തെക്ക് പടിഞ്ഞാറൻ റഷ്യയിലെ വൊറോണെഷ് നഗരത്തിൽ ഉഗ്ര സ്ഫോടനം നടന്നതായി ട്വിറ്റർ ലൈവിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു. അവിടെ ആക്രമണം നടക്കുകയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുക്രെയിൻ എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് ഈ റിപ്പോർട്ട് വരുന്നത്. ഒരു സ്ഫോടനത്തിന്റെയും ആകാശത്ത് പ്രകാശം മിന്നുന്നതിന്റെയും ചിത്രം കൂടെ നൽകിയിട്ടുമുണ്ട്. എന്നാൽ, ഈ ചിത്രത്തിന്റെ വിശ്വാസ്യത മൂന്നാമതൊരു വ്യക്തിയോ ഏജൻസിയോ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല.

റഷ്യയിലെ വൊറോണെഷ് നിവാസികൾ ഒരു ഉഗ്രൻ സ്ഫോടനം കേട്ടതായി പറയുന്നു എന്നായിരുന്നു ട്വീറ്റ്. വൊറോണെഷിൽ ആക്രമണം നടക്കുകയാണെന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്. വൊറോണെഷിലെ ആണവ സംഭരണ കേന്ദ്രം വാഗ്നാർ സൈന്യൂംപിടിച്ചെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. തികച്ചും സ്വതന്ത്രമായ നിലപാടുകൾ എടുക്കുന്നു എന്ന് അവകാശപ്പെടുന്ന മറ്റൊരു ട്വിറ്റർ അക്കൗണ്ടിലും ഈ ചിത്രങ്ങൾ വന്നിട്ടുണ്ട്.

എന്നാൽ, ഇതിൽ പറയുന്നത്, വൊറോണെഷിന്റെ ആകാശത്ത് വെച്ച് ഒരു ശത്രു വിമാനത്തെ സൈന്യം വെടിവെച്ചിട്ടതാണ് എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ജൂണിൽ മോസ്‌കോ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് പിന്മാറിയ വാഗ്നാർ സൈന്യത്തിലെ ഒരു വിഭാഗം വൊറോണെഷ് ലക്ഷ്യമാക്കി നീങ്ങുന്നതായും ആണവായുധ സംഭരണ ശാലയുടെ നിയന്ത്രണം ഏറ്റെടുത്തതായും ചില റിപ്പോർട്ടുകൾ ഈ ആഴ്‌ച്ച ആദ്യം വന്നിരുന്നു.

യുക്രെയിൻ മിലിറ്ററി ഇന്റലിജൻസ് തലവൻ കൈറിലോ ബുഡനോവ് റോയിറ്റേഴ്സിനോട് പറഞ്ഞത് പഴയ സോവിയറ്റ് കാലഘട്ടത്തിലെ ആണവായുധങ്ങൾ കൈക്കലാക്കുക എന്നതാണ് വാഗ്നാർ സൈന്യത്തിന്റെ ലക്ഷ്യം എന്നായിരുന്നു. അവർ സംഭരണ ശാലക്ക് അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ നടന്ന സ്ഫോടനത്തിന് വാഗ്നാർ സൈന്യവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഒരു തരത്തിലുള്ള തെളിവുകളും ലഭ്യമായിട്ടില്ല.

അതേസമയം, മറ്റൊരു രാഷ്ട്രത്തിനല്ലാതെ, ഒരു കൂലി പട്ടാളത്തിനൊന്നും റഷ്യൻ ആണവ സുരക്ഷ ഭേദിക്കാൻ സാധ്യമല്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ഉറപ്പിച്ചു പറയുന്നു. വൊറോണെഷിൽ തടവുപുള്ളികളെ താമസിപ്പിക്കുന്ന ഒരു പ്രിസൺ കോളനിയും ഉണ്ട്. റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ എതിർത്ത 119 പേരെ ഇവിടെയാണ് തടവിൽ താമസിപ്പിച്ചിരിക്കുന്നത്.