- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സ ആക്രമണത്തിൽ ആണവായുധവും ഒരു സാധ്യതയെന്ന് ഇസ്രയേൽ മന്ത്രി; ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർക്ക് ഈ ഭൂമുഖത്ത് ജീവിക്കാൻ പാടില്ലെന്ന് പരാമർശം; വിവാദമായതോടെ മന്ത്രിസഭ യോഗങ്ങളിൽ വിലക്ക്; മന്ത്രി തള്ളി നെതന്യാഹുവും
തെൽ അവീവ്: ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. കരയുദ്ധത്തിൽ ഹമാസിനെ തുരത്തുമെന്നാണ് ഇസ്രയേൽ പക്ഷം. അതേസമയം നിരപരാധികൾ യുദ്ധത്തിൽ മരിച്ചുവീഴുന്നതിൽ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദവും ശക്തമാണ്. ഇതിനിടെയാണ് ഇസ്രയേലിന് പ്രതിരോധത്തിലാക്കി ഒരു മന്ത്രിയുടെ വിവാദ പരാമർശം. ഗസ്സ ആക്രമണത്തിൽ ആണവായുധവും ഒരു സാധ്യതയാണെന്ന് പറഞ്ഞ ഇസ്രയേൽ പൈതൃക മന്ത്രി അമിഹൈ എലിയാഹുവാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്.
കോൽ ബെറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ആണവായുധവും ഒരു സാധ്യതയാണെന്ന പരാമർശം നടത്തിയത്. ജൂയിഷ് നാഷനൽ ഫ്രണ്ട് പാർട്ടി നേതാവാണ് എലിയാഹു. തീവ്ര ജൂത ചിന്താഗതിക്കാരനാണ് ഇദ്ദേഹം. അതേസമയം ഗസ്സയിലേക്ക് മാനുഷിക സഹായം നൽകുന്നതിനെയും മന്ത്രി എതിർത്തു. ഫലസ്തീൻ ജനതയുടെ വിധിയെ കുറിച്ച് ചോദിച്ചപ്പോൾ അവർ അയർലൻഡിലേക്കോ ഏതെങ്കിലും മരുഭൂമിയിലേക്കോ പോകട്ടെ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി. ഗസ്സയിലെ ഭീകരർ അതിനൊരു വഴി കണ്ടെത്തും. ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർക്ക് ഈ ഭൂമുഖത്ത് ജീവിക്കാൻ പാടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. 'അതൊരു ആലങ്കാരിക പ്രയോഗമാണ് എന്ന് എല്ലാവർക്കും മനസ്സിലാകുന്നതാണ്. എന്നാൽ, ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണം. ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാൻ ഇസ്രയേൽ സർക്കാർ ആവശ്യമായ എല്ലാ കാര്യവും ചെയ്യും', എന്നിങ്ങനെയായിരുന്നു വിശദീകരണം.
എലിയാഹുവിന്റെ പ്രസ്താവന യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പിന്നീട് പ്രതികരിച്ചു. നിരപരാധികളെ ദ്രോഹിക്കുന്നത് ഒഴിവാക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇസ്രയേലും ഐ.ഡി.എഫും പ്രവർത്തിക്കുന്നത്. ഞങ്ങളുടെ വിജയം വരെ ഞങ്ങൾ അത് തുടരുമെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ഇതിന് പിന്നാലെ മന്ത്രിസഭാ യോഗങ്ങളിൽനിന്ന് എലിയാഹുവിനെ അനിശ്ചിതകാലത്തേക്ക് വിലക്കിയതായി 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. പ്രസ്താവന വൻ വിവാദമായതോടെയാണ് നടപടി.
അതേസമയം, മന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രയേൽ പ്രതിപക്ഷ നേതാവ് യൈർ ലാപിഡ് രംഗത്തെത്തി. ഒരു ഉത്തരവാദിത്തവുമില്ലാത്ത മന്ത്രിയുടെ ഭ്രാന്തൻ പരാമർശം എന്നാണ് ലാപിഡ് പ്രസ്താവനയെ വിശേഷിപ്പിച്ചത്. മന്ത്രിസഭയിൽനിന്ന് എലിയാഹുവിനെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുമ്പോഴും പശ്ചിമേഷ്യയിൽ ബോംബിങ് തുടരാനാണ് ഇസ്രയേൽ നീക്കം. വെടിനിർത്തലിനായി യുഎസ് ഇസ്രയേലിനു മേൽ സമ്മർദം ചെലുത്തണമെന്ന് അറബ് ലോകം വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ വീണ്ടുമെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് നേതാക്കൾ ഈ ആവശ്യം ആവർത്തിച്ചു. പൊതുവായ വെടിനിർത്തലിനെ യുഎസ് അനുകൂലിക്കുന്നില്ലെങ്കിലും സംഘർഷത്തിന് അയവുവരുത്തണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ബന്ദികളെ വിട്ടുകിട്ടാതെ ആക്രമണം നിർത്തില്ലെന്ന് നെതന്യാഹു തീർത്തുപറഞ്ഞു. ലെബനനിലെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാത്തിയുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ മേഖലയിലാകെ യുദ്ധം വ്യാപിക്കാനുള്ള സാധ്യതയിൽ ആശങ്കയറിയിച്ചു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ തെക്കൻ ലെബനനിൽ ആക്രമണം നടത്തി.
ഏറെയും വടക്കൻ ഗസ്സയിലാണ് ഇസ്രയേൽ ആക്രമണമെങ്കിലും തെക്കൻ ഗസ്സയെയും വെറുതേ വിടുന്നില്ല. വടക്കൻ മേഖല ആക്രമിക്കുമെന്നും തെക്കൻ ഗസ്സയിലേക്കു നീങ്ങണമെന്നും ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്ന ഇസ്രയേൽ സേന അതനുസരിച്ചവരെയും ലക്ഷ്യമിടുന്നു. ഇസ്രയേൽ നഗരങ്ങളിൽ പണിയെടുത്തിരുന്ന നൂറുകണക്കിനു ഫലസ്തീൻ തൊഴിലാളികളെ കൂട്ടത്തോടെ തിരിച്ചയച്ചു. ഗസ്സയിൽ പോരാട്ടം രൂക്ഷമാണ്. ഗസ്സാസിറ്റിയെ പൂർണമായും വളഞ്ഞ ഇസ്രയേൽ സൈന്യം ശനിയാഴ്ച കര, കടൽ, വ്യോമമാർഗം ആക്രമണം ശക്തമാക്കി. ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗസ്സയിൽ അവശേഷിക്കുന്നവരോട് എത്രയുംപെട്ടെന്ന് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പുനൽകി.
മറുനാടന് ഡെസ്ക്