- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയേയും ക്രീമിയയേയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഉഗ്ര സ്ഫോടനം; സ്ഫോടനത്തിന് തൊട്ടു മുൻപ് പാലത്തിനടിയിൽ കണ്ടത് ആശങ്കാജനകം; റഷ്യയെ കൂടുതൽ പ്രതിസന്ധിയിലാക്കി യുക്രെയിനിന്റെ മിന്നലാക്രമണം തുടരുന്നു; ആ ഉയർന്ന് പൊങ്ങിയ തിരമാലയിൽ ചർച്ച സജീവം; ഇത് ശത്രുവിന്റെ ഞെട്ടിക്കൽ
റഷ്യയേയും റഷ്യൻ അധിനിവേശ ക്രീമിയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലത്തിനടിയിൽ തികച്ചും ദുരൂഹമായി ഉയർന്ന് പൊന്തിയത് ഒരു കൂറ്റൻ തിരമാല. ഏതാനും നിമിഷങ്ങൾക്കകം കൂറ്റൻ സ്ഫോടനത്തിൽ പാലം തകരുകയും ചെയ്തു. പുടിന്റെ വിതരണ ശൃംഖല തകർക്കുന്നതിനായി യുക്രെയിൻ ഒരു ബോട്ടോ ഡ്രോണോ ഉപയോഗിച്ച് സ്ഫോടനം നടത്തിയതാകാം എന്ന സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്.
ചുരുങ്ങിയത് മൂന്ന് പേരെങ്കിലും മരണമടഞ്ഞ ഈ സ്ഫോടനം ഒരു ട്രക്ക് ബോംബ് ഉപയോഗിച്ച് നടത്തിയതാണെന്ന് റഷ്യ പ്രതികരിക്കുമ്പോഴും അതിന്റെ ഉത്തരവാദിത്തം ആർക്കെന്ന് അവർ പറയുന്നില്ല. എന്നാൽ, റഷ്യൻ പിന്തുണയുള്ള ക്രീമിയൻ പ്രാദേശിക പാർലമെന്റ് ഈ ആക്രമണത്തിനു പിന്നിൽ യുക്രെയിൻ ആണെന്ന് ആരോപിച്ചിട്ടുണ്ട്. പുടിന്റെ എഴുപതാം പിറന്നാളിന്റെ പിറ്റേന്ന്, ഇന്നലെ അതിരാവിലെയാണ് സ്ഫോടനം അരങ്ങേറിയത്.
പാലത്തിൽ കൂടുതൽ കർശനമായ സുരക്ഷയൊരുക്കിക്കൊണ്ടാണ് പുടിൻ പക്ഷെ ഈ ആക്രമണത്തോട് പ്രതികരിച്ചത്. പാലത്തിന്റെ സുരക്ഷയുടെ ചുമതല എഫ് എസ് ബിക്കായിരിക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചു. തെക്കൻ യുക്രെയിനിൽ നിന്നും കിഴക്കൻ യുക്രൈനിൽ നിന്നും പിൻവാങ്ങാൻ നിർബന്ധിതമായ റഷ്യൻ സേനക്ക് ഏറ്റ മറ്റൊരു തിരിച്ചടിയാണ് കെർച്ച് ബ്രിഡ്ജിലെ സ്ഫോടനം. ഇത് ഭാഗികമായി തകർന്നതായി ചിത്രങ്ങളിൽ കാണുന്നു.
2018-ൽ പുടിൻ തന്നെയായിരുന്നു ഈ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്ന് റഷ്യൻ മാധ്യമങ്ങളിലെ സുപ്രധാന വാർത്തയായിരുന്നു അത്. അതിനിടയിൽ റഷ്യയിലെ ക്രാസ്നോഡർ മേഖലയിലെ സമിർ യുസുബോവ് എന്ന 25 കാരന്റെതാണ് പാലത്തിൽ സ്ഫോടനത്തിനു കാരണമായ ട്രക്ക് എന്ന് റഷ്യൻ നിയമപാലകർ കണ്ടെത്തി എന്ന് അവകാശപ്പെടുന്നുണ്ട്. ആരായിരുന്നു ആ ട്രക്ക് ഓടിച്ചിരുന്നത് എന്ന കാര്യം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, സ്ഫോടനം നടക്കുന്നതിനു മുൻപായി പാലത്തിന്റെ അടിയിൽ ഉയർന്ന അസാധാരണമായ തിരമാല പാലം തകർത്തത് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചോ അല്ലെങ്കിൽ ഡ്രോൺ ഉപയോഗിച്ചോ ആകാം എന്ന സംശയം ഉയർത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആ പാലം തകർക്കും എന്ന് യുക്രെയിൻ സൈനിക കേന്ദ്രങ്ങൾ ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. മാത്രമല്ല, പാലത്തെലെ സ്ഫോടനത്തെ പ്രകീർത്തിച്ചുകൊണ്ട് ചില ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കീവ് ഔദ്യോഗികമായി ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
അതേസമയം, സെലെൻസ്കിയുടെ അടുത്ത ഒരു അനുയായി പറഞ്ഞത് അധികമാർക്കും ഇത്തരത്തിൽ വിലകൂടിയ ജന്മദിന സമ്മാനം ലഭിക്കാറില്ല എന്നും, പുടിൻ അതിനാൽ തന്നെ സന്തോഷവാനായിരിക്കും എന്നുമാണ്. ഖെർസൺ ലക്ഷ്യമാക്കി യുക്രെയിൻ സൈന്യം മുന്നേറുന്ന സാഹചര്യത്തിൽ ഈ ആക്രമണം റഷ്യക്ക് കനത്ത തിരിച്ചടി തന്നെയാണ്. റഷ്യൻ സൈന്യത്തിന് ആയുധങ്ങളും ഭക്ഷണവും ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ എത്തിക്കുന്നതിൽ ഇനി ഏറെ കഷ്ടപ്പെടേണ്ടി വരും.
പാലത്തിന്റെ ഒരു ഭാഗം കടലിൽ മുങ്ങിതാഴ്ന്നു മാത്രമല്ല ഒരു ട്രെയിനിൽ ഉണ്ടായിരുന്ന ഏഴ് ഓയിൽ ടാങ്കറുകൾക്ക് തീപിടിക്കുകയും ചെയ്തു. അടുത്ത രണ്ടാഴ്ച്ചത്തേക്ക് ആവശ്യമായ ഇന്ധനം സംഭരിച്ചിട്ടുണ്ട് എന്ന് റഷ്യ അവകാശപ്പെടുമ്പോഴും, ക്രീമിയയിൽ ഇന്ധനത്തിനായി വൻ ക്യു രൂപപ്പെടുകയാണ്. കരിങ്കടലിനേയും അസോവ് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കെർച്ച് കടലിടുക്കിന് കുറുകെ പണിത പാലം 2018- ൽ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലവുമാണിത്.
റോഡ്, റെയിൽ ഗതാഗതങ്ങൾക്ക് സൗകര്യമുള്ള പാലത്തിലെ റോഡ് ഉള്ള ഭാഗം തകർന്നിട്ടുണ്ട്. അത്യാവശ്യമുള്ള അറ്റകുറ്റപ്പണികൾ തീർത്ത ശേഷം റെയിൽ ഗതാഗതം ഉടനടി പുനരാരംഭിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ