- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗസ്സ പിടിച്ചെടുക്കാനോ ഗസ്സയിൽ തുടരാനോ താൽപര്യമില്ല; ഫലസ്തീനികളെ ഭരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല; നിലനിൽപ്പിനായി ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം'; ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇസ്രയേൽ
ന്യൂയോർക്ക്: ഗസ്സയിൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്ന ഇസ്രയേലിന് അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി യുഎന്നിലെ ഇസ്രയേൽ സ്ഥാനപതി. ഗസ്സ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ലെന്നും അതേ സമയം ഹമാസിനെ ഇല്ലാതാക്കാൻ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ അംബാസിഡർ ഗിലാഡ് എർദാൻ പറഞ്ഞു.
'ഞങ്ങൾക്ക് ഗസ്സ പിടിച്ചെടുക്കാനോ ഗസ്സയിൽ തുടരാനോ താൽപര്യമില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ നിലനിൽപ്പിനായി പോരാടുന്നതിനാൽ, ബൈഡൻ അഭിപ്രായപ്പെട്ടതുപോലെ ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാർഗം, അതിനാൽ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും' ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേൽ സ്ഥാനപതി സി.എൻ.എന്നിനോട് പ്രതികരിച്ചു.
സംഘർഷം അവസാനിച്ചതിന് ശേഷം ഗസ്സയിൽ തുടരാൻ തങ്ങൾക്ക് താത്പര്യമില്ലെന്നും യുഎസിലെ ഇസ്രയേൽ സ്ഥാനപതി മൈക്കൽ ഹെർസോഗും വ്യക്തമാക്കി. 'ഗസ്സ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ഞങ്ങൾക്ക് ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളെ ഭരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല' അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഒരു ഭാഗത്ത് കരയുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ഗസ്സയിൽ കഴിഞ്ഞ രാത്രിയിലും ഇസ്രയേൽ വലിയ രീതിയിൽ വ്യോമാക്രമണം നടത്തിയിരുന്നു.
ഗസ്സ അധിനിവേശത്തിന് ഇസ്രയേൽ തയ്യാറാടെക്കുന്നുവെന്ന സൂചനകൾക്കിടെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഹമാസ് ഫലസ്തീൻ ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്നില്ല. ഗസ്സയിൽ അധിനിവേശം നടത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ബൈഡൻ പറയുകയുണ്ടായി. ഇസ്രയേൽ സേന കരയുദ്ധത്തിന് ഒരുങ്ങുമ്പോഴാണു ബൈഡന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയം.
അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഗസ്സ പിടിച്ചെടുക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സിബിഎസ് വാർത്താ ചാനലിന്റെ അഭിമുഖത്തിൽ ചോദിച്ചപ്പോൾ, ''അതു വളരെ വലിയ അബദ്ധമാകുമെന്നാണു കരുതുന്നത്'' എന്നായിരുന്നു ബൈഡന്റെ മറുപടി. ''എല്ലാ ഫലസ്തീൻ ജനതയെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. ഫലസ്തീൻ യാഥാർഥ്യമാക്കുന്നതിനു വഴിയൊരുക്കേണ്ടതുമുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ്.'' ബൈഡൻ പറഞ്ഞു.
മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് യുഎസ്. ഗസ്സയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമായിരിക്കെ, ജാഗ്രത പുലർത്തണമെന്ന സന്ദേശമാണു ബൈഡൻ നൽകുന്നതെന്നാണു വിലയിരുത്തൽ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. തുടർന്ന് ഈജിപ്തിലേക്കുപോയ ബ്ലിങ്കൻ വീണ്ടും ഇസ്രയേലിലെത്തും. യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് യുഎസിന്റെ ശ്രമം.
അതിർത്തിനഗരമായ സ്‌ദെറോതിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതോടെ ഗസ്സയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചന. ഇസ്രയേൽ മന്ത്രിസഭ അടിയന്തരയോഗം ചേർന്നു. യുഎസ് പടക്കപ്പലുകളും ഗസ്സ അതിർത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി. ഗസ്സയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. തെക്കൻ ഗസ്സയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചതായി യുഎസ് അറിയിച്ചു.
ഇതിനിടെ റഫ അതിർത്തി വീണ്ടും തുറക്കുന്നതിനോട് അനുബന്ധിച്ച് തെക്കൻ ഗസ്സയിൽ വെടിനിർത്തലിന് യുഎസും ഇസ്രയേലും ഈജിപ്തും സമ്മതിച്ചതായി ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിർത്തി നിശ്ചിത സമയം മാത്രമേ തുറന്നിടുകയുള്ളൂവെന്നും യുഎസ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്