- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനസ്വേലയില്‍ മൂന്നാം വട്ടവും നിക്കോളാസ് മദൂറോ പ്രസിഡന്റ്; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം; സംശയം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങള്‍
കാരക്കാസ്: വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കോളാസ് മദൂറോ വിജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും തര്‍ക്കം മുറുകുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് പ്രതിപക്ഷം ഫലത്തെ ചോദ്യം ചെയ്തിരിക്കുകയാണ്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സില്‍ മദൂറോയെ വിജയിയായി പ്രഖ്യാപിച്ചത്. മദൂറോയ്ക്ക് 51 ശതമാനം വോട്ടും, മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി എഡ്മുന്ഡോ ഗോണ്‍സാലസ് 44 ശതമാനം വോട്ടും നേടി. എന്നാല്‍, മദൂറോ പക്ഷപാതികള്‍ നിയന്ത്രിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സില്‍ രാജ്യവ്യാപകമായി 30,000 പോളിങ് ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ പ്രതിപക്ഷത്തിന് നിയമപരമായി ഫലത്തെ ചോദ്യം ചെയ്യുക വിഷമകരമായിരിക്കും.
ഇത് മൂന്നാം തവണയാണ് വെനസ്വേലയില്‍ നിക്കോളാസ് മദൂറോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 61 കാരനായ നിക്കോളാസ് മദൂറോമൂന്നാമൂഴം കിട്ടിയ പാടേ, തന്നെ പിന്തുണയ്ക്കുന്നവരെ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് അഭിവാന്ദ്യം ചെയ്ത് സംസാരിച്ചു. വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് നന്ദി രേഖപ്പെടുത്തിയതിന് പുറമേ സമാധാനം, നീതി, സ്ഥിരത എന്നിവ ഉറപ്പാക്കുമെന്ന് മദൂറോ പറഞ്ഞു.
എന്നാല്‍ വിജയം അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. 70 ശതമാനത്തോളം വോട്ട് നേടിയ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യതയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഇതിന് പിന്നാലെ തങ്ങള്‍ വിജയിച്ചതായും പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
വിവിധ രാജ്യങ്ങളും മദൂറോയുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കോസ്റ്റാ റിക്ക, ചിലി, പെറു അടക്കമുള്ള രാജ്യങ്ങള്‍ മദൂറോയുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രതികരിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെനസ്വലയുടെ വോട്ടര്‍മാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പ് ഫലമെന്നാണ് മദൂറോയുടെ മൂന്നാമൂഴത്തേക്കുറിച്ച് പ്രതികരിക്കുന്നത്. 2013ല്‍ മദൂറോ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു. 30 ദശലക്ഷം ജനങ്ങളാണ് ഇത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്.
ജനങ്ങളുടെ ഇച്ഛയെ സര്‍ക്കാര്‍ മാനിക്കണമെന്നും വോട്ട് രേഖകള്‍ പ്രസിദ്ധീകരിക്കണമെന്നും യൂറോപ്യന്‍ യൂണിയന് നയ മേധാവി ജോസപ് ബോറര്‍ എക്സിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു. വെനസ്വേലക്കാര്‍ക്കും ലോകത്തിന് മുഴുവനും എന്താണ് സംഭവിച്ചതെന്ന് അറിയാമെന്ന് മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി എഡ്മുന്ഡോ ഗോണ്‍സാലസ് പ്രതികരിച്ചു.
മദൂറോ വീണ്ടും വരുമ്പോള്‍
മദൂറേ മറ്റൊരു ആറുവര്‍ഷത്തെ ഭരണത്തിനായി തിരഞ്ഞെടുക്കപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട് വിദേശത്ത് അവസരങ്ങള്‍ തേടി 77 ലക്ഷത്തോളം നാട്ടുകാര്‍ പലായനം ചെയ്തു കഴിഞ്ഞു. 2013 ല്‍ ഹ്യൂഗോ ഷാവേസ് അര്‍ബുദം ബാധിച്ച് അന്തരിച്ചതിന് പിന്നാലെയാണ് നിക്കൊളാസ് മദൂറോ തലപ്പത്തെത്തിയത്. പക്ഷേ ഇപ്പോള്‍ മദൂറോയും അദ്ദേഹത്തിന്റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേലയും നയങ്ങള്‍ മൂലം ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ്. വേതനത്തിലെ ഇടിവ്, പട്ടിണി, തകരുന്ന എണ്ണവ്യവസായം, കുടിയൊഴിക്കല്‍ കാരണം കുടുംബങ്ങളുടെ വേര്‍പെടല്‍ എന്നിവയെല്ലാം വോട്ടര്‍മാരെ വെറുപ്പിച്ചിരുന്നു. എന്നിട്ടും ഒരുവട്ടം കൂടി മദൂറോ ജയിച്ചതോടെ നാട്ടുകാരുടെ വിദേശ കുടിയേറ്റം തുടരുമെന്ന് ഉറപ്പായി.