ലണ്ടന്‍: ബ്രിട്ടണില്‍ വംശീയ വിവേചനത്തെ ചെറുക്കാന്‍ ഒരു കൂട്ടായ്മ രൂപംകൊള്ളുകയാണ്. ഈ വാരാന്ത്യത്തില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ യു കെയിലെ പലയിടങ്ങളിലായി പ്രകടനങ്ങള്‍ നടത്താന്‍ ഇരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെന്ന് സംഘാടകര്‍ പറയുന്നു.

25 ല്‍ അധികം പട്ടണങ്ങളിലും നഗരങ്ങളിലുമായി നടക്കാന്‍ ഇരിക്കുന്ന തീവ്ര വലതുപക്ഷ പ്രകടനങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗത്ത്‌പോര്‍ട്ടിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കത്തിക്കുത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീവ്ര വലതുപക്ഷക്കാര്‍ പ്രകടനത്തിന് ഇറങ്ങുന്നത്.

വ്‌ലതുപക്ഷത്തിനെതിരെയുള്ള ഒട്ടുമിക്ക പ്രതിഷേധനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന സംഘടനയുടെ നാഷണല്‍ ഓര്‍ഗനൈസര്‍ സമീറ അലി പറയുന്നത്, തീവ്ര വലതുപക്ഷങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന അമിതാത്മവിശ്വാസം തടയാതെ പോകാന്‍ കഴിയില്ല എന്നാണ്. ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ കാര്യമായ രീതിയില്‍ തന്നെ ശബ്ദമുയരും എന്ന് ഉറപ്പു വരുത്താന്‍ പരമാവധി ആളുകളെ സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമീറ അലി പറഞ്ഞു.

തീവ്ര വലതുപക്ഷക്കാരുടെ ചിന്ത അവര്‍ വലിയതെന്തിനോ വേണ്ടി നിലകൊള്ളുന്നു എന്നാണെന്ന് പറഞ്ഞ സമീര, മറുഭാഗത്തും കരുത്തു കാട്ടി അവരെ നിര്‍വീര്യമാക്കേണ്ടതുണ്ടെന്നും പറഞ്ഞു. തീവ്രവലതുപക്ഷത്തേക്കാള്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും അവര്‍ പചൂണ്ടിക്കാട്ടി. അതേസമയം, വാരാന്ത്യത്തില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഭയന്ന് പോലീസ് ഇന്റലിജന്‍സ് സംവിധാനം രാജ്യമാകമാനം ഏകോപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകടനം നടത്തുന്ന തീവ്ര വലതുപക്ഷക്കാര്‍ ചില മോസ്‌കുകളെയും അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളെയും ഉന്നം വച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

സൗത്ത്‌പോര്‍ട്ടില്‍, മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ തുടര്‍ന്ന് മേഴ്സിസൈഡ്, ലണ്ടന്‍, ഹാര്‍ട്ട്പൂള്‍, മാഞ്ചസ്റ്റര്‍, ആള്‍ഡെര്‍ഷോട്ട് എന്നിവിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും ഓണ്‍ലൈന്‍ വഴി പ്രചരിച്ച വ്യാജവാര്‍ത്തയായിരുന്നു അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അക്രമിയുടെ ദേശീയതയുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍, കോടതി തന്നെ പ്രതി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. റുവാണ്ടന്‍ മാതാപിതാക്കള്‍ക്ക് കാര്‍ഡിഫില്‍ ജനിച്ച അലക്സ് റുഡകുബാന എന്ന 17 കാരനാണ് പ്രതി.