- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമറോൺ അകത്തേക്കും സ്യുവേല പുറത്തേക്കും; വമ്പൻ രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് ബ്രിട്ടൻ സാക്ഷിയാകാൻ കാരണം സ്യുവേലയുടെ വാ വിട്ട വാക്കുകൾ; സുനകിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിൽ എതിരാളികളും പകച്ചു പോയ ദിവസം; യുകെയിൽ സംഭവിച്ചത്
ലണ്ടൻ: അകത്തു നിന്ന ആൾ പുറത്തേക്കും പുറത്തു നിന്ന ആൾ അകത്തേക്കും. ഇന്നലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സംഭവിച്ചത് അതാണ്. എന്നാൽ പുറത്തേക്കു പോയ ആൾ വീണ്ടും അകത്തെത്താൻ ശ്രമിക്കുന്നതും അകത്തെത്തിയ ആൾ കൂടുതൽ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതുമാകും ഇനിയുള്ള നാളുകളിലെ കാഴ്ച. തികച്ചും അപ്രതീക്ഷിതം ആയിരുന്നില്ല ആഭ്യന്തര സെക്രട്ടറി സ്യുവേലയുടെ പുറത്തേക്കുള്ള പോക്ക്. ഏതാനും ദിവസമായി ടോറി നേതൃത്വം അവർക്ക് സൂചനകൾ നൽകിയതാണെങ്കിലും അവർ സ്വാഭാവിക കടുംപിടുത്തം തുടർന്നു. ഒടുവിൽ വഴികൾ ഇല്ലാതെ പിടിച്ചു പുറത്താക്കുന്നത് കണ്ടു നിൽക്കേണ്ട ഗതികേടും.
ഏതാനും ആഴ്ചകളായി ഫലസ്തീൻ സംഘർഷത്തിൽ സ്വകാര്യമായി പറയേണ്ട പലതും പരസ്യമായി പറഞ്ഞാണ് സ്യുവേല എതിർപ്പ് വിളിച്ചു വരുത്തിയത്. ടോറി നേതൃ നിരയിൽ ഫലസ്തീൻ വിഷയത്തിൽ ഏറ്റവും ശക്തമായി ഉയർന്ന ശബ്ദമാണ് ഇപ്പോൾ പുറത്താകുന്നത്. യുദ്ധസ്മാരകത്തിൽ കൈവയ്ക്കുന്ന ഫലസ്തീൻ പിന്തുണക്കാരുടെ കാലുകൾ നിലത്തു കുത്തുന്നത് ജയിലിൽ ആയിരിക്കണമെന്ന അത്യന്തം തീവ്രതയാർന്ന വാക്കുകൾ വരെ ഉപയോഗിക്കാൻ സ്യുവേല മടി കാട്ടിയിരുന്നുമില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം ടൈംസ് പത്രത്തിൽ എഴുതിയ പൊലീസുകാരെക്കുറിച്ചുള്ള പരാമർശമാണ് അവരുടെ കസേര ഇളക്കാൻ കാരണമായത്. പൊലീസുകാരിൽ ഒരു വിഭാഗം ഫലസ്തീൻ വിഷയത്തിൽ സർക്കാരിന്റേത് അല്ലാത്ത നിലപാട് സ്വീകരിക്കുന്നു എന്നാണ് സ്യുവേല ലേഖനം എഴുതിയത്. ഇതോടെ ശക്തമായ വിമർശമാണ് അവർക്കു നേരെ ഉണ്ടായത്. ലിസ് ട്രസിന്റെ കൂടെ ആഭ്യന്തര സെക്രട്ടറി ആയിരിക്കുമ്പോഴും ഇമെയിൽ ചോർച്ചയുടെ പേരിലും സ്യുവേലക്ക് രാജി വയ്ക്കേണ്ടി വന്നതുമായി കൂട്ടിയിണക്കുമ്പോൾ മന്ത്രിക്കസേര അവർക്കു വാഴില്ല എന്ന ധ്വനിയാണ് ഇപ്പോൾ മാധ്യമങ്ങൾ ഉയർത്തുന്നത്. എന്നാൽ പുറത്തു പോയ സ്യുവേല കൂടുതൽ ശല്യക്കാരിയായി ടോറികൾ വിഷമിപ്പിക്കും എന്ന് അവർ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കാണ് നീങ്ങുന്നതും എന്ന സൂചനയും ലഭ്യമാണ്
അതിനിടെ പുറത്തു പോയ സ്യുവേല ഋഷിക്കൊപ്പം കയ്യിൽ കിട്ടിയ ഒരു വർഷവും 18 ദിവസവും സമയം കൊണ്ട് തീവ്ര വലതു പക്ഷ നിലപാടുള്ളവരെ ഏറെ സന്തോഷിപ്പിച്ചാണ് പടിയിറങ്ങുന്നത്. ബാരിസ്റ്റർ ആയ 43 ാരിക്ക് ഉറച്ച നിലപാടുകൾ ഉള്ള വനിതാ എന്ന ഇമേജും കൂടിയാണ് മന്ത്രിസ്ഥാനം നൽകിയത്. കുടിയേറ്റത്തെ പുറത്തു നിർത്താൻ ആവുന്നതൊക്കെ ചെയ്ത നേതാവ് എന്ന ലേബലാണ് ഇപ്പോൾ സ്യുവേലക്ക് ഒപ്പം ഉള്ളത്. മലയാളികൾ അടക്കം വിദ്യാർത്ഥി വിസക്കാർ പഠനകാലത്തെ യുകെയിൽ കുടിയേറാനുള്ള അവസരമാക്കി മാറ്റുന്നു എന്ന് വിധിയേഴുതിയ അവർ അടുത്ത ജനുവരി മുതൽ ഉള്ള പ്രവേശനത്തിൽ കുടുംബത്തെ വിദ്യാർത്ഥി വിസയുടെ തണലിൽ കൊണ്ടുവരുന്നത് നിരോധിച്ചത് ഏറെ ശ്രദ്ധ നേടിയ തീരുമാനം ആയിരുന്നു.
ഒരു ഘട്ടത്തിൽ കുടിയേറ്റ വിഷയത്തിൽ ഋഷി സുനക്കിനേക്കാൾ ഉയരത്തിലായി സ്യുവേലയുടെ ശബ്ദം. ഇതോടെ ടോറി പ്രതിസന്ധി ഉണ്ടായാൽ ഋഷിക്ക് മുകളിൽ പറഞ്ഞു കേൾക്കുന്ന പേരായി സ്യുവേല മാറും എന്നൊക്കെ പറഞ്ഞു തുടങ്ങിയ സമയത്താണ് പുറത്തേക്കുള്ള വഴി ഋഷി തന്നെ തുറന്നിട്ടത്. താൻ ഇനി ഒരു വഴക്കാളി ആയി ഉണ്ടാകും എന്ന് സ്യുവേല പറയുമ്പോൾ അവർക്കൊപ്പം ഋഷിയുമായി ഇടഞ്ഞു നിൽക്കുന്ന മറ്റുപലരും കൂടിച്ചേരുന്ന കാലം കൂടിയാണ് മുന്നിൽ ഉള്ളത്. ഇതോടെ ടോറികളുടെ വരും മാസങ്ങൾ ഏറെ കാറും കോളും നിറഞ്ഞതാകും എന്ന് വ്യക്തം.
ഞെട്ടലായതു കാമറോണിന്റെ മടങ്ങി വരവ്
ഒരു പതിറ്റാണ്ടിലേറെ ടോറി നേതൃ നിരയിൽ നിന്ന ശേഷമാണു ബ്രക്സിറ്റ് വോട്ടിന്റെ പേരിൽ കാമറോൺ പിൻവാങ്ങുന്നത്. പ്രധാനമന്ത്രിയായി തിളങ്ങിയ കാമറോൺ ലോക ശക്തികൾക്കിടയിൽ വലിയ സ്വാധീനം നേടിയെടുത്ത സമകാലിക നേതാവ് കൂടിയാണ്. എന്നാൽ ഏതാനും ദിവസം മുൻപ് വരെ തന്നെ വിമർശിച്ച ഋഷിയുടെ ടീമിലേക്ക് മുൻ പ്രധാനമന്ത്രി സാധാരണ മന്ത്രിയായി മടങ്ങി വരിക എന്നത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. രാഷ്ട്രീയ വാർത്തകളുടെ സ്കൂപ് സൃഷ്ടിക്കുന്ന ഒരു മാധ്യമത്തിനും ഒരു സൂചന പോലും ലഭിക്കാതെയാണ് നിലവിൽ എംപി അല്ലാത്ത കാമറോൺ മന്ത്രിക്കസേരയിലേക്ക് എത്തുന്നത്.
ഋഷിയെ മാത്രം മുന്നിൽ നിർത്തി തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും ജയം ലഭിച്ചാൽ ശക്തനായ നേതാവ് ഭരണത്തിൽ എത്തും എന്ന സൂചനയാണ് ഈ നിയമനം വഴി ടോറികൾ നൽകുന്നത്. ഒരു പക്ഷെ അധികാരം കിട്ടിയാൽ അന്ന് കാമറോൺ വീണ്ടും പ്രധാനമന്ത്രി ആകുകയും ഋഷി പഴയപോലെ ധന സെക്രട്ടറി ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത്തരം പാക്കേജുകൾ ഉൾക്കൊള്ളാൻ രാഷ്ട്രീയത്തിൽ ജൂനിയറായ ഋഷിക്ക് മടിയില്ലെന്നും സൂചനകളുണ്ട്.
ആദ്യതവണ പ്രധാനമന്ത്രി ആകുമ്പോൾ ന്യൂനപക്ഷ സർക്കാരിനെ നയിച്ച കാമറോൺ രണ്ടാം തവണ അധികാരത്തിൽ വന്നത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ്. സ്വാഭാവികമായും കാമറോൺ ഹീറോ ആയ കാലഘട്ടം കൂടി ആയിരുന്നു 2015 ലെ സർക്കാരിന്റേത്. ആദ്യ സർക്കാരിൽ പങ്കാളികൾ ആയിരുന്ന ലിബറൽ ഡെമോക്രാറ്റുകൾ നിഷ്പ്രഭർ ആയി പോകുകയും ചെയ്ത കാലം. യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന ആശയം പങ്കിട്ട കാമറോൺ ബ്രക്സിറ്റ് റഫറണ്ടത്തെ ജനങ്ങൾ നോ പറഞ്ഞു യൂറോപ്പ് വിടാൻ വോട്ടു ചെയ്തപ്പോൾ നിരാശയിലായ കാമറോൺ രാജി വയ്ക്കുക ആയിരുന്നു. വെറും രണ്ടു ശതമാനം വോട്ടുകൾക്കാണ് ബ്രക്സിറ്റ് നടപ്പായത് എങ്കിലും പുതിയ നേതൃത്വം വരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീടുള്ള വർഷങ്ങൾ കാമറോൺ ഏറെക്കുറെ വാർത്ത ലോകത്തു നിന്നുപോലും മാഞ്ഞുപോയിരുന്നു.
നഴ്സിങ് സമരം നേരിട്ട രീതിയിൽ പതറിയ സ്റ്റീവ് ബാർക്ലെയ്ക്കും നഷ്ടം തന്നെ
നീണ്ടു നിന്ന നഴ്സിങ് സമരം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാതെ കാഴ്ചക്കാരന് ആയി നിന്ന സ്റ്റീവ് ബാർക്ലെയ്സ് എന്ന ധനാഢ്യനായ എംപിക്കും മന്ത്രിക്കസേരയിലെ മാറ്റം വലിയ നഷ്ടം തന്നെ ആയി. ഏറെ പ്രസ്റ്റീജ് പോർട്ടഫോളിയോ ആയ ആരോഗ്യത്തിൽ നിന്നും തികച്ചും അപ്രധാനമായ ഗ്രാമീണ, പരിസ്ഥിതി വകുപ്പിലേക്കാണ് സ്റ്റീവിന്റെ മാറ്റം.
നഴ്സുമാർ സമരം ചെയ്യുമ്പോൾ പലപ്പോഴും പുച്ഛ സ്വരത്തിലാണ് സ്റ്റീവ് മറുപടി നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ ആർ സി എൻ അടക്കമുള്ള സംഘടനകൾ മേലിലുള്ള ചർച്ചകൾ പ്രധാനമന്ത്രിയോട് മാത്രം എന്ന നിലപാടിലേക്ക് എത്തിയതും സ്റ്റീവിനോടുള്ള എതിർപ്പ് കൊണ്ടാണ്. ട്രഷറി വകുപ്പിൽ ഫിനാൻസ് സെക്രട്ടറി എന്ന ജൂനിയർ പദവിയിൽ നിന്നും വനിതയായ വിക്ടോറിയ അറ്കിൻസ് ആണ് പുതിയ ആരോഗ്യ സെക്രട്ടറി ആയി എത്തുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.