- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോസ്‌കോ ഏത് സമയത്തും ആക്രമിക്കപ്പെട്ടെക്കാം എന്നതിന്റെ സൂചനയോ? യുക്രെയിൻ ആദ്യമായി റഷ്യയിൽ മിസൈൽ ആക്രമണം നടത്തി; ഭീകര പ്രവർത്തനം എന്ന് ആരോപിച്ച് റഷ്യ; റഷ്യ യുക്രെയിൻ യുദ്ധം പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ
റഷ്യയിലെ റോസ്റ്റൊവ് മേഖലയിലുൾല ടഗാൻരോഗ് നഗരത്തിൽ നടന്ന ഉഗ്ര സ്ഫോടനത്തിനു പിന്നിൽ യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചു. ഇന്നലെ, ജൂലായ് 28 ന് ആയിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു റെസ്റ്റോറന്റിനും തൊട്ടടുത്തുള്ള മ്യുസിയത്തിനും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി സംഭവസ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മൈലുകൾക്കപ്പുറം വരെ കേട്ടു എന്ന് പറയപ്പെടുന്ന സ്ഫോടനത്തിന്റെ ഉഗ്രശബ്ദം ഉൾക്കൊള്ളുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ ജനലുകളും മറ്റും തകർന്നിട്ടുണ്ട്. റോഡിൽ നിറയെ ലോഹ കഷ്ണങ്ങൾ പരന്ന് കിടക്കുകയുമാണ്. അടുത്തുള്ള പല കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ ചില കാറുകളും കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ അകപ്പെട്ടു. മിസൈൽ ആക്രമണമാണെന്ന് ആരോപിക്കപ്പെടുന്ന ഈ സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീവ്രവാദി ആക്രമണമാണെന്ന് റഷ്യ ആരോപിക്കുമ്പോൾ യുക്രെയിൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ ഒരു എസ് 200 മിസൈലാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. തകർന്നടിഞ്ഞ ചെഖോവ് ഗാർഡൻ റെസ്റ്റോറന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാ സേന തിരച്ചിൽ തുടരുന്നുണ്ട്. ഈ റെസ്റ്റോറന്റ് സ്ഫോടനത്തിൽ പാടെ തകർന്നിരുന്നു.
മറ്റൊരു മിസൈൽ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നശിപ്പിച്ചതായി റോസ്റ്റോവ് ഗവർണർ പറഞ്ഞു. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഗവർണർ നൽകിയില്ല. യുക്രെയിൻ അതിർത്തിയിൽ നിന്നും 40 കിലോമീറ്ററോളം മാറി അസോവ് കടൽത്തീരത്താണ് ടഗൻരോഗ് നഗരം സ്ഥിതി ചെയ്യുന്നത്.
അതിനിടയിൽ മോസ്‌കോക്ക് സമീപത്ത് വച്ച് ഒരു യുക്രെയിൻ ഡ്രോൺ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ തലസ്ഥാനത്ത് ഈ മാസം വെടിവെച്ചിടുന്ന മൂന്നാമത്തെ ഡ്രോണാണിത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച രണ്ട് ഡ്രോണുകളായിരുന്നു റഷ്യൻ തലസ്ഥാനത്തെ ആക്രമിച്ചത്. അതിലൊന്ന് നഗര ഹൃദയത്തിലുള്ള പ്രതിരോധ മന്ത്രാലയത്തിന് സമീപമായിരുന്നു വീണത്. മറ്റേ ഡ്രോൺ തെക്കൻ മോസ്‌കോയിലെ ഒരു ഓഫീസ് കെട്ടിടത്തിൽ ഇടിച്ച് കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
ഡ്രോൺ വെടിവെച്ചിട്ടത് എവിടെയാണെന്ന വിശദാംശം പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയില്ലെങ്കിലും, സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധം 18-ാം മാസത്തിലേക്ക് കടക്കുമ്പോൾ, മോസ്‌കോ ഏത് സമയത്തും ആക്രമിക്കപ്പെട്ടെക്കാം എന്നതിന്റെ സൂചനയാണ് ഈ ആക്രമണം. ഒപ്പം റഷ്യൻ പ്രതിരോധത്തിന്റെ ദൗർബല്യവും ഇത് എടുത്തു കാണിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ