- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; തെക്കൻ ഗസ്സയുടെ തീരമേഖലയിൽ നിലയുറപ്പിച്ച് സൈന്യം; റഫാ അതിർത്തി വഴി ഈജിപ്തിലേക്കു പരിക്കേറ്റവരെ കൊണ്ടു പോകുന്നതു പോലും മുടക്കി ബോംബ് വർഷം; സംഭാഷണം പോലും സാധ്യമാകാത്ത വിധം നെതന്യാഹു മാറിപ്പോകുമ്പോൾ
ഗസ്സ: ഗസ്സയിൽ ആക്രമണം രൂക്ഷം. ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തെക്കൻ ഗസ്സയുടെ തീരമേഖലയിൽ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചു. അതിനിടെ ഗസ്സയിൽ നിന്ന് വിദേശപാസ്പോർട്ട് ഉള്ളവരെയും പരുക്കേറ്റവരെയും റഫാ അതിർത്തി വഴി ഈജിപ്തിലേക്കു കൊണ്ടുപോകുന്നതു മുടങ്ങി. ഈ ദൗത്യത്തിലുണ്ടായിരുന്ന 2 ആംബുലൻസുകൾ ഇസ്രയേൽ ആക്രമിച്ചതോടെയാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്.
ഗസ്സയ്ക്കു നേരെ ആക്രമണം കടുപ്പിച്ചതിനൊപ്പം ഇസ്രയേൽ അധിനിവേശം സ്ഥാപിച്ച വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയും അറസ്റ്റും വ്യാപകമായി തുടരുന്നു. 46 ഫലസ്തീൻകാരെ അറസ്റ്റ് ചെയ്തു. തെക്കൻ ലെബനനിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി പോയ 2 ആംബുലൻസുകൾക്കു നേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 ആരോഗ്യപ്രവർത്തകർക്കു പരുക്കേറ്റു. ലെബനനുമായും യുദ്ധത്തിന് തയ്യാറാണെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം ഉടനൊന്നും തീരില്ലെന്ന് കൂടി വ്യക്തമാകുകയാണ്.
കഴിഞ്ഞ മാസം 7ന് യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ തങ്ങളുടെ 346 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഗസ്സയിലേക്കു കയറിയുള്ള ആക്രമണത്തിനിടെ മരിച്ചത് 32 സൈനികർ. ഇസ്രയേലിൽ ആകെ മരണം 1405. പരുക്കേറ്റവർ 5600. ഗസ്സയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയിൽ 17 ലക്ഷവും അഭയാർഥികളാണ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ഏജൻസിയുടെ സഹായത്തോടെ 8 ക്യാംപുകളാണു ഗസ്സയിലുള്ളത്. വടക്കൻ ഗസ്സയിലെ ജബാലിയ (1,16,000), തെക്കുള്ള റാഫ (1,33,000) എന്നിവിടങ്ങളിലെ ക്യാംപിലാണ് ഏറ്റവും കൂടുതൽ അഭയാർഥികളുള്ളത്.
ഗസ്സയെ ആണവബോംബിട്ടു നശിപ്പിക്കുകയെന്നതു നല്ലൊരു സാധ്യതയാണെന്ന് ഇസ്രയേലിലെ മന്ത്രി അമികായ് എലിയാഹു റേഡിയോ അഭിമുഖത്തിൽ പറഞ്ഞതു വൻവിവാദമായി. ആലങ്കാരികമായി പറഞ്ഞതാണെന്നു പിന്നീടു വിശദീകരിച്ചെങ്കിലും പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു മന്ത്രിയെ ഇനിയുള്ള യോഗങ്ങളിൽനിന്നു സസ്പെൻഡ് ചെയ്തു. മധ്യ ഗസ്സയിലെ അൽ ബുറെജിലുള്ള അഭയാർഥി ക്യാംപിനുനേരെ ഞായർ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമിക്കുന്ന മൂന്നാമത്തെ അഭയാർഥി ക്യാംപാണിത്.
ഹമാസ് ഭീകരർ എല്ലായിടത്തും ഉണ്ടെന്ന വാദമുയർത്തിയാണ് ഇസ്രയേൽ ആക്രമണങ്ങൾ. നേരത്തേ അൽ മഗസി, ജബാലിയ ക്യാംപുകളിലെ ആക്രമണത്തിൽ 50ൽ ഏറെ പേർ കൊല്ലപ്പെട്ടിരുന്നു. ബുറെജിലെ ക്യാംപിൽ 46,000 ഫലസ്തീൻ അഭയാർഥികളാണുള്ളത്. ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 9770 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 4008 പേർ കുട്ടികളാണ്. 26,000 പേർക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്ക് മേഖലയിൽ 152 പേർ കൊല്ലപ്പെട്ടു, 2100 പേർക്കു പരുക്കേറ്റു.
യുദ്ധത്തിനിടെ മേഖലയിൽ രണ്ടാമത്തെ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെസ്റ്റ് ബാങ്കിലെ റമല്ലയിൽ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ചർച്ച ഒരു മണിക്കൂറിനകം അവസാനിച്ചു. ചർച്ചയ്ക്കു ശേഷം പതിവുള്ള സംയുക്തപ്രസ്താവന ഉണ്ടായില്ല. ഗസ്സയിലേതു വംശഹത്യയാണെന്നും വെടിനിർത്തൽ ഉടൻ വേണമെന്നും മഹമൂദ് അബ്ബാസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവർത്തിച്ചു. എന്നാൽ ഇത് അമേരിക്ക അംഗീകരിച്ചില്ല.
അതേസമയം, യുദ്ധം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നുആയി ഉയർന്നു. ഇതിൽ 3900ലേറെ പേർ കുട്ടികളാണ്. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. ആയിരക്കണക്കിന് നിരപരാധികളുടെ ശ്മശാനഭൂമിയായി ഗസ്സ മാറിയെന്ന് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുവായ വെടിനിർത്തലിനെ യു.എസ്. അനുകൂലിക്കുന്നില്ലെങ്കിലും സംഘർഷത്തിന് അയവുവരുത്തണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ബന്ദികളെ വിട്ടുകിട്ടാതെ ആക്രമണം നിർത്തില്ലെന്നാണ് നെതന്യാഹുവിന്റെ പക്ഷം.
ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളിൽ രോഷമറിയിച്ച് തുർക്കി ഇസ്രയേലിൽനിന്ന് അംബാസഡറെ തിരികെ വിളിച്ചു. സംഭാഷണം പോലും സാധ്യമാകാത്ത വിധം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാറിപ്പോയെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ അഭിപ്രായപ്പെട്ടു. ലാറ്റിനമേരിക്കൻ രാജ്യമായ ഹോണ്ടുറാസും അംബാസഡറെ തിരികെ വിളിച്ചു.
മറുനാടന് മലയാളി ബ്യൂറോ