ഇസ്ലാമാബാദ്: ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് സഹായം എത്തിച്ചു നൽകിയതിലും തനിനിറം കാട്ടി പാക്കിസ്ഥാൻ. കഴിഞ്ഞവർഷം ഉണ്ടായ പ്രളയത്തിൽ പാക്കിസ്ഥാനെ സഹായിക്കാനായി തുർക്കി നൽകിയ സാധനങ്ങൾ തന്നെയാണ് പാക്കിസ്ഥാൻ തിരിച്ചു തുർക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദ് ആരോപിച്ചു. തുർക്കിയിലെ ദുരിതബാധിതരോട് പോലും പാക്കിസ്ഥാൻ കാണിച്ച നെറികേടാണ് ഷാഹിദ് മസൂദ് തുറന്നുകാട്ടിയത്.

സേനയുടെ സി 130 വിമാനങ്ങളിൽ തുർക്കിയിലേക്ക് പാക്കിസ്ഥാൻ അടിയന്തര സഹായങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഈ സാധനങ്ങൾ എല്ലാം തുർക്കി പാക്കിസ്ഥാന് നൽകിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ തുർക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെട്ടു വരികയാണെന്ന് പാക്കിസ്ഥാൻ സർക്കാർ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവർത്തകൻ രംഗത്തുവന്നത്.

കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുർക്കി സന്ദർശിച്ചിരുന്നു. അങ്കാറയിലെത്തിയ ഷെഹബാസ്, ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇതിന് പിന്നാലെയാണ്, പാക്കിസ്ഥാന്റെ നയതന്ത്ര മേഖലയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ രംഗത്തെത്തിയത്.

2022-ൽ പാക്കിസ്ഥാനിൽ പ്രളയം ഉണ്ടായപ്പോൾ തുർക്കി നൽകിയ അവശ്യ വസ്തുക്കളാണ് തിരിച്ച് ഭുകമ്പ ബാധിതർക്കായി പാക് സർക്കാർ അടിയന്തര സഹായം എന്നപേരിൽ അയച്ച് നൽകിയത്. അന്ന് കൃത്യമായി വിതരണം ചെയ്യാതെ ഗോഡൗണുകളിൽ കെട്ടികിടന്ന വസ്തുക്കൾ മനോഹരമായി പാക്കറ്റുകളിലാക്കിയാണ് തുർക്കിയിലേക്ക് അയച്ചത്. ഭക്ഷ്യ വസ്തുക്കൾ അടക്കം ഇതിൽ ഉൾപ്പെടും.

പാക്കിസ്ഥാന്റെ സി-130 വിമാനത്തിലാണ് അവശ്യ വസ്തുക്കൾ എന്ന പേരിൽ പഴകിയ വസ്തുക്കൾ തുർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽ എത്തിച്ചത്. ഉപയോഗ ശൂന്യമായ വസ്തുക്കളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുർക്കി സർക്കാർ ഇവ പാക്കിസ്ഥാനിലേക്ക് തന്നെ തിരികെ എത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുൻകൈ എടുത്താണ് തുർക്കിയിലേക്ക് അവശ്യ വസ്തുക്കൾ എന്ന പേരിൽ പഴകിയ ഉപയോഗ ശൂന്യമായ വസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചതെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആക്ഷേപം.