- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശശി തരൂരിന്റെ വിമർശനങ്ങൾ ഉൾക്കൊണ്ട് അദൃശ്യ ഇടപെടലുകൾ; ആദ്യ ഇന്ത്യൻ സന്ദർശനത്തിന് രാജ്ഞിയെ കാണാൻ തടിച്ചു കൂടിയത് ലക്ഷങ്ങൾ; ആ വ്യക്തിത്വം ബ്രിട്ടന്റെ തലപ്പൊക്കത്തെക്കാൾ എന്നും ഉയരത്തിൽ; കൊട്ടാരത്തിൽ പ്രിയപ്പെട്ട പലഹാരമായി എലിസബത്ത് രാജ്ഞി സൂക്ഷിച്ചത് മുംബൈ മിക്ച്ചർ; ഇന്ത്യയിലെ ദുഃഖാചരണം ഈ സ്നേഹത്തിനുള്ള മറുപടിയാകുമ്പോൾ
ലണ്ടൻ: തന്റെ സുദീർഘ ജീവിതത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഇന്ത്യയിൽ എത്തിയത് മൂന്നു തവണ. തന്റെ 96 വയസിനിടയിൽ ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും എത്തിയ ബ്രിട്ടീഷ് രാജ്ഞി പഴയ കോളനി രാജ്യമായ ഇന്ത്യയിൽ ഓരോ തവണ എത്തിയപ്പോഴും ജനലക്ഷങ്ങളെയാണ് ഹൃദയത്തിൽ താലോലിച്ചു മടങ്ങിയത്. ശാരീരിക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യ ഉൾപ്പെടെ വിദൂര ദേശങ്ങളിൽ പോകാൻ കഴിയാതിരുന്നപ്പോഴും തന്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ ബ്രിട്ടീഷ് രാജ്ഞി അതീവ ശ്രദ്ധ നൽകിയിരുന്നു എന്നാണ് വസ്തുത. രാഷ്ട്രീയ കാരണങ്ങളാൽ പലപ്പോഴും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഉരസൽ വേണ്ടി വന്നപ്പോഴൊക്കെ തന്റെ അദൃശ്യ കരങ്ങൾ ബ്രിട്ടീഷ് രാജ്ഞി ഉപയോഗിച്ചിരിക്കാം എന്നാണ് നയതന്ത്ര രംഗത്തുള്ളവർ ഉറച്ചു വിശ്വസിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിൽ ദൈനം ദിന കാര്യങ്ങളിൽ രാജ്ഞിയോ രാജാവോ കൈകടത്താറില്ലെങ്കിലും കൊട്ടാരത്തിന്റെ ഇംഗിതം മനസിലാക്കി തന്നെയാണ് ബ്രിട്ടീഷ് സർക്കാരുകൾ പ്രവർത്തിച്ചിട്ടുള്ളത് .
ഇപ്പോൾ മരണ ശേഷം പോലും സോഷ്യൽ മീഡിയയിൽ കോഹിനൂർ രത്നത്തിന്റെ പേരിൽ രാജകുടുംബം പഴി കേൾക്കുക ആണെങ്കിലും അത്തരം കാര്യങ്ങളിൽ രാജ്ഞി എലിസബത്ത് ഒരിക്കലും അലോസരം കൊണ്ടിട്ടില്ലെന്നാണ് കൊട്ടാരം ആർകൈവ് വ്യക്തമാക്കുന്നത്. അടുത്ത കാലത്തു കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഓക്സ്ഫോർഡ് സർവകലാശാല സന്ദർശിച്ചപ്പോൾ നടത്തിയ പ്രസംഗം ലോക വ്യാപക ശ്രദ്ധ നേടിയെങ്കിലും അത്തരം വിഷയങ്ങളെ വളരെ തന്ത്രപരമായി ബ്രിട്ടീഷ് സർക്കാരുകൾ നേരിടുന്നതുകൊട്ടാരത്തിന്റെ കൂടി മനസിലിരുപ്പ് മനസിലാക്കി തന്നെയാണ്. പഴയ കോളനികളുടെ പേരിൽ വിമർശം കേൾക്കുന്നത് കഴിയുന്നതും ഒഴിവാക്കാൻ ഉള്ള ശ്രമങ്ങൾ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധയിൽ എപ്പോഴും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അടുത്തകാലത്തുകൊച്ചു മകൻ വില്യമും ഭാര്യയും ജമൈക്ക സന്ദർശിച്ചപ്പോൾ പ്രതിഷേധം നേരിടേണ്ടി വന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്തരാഷ്ട്ര തലത്തിൽ രാജകുടുംബത്തിന് ക്ഷീണമായി മാറാതിരിക്കാൻ എലിസബത് രാജ്ഞിയുടെ പ്രത്യേക നയതന്ത്ര വൈഭവം തുണയായിട്ടുണ്ടെന്ന് കരുതുന്നവരാണ് ഏറെയും.
ഇത് മനസിലാക്കി എന്നും പിന്തുണ ലഭിച്ചിട്ടുള്ള രാഷ്ട്ര നേതാവിന്റെ മരണത്തിൽ ഇന്ത്യയും ഔദ്യോഗികമായി അനുശോചിക്കുകയാണ്. നാളെ രാജ്യമെങ്ങും ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തിൽ അനുശോചിക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ബ്രിട്ടീഷ് രാജ്ഞി ഇന്ത്യക്ക് എത്രമാത്രം പ്രിയപ്പെട്ടവൾ ആയിരുന്നു എന്നാണ് ഇതിലൂടെ ഇന്ത്യ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്. തനറെ ആദ്യ സന്ദർശനം നടത്തിയ 1963 ൽ ഡൽഹി എയർപോർട്ട് മുതൽ താമസ സ്ഥലമായ രാഷ്ട്രപതി ഭവൻ വരെ പത്തു ലക്ഷത്തോളം ഇന്ത്യക്കാർ രാജ്ഞിയെ ഒരുനോക്ക് കാണാൻ കാത്തുനിന്നിരുന്നു എന്നാണ് ആർകൈവകൾ പറയുന്നത്. രണ്ടു നൂറ്റാണ്ടോളം അനുഭവിച്ച കൊളോണിയൽ സാമ്രാജ്യത്തിന്റെ അധിപയെ നേരിൽ കാണുക എന്ന അഭിവാഞ്ജ തന്നെയാകും അത്രയും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരിക്കുക എന്നത് വ്യക്തം .
എന്നാൽ അതിലുപരി എലിസബത്ത് രാജ്ഞിയുടെ വ്യക്തിതം ബ്രിട്ടന്റെ തലപ്പൊക്കത്തെക്കാൾ എന്നും ഉയരെയായിരുന്നു എന്നതും വസ്തുതയാണ്. തന്റെ ഒൻപതു ദിവസം നീണ്ട രണ്ടാം ഇന്ത്യ സന്ദർശനത്തിൽ 1983 ൽ എലിസബത്ത് രാജ്ഞി ഇക്കാര്യം വാക്കിലൂടെയും പ്രവർത്തിയിലൂടെയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്രം നേടിയ ശേഷം ഇന്ത്യയിൽ എത്തുന്ന ആദ്യ ബ്രിട്ടീഷ് രാജ്യ അധിപയും എലിസബത്ത് തന്നെ ആയിരുന്നു .ബ്രിട്ടൻ ഉപേക്ഷിച്ച ഇന്ത്യ തലയുയർത്തി മുന്നോട്ടു പോകുന്നതിൽ തനിക്കുള്ള അതീവ സന്തോഷം ഓരോ സന്ദർശനത്തിലും രേഖപ്പെടുത്തി തന്നെയാണ് എലിസബത്ത് തിരികെ മടങ്ങിയിട്ടുള്ളതും. തന്റെ ആദ്യ സന്ദർശനക്കാലത്തു ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവ് ഫിലിപ് രാജകുമാരനും ഏകദേശം ആറാഴ്ചക്കാലമാണ് ഇന്ത്യയിൽ തങ്ങിയത് എന്നതും പ്രത്യേകത്യായി .
മുംബൈയും ചെന്നൈയും കൊൽക്കത്തയും സന്ദർശിച്ചിട്ടുള്ള എലിസബത്ത് താജ് മഹലും പിങ്ക് പാലസും വാരാണസിയും ഒക്കെ തന്റെ സന്ദർശന പട്ടികയിൽ ഉണ്ടാകണം എന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുകയും ചെയ്തിരുന്നു .ആദ്യ സന്ദർശനത്തിൽ തന്നെ ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിലും പങ്കെടുത്താണ് ബ്രിട്ടീഷ് രാജ ദമ്പതികൾ മടങ്ങിയതും. ഡൽഹി രാംലീല മൈതാനിയിൽ തന്റെ ആദ്യ സന്ദർശനത്തിൽ അനേകായിരങ്ങളെ അഭിസംബോധന ചെയ്യുവാനും എലിസബത്ത് രാജ്ഞിക്കു സാധിച്ചിരുന്നു. കൊൽക്കത്തയിൽ ബ്രിട്ടീഷ് സഹായത്തോടെ നിർമ്മിച്ച ഉരുക്കു ഫാക്ടറിയിൽ എത്തി തൊഴിലാളികളോട് സംവദിക്കുവാനും രാജ്ഞി സമയം കണ്ടെത്തിയത് ബ്രിട്ടൻ വിട്ട ഇന്ത്യ രണ്ടു കാലിൽ നിവർന്നു നിൽക്കുന്നു എന്നുറപ്പു വരുത്തുവാൻ തന്നെ ആയിരുന്നു.
തന്റെ കൊട്ടാരത്തിൽ എന്നും പ്രിയപ്പെട്ട പലഹാരമായി മുംബൈ മിക്സ്ചർ രാജ്ഞി സൂക്ഷിച്ചിരുന്നതും ഇന്ത്യൻ സ്നേഹത്തിന്റെ നേർ അടയാളമായി തന്നെയാണ്. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ഓരോ തരത്തിലും ഇന്ത്യയെ അടയാളപ്പെടുത്തുവാൻ ബ്രിട്ടീഷ് രാജ്ഞിക്കു സാധിച്ചു എന്ന് പിന്നീട് വന്ന തലമുറകൾ ഇപ്പോൾ അറിയുന്നത് പോലും അത്ഭുതത്തോടെയാണ്. തന്റെ രണ്ടാം സന്ദർശനം 1983 ൽ എലിസബത്ത് നടത്തിയത് കുറച്ചു കൂടി ഔദ്യോഗിക സ്വഭാവത്തോടെയാണ്. പഴയ കോളനി രാജ്യങ്ങൾ ചേർത്ത കോമൺവെൽത് രാജ്യ തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് എലിസബത്ത് രാജ്ഞി തന്റെ രണ്ടാം ഇന്ത്യൻ സന്ദർശനം തിരഞ്ഞെടുത്തത്. അന്നും രാഷ്ട്രപതി ഭവനിൽ തങ്ങിയപ്പോൾ താമസ സ്ഥലത്തെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ചു അത് ചുമതലപ്പെട്ടവരെ അറിയിക്കാൻ രാജ്ഞി പ്രത്യേക താല്പര്യവും കാട്ടിയിരുന്നു.
തന്റെ അവസാന ഇന്ത്യൻ സന്ദർശനം ബ്രിട്ടീഷ് രാജ്ഞി നടത്തിയത് 1997 ലാണ് . ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടിയതിന്റെ അൻപതാം വാർഷിക ലഹരിയിൽ ആയിരുന്നെങ്കിലും രാജ്ഞി വ്യക്തിപരമായി വളരെ പ്രയാസം പിടിച്ച സാഹചര്യത്തിലുമായിരുന്നു. മകൻ ചാൾസിന്റെ ഭാര്യ ഡയാന ദുരൂഹ സാഹചര്യത്തിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടതിന് കൊട്ടാരത്തിന്റെ കൈകളും കാരണമാണ് എന്ന ആരോപണം അങ്ങേയറ്റം മുറിപ്പെടുത്തിയത് രാജ്ഞിയെ തന്നെയായിരുന്നു. ആ സന്ദർശത്തിൽ ജാലിയൻ വാല ബാഗ് സന്ദർശിച്ച രാജ്ഞിയോട് പ്രക്ഷോഭകർ മാപ്പപേക്ഷികാൻ ആവശ്യപ്പെട്ടത് വലിയ വാർത്ത തലക്കെട്ടുകളായി. സന്ദർശത്തിന്റെ തൊട്ടു തലേന്ന് നടന്ന പാർട്ടിയിൽ തന്റെ മനസിൽ ഉള്ളത് എലിസബത്ത് വ്യക്തമാക്കുകയും ചെയ്തിരുന്നു.
''ചരിത്രം നമുക്കാർക്കും മാറ്റി എഴുതാനാകില്ല. തീർച്ചയായും അലോസരപ്പെടുത്തുന്ന ഓർമ്മകളാണ് ജാലിയൻ വാല ബാഗിലേത്. ചരിത്രത്തിൽ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതിനു വിരുദ്ധമായിട്ടാകും സംഭവിക്കുക. സങ്കടവും സന്തോഷവും ഒക്കെ ചേർന്നതാണ് ചരിത്രം എന്നും നമ്മൾ മനസിലാക്കണം '.വളരെ കൃത്യതയ്യാർന്ന മറുപടിയാണ് ജാലിയൻ വാല ബാഗ് സംഭവത്തെ അവർ നിരീക്ഷിച്ചതും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.