- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ ടോറി സര്‍ക്കാര്‍ റുവാണ്ട പദ്ധതിക്ക് വേണ്ടി നല്കിയ 2,400 കോടി രൂപ തിരിച്ചു നല്‍കില്ലെന്ന് റുവാണ്ട; പദ്ധതി റദ്ദാക്കിയെങ്കിലും ബ്രിട്ടന് ഗുണമില്ല
ലണ്ടന്‍: ബ്രിട്ടനും റുവാണ്ടയ്ക്കും ഇടയില്‍ ഉണ്ടാക്കിയ ലക്ഷക്കണക്കിന് പൗണ്ടിന്റെ അഭയാര്‍ത്ഥി പദ്ധതി റദ്ദാക്കിയെങ്കിലും അതിനായി നല്കിയ പണം തിരിച്ചു നല്കാന് റുവാണ്ടക്ക് ബാദ്ധ്യതയില്ലെന്ന് റുവാണ്ട. അനധികൃത അഭയാര്‍ത്ഥികളായി എത്തുന്നവരെ റുവാണ്ടയില്‍ താമസിപ്പിച്ചു കൊണ്ട് അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്ന പദ്ധതി ഉപേക്ഷിച്ചതായി കഴിഞ്ഞ വാരാന്ത്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രതികരണം റുവാണ്ടയില്‍ നിന്നുണ്ടായിരിക്കുന്നത്.
2022 ല്‍ ഈ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെയായി 240 മില്യണ്‍ പൗണ്ടാണ് റുവാണ്ടക്ക് നല്‍കിയിട്ടുള്ളത്. നിയമ കുരുക്കുകലായിരുന്നു അന്ന് പദ്ധതി നടപ്പിലാക്കാന്‍ തടസ്സമായത്. അതുകൊണ്ടു തന്നെ നല്കിയ പണത്തില്‍ അല്പമെങ്കിലും റുവാണ്ട തിരിച്ചുതരുമെന്ന പ്രതീക്ഷയായിരുന്നു ബ്രിട്ടനുണ്ടായിരുന്നത്. എന്നാല്‍, പണം തിരിച്ചു നല്‍കുക എന്നത് ഒരിക്കലും കരാറിന്റെ ഭാഗമായ നിബന്ധന അല്ലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഒരു സര്‍ക്കാര്‍ വക്താവ് രാജ്യത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി വി ചാനലില്‍ പറഞ്ഞത്.
നേരത്തെ, നിയമനടപടികള്‍ മൂലം പദ്ധതി നിര്‍ത്തിവയ്ക്കേണ്ടി വന്നിട്ട് 21 മാസങ്ങള്‍ക്കിപ്പുറം കഴിഞ്ഞ ജനുവരിയില്‍, അഭയാര്‍ത്ഥികള്‍ ആരും വന്നില്ലെങ്കില്‍ കുറച്ച് പണം തിരികെ നല്‍കാമെന്ന് റുവാണ്ടന്‍ പ്രസിഡണ്ട് പോള്‍ കാഗ്മെ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് പണം തിരികെ നല്‍കാനുള്ള ബാദ്ധ്യത റുവാണ്ടക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നിരവധി തൊഴിലാളികളെ നിയമിച്ച് അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍മറുടെ നടപടി തങ്ങളുടെ ജീവിതം തകര്‍ക്കും എന്നാണ് അതിലൊരു തൊഴിലാളി ബി ബി സിയോട് പറഞ്ഞത്. താരതമ്യെന ഭേദപ്പെട്ട വേതനമാണ് ഈ സൈറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്.
അഭയാര്‍ത്ഥികള്‍ക്കായുള്ള കെട്ടിട നിര്‍മ്മാണം ആരംഭിച്ചതോടെ അതിന്റെ ചുറ്റുവട്ടവുമുള്ള സ്ഥലങ്ങളില്‍ സ്ഥല വില ഉയരുകയും ജീവിത സാഹചര്യം മെച്ചപ്പെടുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. പദ്ധതി നിര്‍ത്തലാക്കിയതോടെ വീണ്ടും പഴയ ദാരിദ്ര്യത്തിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാകുമോ എന്ന ആശങ്കയിലാണ് അവര്‍.