ഒട്ടോവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ ഡസൻ കണക്കിന് രാഷ്ട്രീയ നേതാക്കളെ 'തേജോവധം' ചെയ്യാൻ ചൈന ശ്രമിച്ചെന്ന് കാനഡ. വിദേശ രാജ്യങ്ങൾ സ്‌പോൺസർ ചെയ്യുന്ന തെറ്റായ വിവരങ്ങൾ നൽകുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് മെക്കാനിസം ഓഗസ്റ്റിൽ ബീജിംഗുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു 'സ്പമോഫ്‌ളാജ്' കാമ്പെയ്ൻ കണ്ടെത്തിയതായി ഗ്ലോബൽ അഫയേഴ്സ് കാനഡ ആരോപിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ളവരെ ചൈന ലക്ഷ്യമിട്ടെന്ന ആരോപണമാണ് കാനഡ ഉയർത്തിയിരിക്കുന്നത്.

കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്താനായി ഓൺലൈനുകളിൽ വ്യാപകമായി ചൈന സ്പാമൗഫ്‌ളേജ് പ്രചാരണം നടത്തിയെന്നാണ് കനേഡിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരിക്കുന്നത്. ബെയ്ജിംഗിനെതിരായ കാനഡയുടെ വിമർശനങ്ങളെ നിശബ്ദമാക്കാനാണ് ഈ പ്രചാരണം നടത്തിയതെന്നും മന്ത്രാലയം ആരോപിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.

ഖലിസ്ഥാൻ വാദിയായിരുന്ന ഹർദ്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലാവുകയും വിഷയത്തിൽ കാനഡ പ്രതിരോധത്തിലാകുകയും ചെയ്തതിന് പിന്നാലെയാണ് ചൈനയ്ക്ക് എതിരെ ഗുരുതര ആരോപണം കാനഡ ഉന്നയിച്ചിരിക്കുന്നത്.

ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടമാണെന്ന ആരോപണം ഉന്നയിച്ച് നേരത്തെ കാനഡ രംഗത്തെത്തിയിരുന്നു. ഇതിനെ ഇന്ത്യ ശക്തമായി എതിർത്തെങ്കിലും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പലതവണ ആരോപണം ഉന്നയിച്ചു. പിന്നാലെ ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളായി ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ നിർദ്ദേശ പ്രകാരം 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ഇന്ത്യയിൽ നിന്നും പിൻവലിച്ചു.

കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടെന്ന ആരോപണം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇതിനിടെ ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കാൻ ചൈന ബോധപൂർവ്വം ഹർദ്ദീപ് സിങ് നിജ്ജറിനെ കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് ചൈനീസ് മാധ്യമപ്രവർത്തകയുമായ ജെന്നിഫർ സെങ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്താൻ ചൈന സ്പാമൗഫ്‌ളേജ് പ്രചാരണം നടത്തിയെന്ന് കാനഡ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്.

സ്പാമൗഫ്‌ളേജ് പ്രചാരണം (spamouflage campaign) എന്നാൽ, ഒന്നിലധികം സാമൂഹിക മാധ്യമങ്ങളിലൂടെ ചില പ്രത്യേക ലക്ഷങ്ങൾ വച്ച് നിരന്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അത് വഴി സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിലേക്ക് തെറ്റായ സന്ദേശങ്ങൾ അവരറിയാതെ എത്തിക്കുകയും ചെയ്യുന്ന രീതിയാണ്. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ പുതിയതായി ചില അക്കൗണ്ടുകളുടെ ശൃംഖലകൾ തന്നെ ആരംഭിക്കുന്നു. ലക്ഷ്യം നേടിക്കഴിഞ്ഞാൽ ഇത്തരം അക്കൗണ്ടുകൾ നിശബ്ദമാകും.

സെപ്റ്റംബർ ആദ്യ വാരാന്ത്യത്തിലാണ് ഈ ക്യാമ്പൈൻ ശക്തമാക്കിയത്. കാനഡയുടെ രണ്ട് ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഈ ക്യാമ്പൈൻ ശക്തമാക്കിയിരുന്നു. ഇവയിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിക്കപ്പെട്ടത് കാനഡയിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു വിമർശകൻ കാനഡയിലെ വിവിധ രാഷ്ട്രീയക്കാർക്കെതിരെ ക്രിമിനൽ, ധാർമ്മിക ലംഘനങ്ങൾ ആരോപിച്ചതായി അഭിപ്രായപ്പെട്ട് കൊണ്ടുള്ള സന്ദേശങ്ങളായിരുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്‌ബുക്ക്, ട്വിറ്റർ (X). ഇൻസ്റ്റാഗ്രാം, യൂറ്റിയൂബ്, മിഡിയം, റെഡ്ഡിറ്റ്, ടിക്ടോക്ക്, ലിങ്ക്ഡിൻ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂ ഒരു ബോട്ട് നെറ്റ്‌വർക്ക് വഴിയാണ് ഇത്തരം പ്രചാരണങ്ങൾ ചൈന ശക്തമാക്കിയത്, ഓഗസ്റ്റിൽ ഹവായ് കാട്ടുതീയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. യുഎസ് സൈന്യത്തിന്റെ രഹസ്യ 'കാലാവസ്ഥാ ആയുധം' മൂലമാണ് കാട്ടുതീയുണ്ടായതെന്നായിരുന്നു പ്രചാരണം. ജസ്റ്റിൻ ട്രൂഡോയെ കൂടാതെ കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് പിയറി പോളിയെവ്രെയും ട്രൂഡോയുടെ മന്ത്രിസഭയിലെ നിരവധി അംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു വ്യാജ പ്രചാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.