന് ഡെസ്ക്