ലണ്ടന്‍: ജീവനക്കാരുടെ കടുത്ത ക്ഷാമം എന്‍ എച്ച് എസ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന മുറവിളി ഉയരുമ്പോഴും, പുതിയതയി പഠിച്ചിറങ്ങുന്ന നഴ്സുമാര്‍, ജോലി ലഭിക്കാതെ വലയുന്നതായി റിപ്പോര്‍ട്ടുകള്‍., സര്‍ക്കാര്‍ ധനസഹായം വെട്ടിക്കുറച്ചതോടെ പലയിടങ്ങളിലും 25 ശതമാനം തസ്തികകള്‍ വേണ്ടെന്ന് വയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി എന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മേഖലയിലെ സാമ്പത്തിക ഞെരുക്കം പല തൊഴിലുടമകളെയും, മുന്‍ നിര ജീവനക്കാരുടേതുള്‍പ്പടെ പല തസ്തികകളും വെട്ടിച്ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതായി എന്‍ എച്ച് എസ് അധികൃതര്‍ പറയുന്നു.

അതുകൊണ്ടു തന്നെ പുതിയതായി യോഗ്യത നേടിയ നഴ്സുമാര്‍ക്ക് പലയിടങ്ങളിലും ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് മാരുടെ ജോലി സ്വീകരിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍. തികഞ്ഞ മണ്ടത്തരം എന്നാണ് ലേബര്‍ പാര്‍ട്ടി ഈ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഇത് പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി പറയുന്നു. ഈ വര്‍ഷം നഴ്സിംഗില്‍ ഗ്രാഡ്വേറ്റ് ആയവര്‍ക്ക് അവര്‍ പരിശീലനം നേടിയ അതേ ജോലി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഡെപ്യൂട്ടി ചീഫ് നഴ്സ് ഡോക്ടര്‍ നിക്കോള ആഷ്ബി എന്‍ എച്ച് എസ് ഇംഗ്ലണ്ടിനോടും ആാരോഗ്യ മേഖലയിലെ മറ്റ് തൊഴില്‍ ദാതാക്കളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

എന്‍ എച്ച് എസ് അതി കഠിനമായ തൊഴിലാളി ക്ഷാമം അഭിമുഖീകരിക്കുമ്പോഴും, മറ്റ് തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടാകുമ്പോഴും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരു ജോലി ലഭിക്കാതെ കഷ്ടപ്പെടുകയാണെന്ന് കൗണ്‍സില്‍ ഓഫ് ഡീന്‍സ് ഓഫ് ഹെല്‍ത്ത് ആക്ഷേപിക്കുന്നു. നഴ്സിംഗ് കോഴ്സുകളും, മിഡ്വൈഫറി കോഴ്സുക്‌ളും പഠിപ്പിക്കുന്ന യു കെ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരികുന്ന സംഘടനയാണിത്. പുതിയതായി നഴ്സിംഗ് യോഗ്യത നേടിയ രണ്ട് പേര്‍ ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞത്, എന്‍ എച്ച് എസ്സിന്റെ ഇന്റേണല്‍ വെബ്‌സൈറ്റില്‍ തിരഞ്ഞപ്പോള്‍, പുതിയതായി യോഗ്യത നേടിയവര്‍ക്കായുള്ള ഒഴിവുകള്‍ വെറും പത്തെണ്ണം മാത്രമാണ് കണ്ടെത്താനായത് എന്നാണ്.

തന്റെ സഹപാഠികളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് നഴ്സിംഗ് ജോലി കണ്ടെത്താനായത് എന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി പറയുന്നു. 30 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസ്സിലെ ബഹുഭൂരിപക്ഷം പേരും ഇപ്പോള്‍ ജീവിക്കുവാനായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുകയാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ താന്‍ ഒരു ജോലി അന്വേഷിക്കുകയാണെന്നും ഇതുവരെയും ലഭിച്ചിട്ടില്ല എന്നും അവര്‍ പറഞ്ഞു.

അതേസമയം, തൊഴിലാളി ക്ഷാമം നേരിടുന്ന എന്‍ എച്ച് എസ്സില്‍, യോഗ്യതയുള്ള നഴ്സുമാര്‍ക്ക് ജോലി സാധ്യതകള്‍ ഇല്ലെന്ന് പറയുന്നത് തികഞ്ഞ വിഢിത്തമാണെന്നാണ് ആരോഗ്യ- സാമൂഹ്യക്ഷേമ വകുപ്പിലെ ഒരു വക്താവ് പറഞ്ഞത്. തൊഴിലാളി ക്ഷാമം കാരണം രോഗികള്‍ വലയുകയാണെന്ന് ചൂണ്ടിക്കാട്ടിയ വക്താവ്, തങ്ങള്‍ ഈ പ്രശ്നം പരിഹരിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം 31,300 നഴ്സിംഗ് ഒഴിവുകള്‍ മാത്രമായിരുന്നു എന്‍ എച്ച് എസ് പരസ്യം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ട് മുന്‍പത്തെ വര്‍ഷം അത് 41,600 ആയിരുന്നു.

ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കുകള്‍ പ്രകാരം 2022 ല്‍ 29,080 പേരാണ് യു കെയില്‍ നഴ്സിംഗ് യോഗ്യത നേടിയിട്ടുള്ളത്. അതേസമയം, റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷന്റെ കണക്കുകള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം ചില്‍ഡ്രന്‍സ് നഴ്സിംഗ് ജീവനക്കാര്‍ക്കായുള്ള ഒഴിവുകളുടെ പരസ്യം 25 ശതമാനം കുറഞ്ഞപ്പോള്‍ ഫൊര്‍ഡെന്റല്‍ നഴ്സുമാരുടേത് 36 ശതമാനം കുറഞ്ഞു എന്നാണ്. മിഡ്വൈഫുമാരുടെ ഒഴിവുകള്‍ വെളിപ്പെടുത്തുന്ന പരസ്യം 19 ശതമാനം കുറഞ്ഞപ്പോള്‍ കമ്മ്യൂണിറ്റി നഴ്സുമാരുടെ കാര്യത്തില്‍ 23 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.