- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ-അമേരിക്ക സംയുക്ത ശ്രമം; കൊളംബോ തുറമുഖ വികസനത്തിനായി അദാനി ഗ്രൂപ്പിന് 4600 കോടിയുടെ ധനസഹായവുമായി യുഎസ്
കൊളംബോ: ശ്രീലങ്കയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാൻ അദാനി ഗ്രൂപ്പിന് വൻ സാമ്പത്തിക സഹായവുമായി അമേരിക്ക. കൊളംബോയിലെ തുഖറമുഖ വികസനത്തിനായി 553 ദശലക്ഷം (4600 കോടി )ഡോളറാണ് ഇന്റർനാഷണൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ വഴി നൽകുന്നത്. കഴിഞ്ഞ വർഷം സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് തുടക്കമിട്ട ശ്രീലങ്കയിലെ ചൈനയുടെ തുറമുഖ -ദേശീയ പാത പദ്ധതികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെയും, ഇന്ത്യയുടെയും ശ്രമങ്ങളുടെ ഭാഗമാണ് ധനസഹായം.
ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡെൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ ക്ഷീണമുണ്ടാക്കിയ അദാനി ഗ്രൂപ്പിന് അമേരിക്കയുടെ ധനസഹായം പ്രതിച്ഛായ മെച്ചപ്പെടുത്താനും സഹായിക്കും. കൊളംബോയിലെ ആഴക്കടൽ കണ്ടെയിനർ ടെർമിനൽ ഏഷ്യയിലെ യുഎസ് സർക്കാരിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതി കൂടിയാണ്. പദ്ധതി ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്കും, ഇരുരാജ്യങ്ങളുടെയും മുഖ്യസഖ്യകക്ഷിയായ ഇന്ത്യയുമായുള്ള പ്രാദേശിക സാമ്പത്തിക സമന്വയത്തിനും നിർണായകമാകുമെന്ന് ഡിഎഫ് സി പ്രസ്താവനയിൽ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിൽ കൂടുതൽ വികസന പദ്ധതികളിൽ മുഴുകാനുള്ള യുഎസ് പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് കൊളംബോ തുറമുഖത്തിലെ നിക്ഷേപമെന്നും യുഎസ് അധികൃതർ പറയുന്നു. അതേസമയം, കഴിഞ്ഞ വർഷാവസാനം ചൈന ശ്രീലങ്കയിൽ 2.2 ബില്യൻ ഡോളറാണ് നിക്ഷേപം ഇറക്കിയത്. ശ്രീലങ്കയുടെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപക രാജ്യമാണ് ശ്രീലങ്ക. ചൈനയുടെ കടക്കണി നയതന്ത്രത്തിന്റെ ഭാഗമാണ് ശ്രീലങ്കയിലെ അധികം ഉപയോഗിക്കാത്ത ഹംബൻതോട്ട തുറമുഖത്തിലെ നിക്ഷേപമെന്ന് യുഎസ് പരസ്യമായി വിമർശിച്ചിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നാണ് കൊളംബോ. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ സാമീപ്യമാണ് അതിനുകാരണം. പകുതിയിലധികം കണ്ടെയിനർ കപ്പലുകളും കടന്നുപോകുന്നത് ആ വഴി.
തങ്ങളുടെ സ്പോൺസർമാരായ ജോൺ കീൽസ് ഹോൾഡിങ്സും, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡുമായി ചേർന്ന് പ്രവർത്തിക്കുന്നത് അവരുടെ പ്രാദേശിക പരിചയവും, ഉന്നത നിലവാരവും കണക്കെിലെടുത്താണെന്ന് ഡിഎഫ് സി പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കാലത്താണ് ഡിഎഫ്സിക്ക് തുടക്കമിട്ടത്. അമേരിക്കൻ വിദേശ നയ ലക്ഷ്യങ്ങൾ നേടുന്നതിനൊപ്പം വികസ്വര രാജ്യങ്ങളെ സഹായിക്കാൻ കൂടി നോട്ടമിട്ടാണ് ഇന്റർനാഷണൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ രൂപീകരിച്ചത്. കോവിഡ് കാലത്തെ മാന്ദ്യത്തിന് ശേഷം സമീപകാലത്ത് ഡിഎഫ്സി പ്രവർത്തനം കൂടുതൽ ഉഷാറാക്കിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ