ലണ്ടന്‍: നഴ്സിംഗ് മേഖലയെ നിയന്ത്രിക്കുന്ന നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിനെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മാധ്യമങ്ങള്‍. വിഷലിപ്തമായ തൊഴില്‍ സംസ്‌കാരവും, വംശീയ വിവേചനവുമാണ് അവിടെ നടമാടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ തലങ്ങളിലും വംശീയ വെറി നടമാടുന്ന സ്ഥാപനം ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് നേരെ വരെ കണ്ണടയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുകയും രോഗികളെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു നഴ്സിന്റെ റജിസ്റ്ററില്‍ നിന്നും പുറത്താക്കാന്‍ എന്‍ എം സി ഏഴു വര്‍ഷം എടുത്തു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ഇക്കൂട്ടത്തിലുണ്ട്. ലൈംഗിക പീഢനത്തിന് വിധേയരായ കുട്ടികളുടെ കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ പോലും കൈവശം വെച്ച നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും എതിരെ പോലും നടപടി എടുത്തില്ല എന്ന ആരോപണവും ഇതിനൊപ്പമുണ്ട്.

ബ്രിട്ടനിലെ 8 ലക്ഷത്തോളം വരുന്ന നഴ്സുമാരെയും മിഡ്വൈഫുമാരെയും നിയന്ത്രിക്കുന്ന എന്‍ എം സി ക്കെതിരെ ഇന്‍ഡിപെന്‍ഡന്റ് പത്രം ആരോപണങ്ങളുടെ ഒരു പരമ്പര തന്നെ ഉയര്‍ത്തിനെ തുടര്‍ന്നായിരുന്നു, അതിനെ കുറിച്ച് വിശകലനം നടത്താന്‍ നസീര്‍ അഫ്സല്‍ കെ സി യെ നിയമിച്ചത്. എന്‍ എം സി ക്ക് അകത്തുള്ള ഒരു സ്രോതസ്സില്‍ നിന്നായിരുന്നു ഇന്‍ഡിപെന്‍ഡന്റിന് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കുട്ടികള്‍, ജീവനക്കാര്‍, രോഗികള്‍ എന്നിവരെ ദുരുപയോഗം ചെയ്ത ഒന്നിലധികം സംഭവങ്ങളില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല, മാനസികവും ശാരീരികവുമായ പീഢനങ്ങളില്‍ ഉള്‍പ്പെട്ട നഴ്സുമാര്‍ക്കെതിരെ നടപടികള്‍ ഒന്നുമുണ്ടായില്ല, വംശീയ വിവേചനവുമായി ബന്ധപ്പെട്ട കേസുകള്‍ ഗൗരവമായി പരിഗണിക്കാതെ വംശീയ വിവേചനത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങി നിരവധി കാര്യങ്ങള്‍ വിശകലന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.