ഷ്യൻ അധിനിവേശം തുടങ്ങിയതിൽ പിന്നെ റഷ്യക്ക് ഏറെ വിനാശകരമായ ഒരു ദിനമായിരുന്നു ശനിയാഴ്‌ച്ച എന്നവകാശപ്പെട്ട് യുക്രെയിൻ രംഗത്ത് എത്തി. അന്നേ ദിവസം 24 മണിക്കൂറിനുള്ളിൽ 1090 റഷ്യൻ സൈനികരെ വകവരുത്തി എന്നാണ് യുക്രെയിൻ സേന അവകാശപ്പെടുന്നത്. ഇതിനു മുൻപ് റഷ്യയ്ക്ക് ഏറ്റവും അധികം സൈനികരെ നഷ്ടപ്പെട്ടത് ഫെബ്രുവരി 7 ന് ആയിരുന്നു. അന്ന് 1030 റഷ്യൻ സൈനികരാണ് വധിക്കപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ബാഖ്മറ്റ് പിടിച്ചെടുക്കുന്നതിനുള്ള യുദ്ധം ശക്തമാകുന്നതിനിടയിൽ റഷ്യയ്ക്ക് കനത്ത നഷ്ടം ഏൾക്കേണ്ടി വരുന്നതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എട്ടോളം ടാങ്കുകളും, ഏഴ് കവചിത വാഹനങ്ങളും നാല് ആർട്ടില്ലറി ഗണ്ണുകളും നാല് വ്യോമ പ്രതിരോധ സംവിധാനങ്ങളും റഷ്യക്ക് നഷ്ടപ്പെട്ടതായി അവർ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കിഴക്കൻ യുക്രെയിനിലെ ഒരു പട്ടണത്തിൽ റഷ്യ തെർമൈറ്റ് റെയിൻ ബോംബുകൾ വർഷിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ചെറിയ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പോലും അതി കഠിനമായ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. തെർമൈറ്റ് ബോംബുകൾ സാധാരണക്കാർക്ക് നേരെ പ്രയോഗിക്കുക എന്നത് ഒരു യുദ്ധക്കുറ്റമായാണ് കണക്കാക്കപ്പെടുന്നത്.

കിഴക്കൻ യുക്രെയിനിലെ ഡോണ്ടെസ്‌ക് മേഖലയിലുള്ള വുളേഡർ പട്ടണത്തിനു നേരെയായിരുന്നു തെർമൈറ്റ് ബോംബുകളുമായി പുടിന്റെ സൈന്യം ആക്രമണം നടത്തിയത്. നാപാം ബോംബുകളെ പോലെ തന്നെ അതീവ പ്രഹരശേഷിയുള്ള ഇത്തരം ബോംബുകൾ സൈനിക ആസ്ഥാനങ്ങൾക്കും സംവിധാനങ്ങൾക്കും നേരെയാണ് സാധാരണയായി പ്രയോഗിക്കാറുള്ളത്.

അതിനിടയിൽ തെക്കൻ യുക്രെയിനിലെ ഖെർസണിൽ റഷ്യ നടത്തിയ ഷെൽ വർഷത്തെ മൂന്ന് സാധാരണക്കാർ മരിച്ചതായി പ്രസിഡണ്ട് വൊളോഡിമർ സെലെൻസ്‌കി അറിയിച്ചു. ഡോണ്ടെസ്‌ക് -ഖെർസൺ മേഖലകളിലായി ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. മറ്റ് ഏഴുപേർക്ക് അതീവ ഗുരുതരമായ പരിക്കുകൾ ഉണ്ട്. അതേസമയം, നിരവധി യുക്രെയിൻ സൈനികരെ വധിക്കാൻ ആയതായി റഷ്യയും അവകാശപ്പെടുന്നു.

ബാഖ്മട്ടിൽ മാത്രം 221 റഷ്യൻ അനുകൂല സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ സൈനിക വക്താവ് അവകാശപ്പെടുന്നു. അതേസമയം 210 യുക്രെയിൻ സൈനികർ ഡോണ്ടെസ്‌കിൽ വധിക്കപ്പെട്ടതായി റഷ്യൻ സൈനിക വക്താവും അവകാശപ്പെടുന്നുണ്ട്. അതിനിടയിൽ ബാഖ്മട്ട് പിടിക്കുവാനുള്ള റഷ്യൻ ശ്രമം എങ്ങും എത്തിയിട്ടില്ലെന്ന് പാശ്ചാത്യ യുദ്ധവിശാരദന്മാർ പറയുന്നു. റഷ്യൻ സൈന്യത്തോടൊപ്പം, പുടിന്റെ നിയന്ത്രണത്തിലുള്ള വാഗ്നാർ സേനയും അവിടെ യുദ്ധം ചെയ്യുന്നുണ്ടെങ്കിലും പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ കൈവരിക്കാനായിട്ടില്ല.

നഗരത്തിന്റെ കിഴക്കൻ മേഖലയുടെ നിയന്ത്രണം ഇതിനോടകം വാഗ്നാർ കൈക്കലാക്കിയിട്ടുണ്ട്.. മുന്നേറ്റ ശ്രമത്തിനിടയിൽ അവർ നഗരത്തിന്റെ മധ്യ മേഖലയിൽ കടുത്ത ആക്രമണം അഴിച്ചു വിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. നഗരത്തെ വിഭജിച്ചു കൊണ്ടൊഴുകുന്ന നദിക്ക് മീതെയുള്ള പാലം യുക്രെയിൻ സൈന്യം തകർത്തതിനാൽ വാഗ്നാർ സേനയുടെ മുന്നേറ്റം തടസ്സപ്പെട്ടിരിക്കുകയാണ്.