ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രം; സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണം; രാജ്യത്തിനും ജനങ്ങള്‍ക്കുമായി ദൗത്യം ഏറ്റെടുക്കാമെന്ന് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സമ്മതം അറിയിച്ച് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താഏജന്‍സിയായ എ.എഫ്.പി. നല്കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സമ്മതം അറിയിച്ച് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താഏജന്‍സിയായ എ.എഫ്.പി. നല്കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനും ജനങ്ങള്‍ക്കും ആവശ്യമായ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാണ്. മാറ്റത്തിനുവേണ്ടിയാണ് യുവാക്കള്‍ ശബ്ദമുയര്‍ത്തിയത്. രാജ്യംവിട്ടതിലൂടെ പ്രധാനമന്ത്രി ആ ശബ്ദം കേട്ടു. ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണ്. അതിരുകളില്ലാത്തതാണ് യുവാക്കളുടെ ധൈര്യം. അനീതിക്കെതിരായ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ലോകത്തിന് അവര്‍ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കാനാണ് താത്പര്യമെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്നും ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.
പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. അഴിമതിക്കേസുകളില്‍ ജയിലായിരുന്ന ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവ് ബീഗം ഖാലിദ സിയയെ മോചിപ്പിച്ചതായും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പേരെയും ജയില്‍ മോചിതരാക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സംഘന നേതാക്കള്‍ക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ സമ്മതമറിയിച്ചിട്ടുണ്ട്. ചികിത്സാര്‍ത്ഥം പാരിസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തും. ഷെയ്ഖ് ഹസീനയ്ക്ക് യു കെ രാഷ്ട്രീയ അഭയം നല്‍കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. വക്താവ് ഇങ്ങനെ പറയുമ്പോഴും ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികള്‍ പിന്നണിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് പൊലീസ് അസോസിയേഷന്റെ സമരം. വിദ്യാര്‍ത്ഥി സമരക്കാര്‍ക്ക് നേരെ വെടിവയ്പ്പും ബലപ്രയോഗവും നടത്തിയതിനും പൊലീസ് അസോസിയേഷന് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വെടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. 300ലധികം വിദ്യാര്‍ത്ഥികളാണ് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.