- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനി ബജറ്റിൽ കണ്ടതെല്ലാം പ്രധാനമന്ത്രി ഋഷി സുനകിന്റെ വാഗ്ദാനങ്ങൾ; വർക്കിങ് ക്ലാസ് വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കുമോ എന്നറിയാൻ സമയമായിട്ടില്ല; യുകെയിലെ നഴ്സുമാർ അടക്കമുള്ള മലയാളി സമൂഹത്തിന് ആശ്വസിക്കാം
ലണ്ടൻ: യുകെയിലെ മിനി ബജറ്റ് എന്നറിയപ്പെടുന്ന ഓട്ടം സ്റ്റേറ്റ്മെന്റ് ഇന്നലെ പാർലിമെന്റിൽ ധനസെക്രട്ടറി ജെറമി ഹണ്ട് അവതരിപ്പിച്ച ശേഷം എല്ലാ കണ്ണുകളും തിരക്കിയത് നാട്ടുകാർക്ക് എന്ത് ഗുണം എന്നത് തന്നെ. പാർലിമെന്റിൽ എത്തും വരെ ആനുകൂല്യങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞിരുന്ന ധന സെക്രട്ടറി മിനി ബജറ്റ് അവതരണ ശേഷം നാട്ടുകാർ ലോട്ടറിയടിച്ചല്ലോ എന്ന് കരുതിക്കോട്ടെ എന്നോർത്താകും നികുതി കുറയ്ക്കാൻ തയ്യാറായ കാര്യം ആദ്യമേ പറയാതിരുന്നതും.
മിനി സ്റ്റേറ്റ്മെന്റ് വായിച്ചു തീർന്നപ്പോൾ സാധാരണക്കാരുടെ നികുതി 12 ശതമാനത്തിൽ നിന്നും പത്തായി താഴും എന്നാണ് വ്യക്തമാകുന്നത്. ഇതുവഴി ഏറ്റവും ചുരുങ്ങിയത് താഴേക്കിടയിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്ക് പ്രതിവർഷം 450 പൗണ്ട് മിച്ചം പിടിക്കാനാകും. ഒരർത്ഥത്തിൽ തിരഞ്ഞെടുപ്പ് വർഷം മുന്നിൽ നിൽക്കെ നാട്ടുകാരുടെ പോക്കറ്റിലേക്കുള്ള കൺസർവേറ്റീവ് സർക്കാരിന്റെ സമ്മാനമാണ് ഈ 450 പൗണ്ട്. മാധ്യമങ്ങൾ കൂടി ഇത്തരം ആനുകൂല്യങ്ങൾ നൽകുന്ന സർക്കാരിനെ പിന്തുണച്ചാൽ ജനഹിതത്തിൽ മുന്നിൽ കയറാം എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ ചിന്ത.
ജോലി ചെയ്തു ജീവിക്കുന്ന ജന വിഭാഗം വിലക്കയറ്റത്തിന്റെയും കുത്തനെ കൂടിയ നികുതിയുടെയും ചൂട് നന്നായി അറിഞ്ഞവരാണ്. അതിനാൽ അവരിലേക്ക് അൽപം സഹായിക്കണം എന്ന് നിർബന്ധം പിടിച്ചത് പ്രധാനമന്ത്രി ഋഷി സുനക് തന്നെയായിരുന്നു. ഇപ്പോൾ ഇളവുകൾ നൽകിയാൽ ജനം വീണ്ടും പണം ചെലവിടുന്ന സാഹചര്യം ഉണ്ടാകുമെന്നും അതുവഴി പണപ്പെരുപ്പം സംഭവിച്ചാൽ വന്ന വഴി മുഴുവൻ തിരിച്ചു നടക്കണം എന്ന പക്ഷക്കാരനും ആയിരുന്നു ധന സെക്രട്ടറി ജെറമി. പാർട്ടിയിലും ഋഷി താരതമ്യേനേ ഇളപ്പം ആയതിനാൽ ജെറമിയുടെ വാക്കുകൾക്ക് പാർട്ടി ചെവി നൽകും എന്നാണ് പൊതുവെ കരുതപ്പെട്ടത്. എന്നാൽ ഒരു വർഷത്തിനിടയിൽ ബ്രിട്ടനെ വളർച്ച വേഗതയുടെ ട്രാക്കിലേക്ക് തിരികെ എത്തിക്കുന്നതിൽ ഋഷിയുടെ നയങ്ങൾക്കുള്ള പങ്കു എഴുതി തള്ളാൻ ആകില്ല എന്ന നിലപടുള്ളവർ ഒടുവിൽ ഒപ്പം എത്തിയതോടെ നികുതി കുറച്ചു ജനങ്ങളുടെ എതിർപ്പ് കുറയ്ക്കാം എന്ന പ്രധാനമന്ത്രി ഉയർത്തിയ വാദത്തോട് പൊതുവിൽ പിന്തുണ ഏറുക ആയിരുന്നു.
35,400 പൗണ്ട് വരെ വേതനം വാങ്ങുന്നവർക്ക് സർക്കാരിന്റെ കൈതാങ്ങ്, പുത്തൻ നഴ്സുമാർക്ക് ആശ്വാസം
നികുതി ഇളവ് താഴേത്തട്ടിൽ ആണെന്ന് വ്യക്തമാക്കിയതോടെ ഏതു വരുമാന പരിധി എന്ന ചോദ്യമാണ് ആദ്യമുയർന്നത്. ഇക്കാര്യത്തിൽ ഉണ്ടായ വിശദീകരണത്തിലാണ് വാർഷിക വരുമാനം 35,400 വരെയുള്ളവർക്ക് ആനുകൂല്യത്തിന് അർഹത ഉണ്ടെന്ന് വ്യക്തമാക്കപ്പെട്ടത്. ഇതോടെ പുതുതായി ജോലിക്ക് ചേർന്ന തുടക്കക്കാരായ നഴ്സുമാർക്കും ആനുകൂല്യം ഉറപ്പായി, ജൂനിയർ നഴ്സുമാർ ഈ ശമ്പള പരിധിയിൽ നിൽക്കുന്നവരാണ്.
കേരളത്തിൽ നിന്നും കുടിയേറിയ മലയാളി നഴ്സുമാർ വരുമാനവും ചിലവും ഒത്തുപോകുന്നില്ല എന്ന പരാതി പറയുന്ന സാഹചര്യത്തിൽ 450 പൗണ്ടിന്റെ മിച്ച വരുമാനം ചെറിയ കാര്യമല്ല. രാജ്യത്തെ 27 മില്യൺ ആളുകളാണ് ഈ ആനുകൂല്യത്തിന് അർഹരാകുന്നത്. എന്നാൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉയർന്ന വരുമാനക്കാർ സർക്കാരിന്റെ ആനുകൂല്യ പട്ടികയിൽ നിന്നും പുറത്താകും.
നിക്ഷേപം ആകർഷിക്കുക എന്ന മട്ടിൽ ബിസിനസ് സമൂഹത്തിനും ഉദാരമായ ഇളവുകളാണ് ഇന്നലെ നടന്ന മിനി ബജറ്റിലെ മറ്റൊരു പ്രധാന ആകർഷണം. കൂടുതൽ ആളുകളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കും വിധം നാഷണൽ ലിവിങ് വേജ് ഘടനയിലും കാതലായ മാറ്റം വരും. ഇതിലേക്ക് പത്തു ലക്ഷം പേരെയെങ്കിലും ആകർഷിക്കാൻ ഉള്ള പദ്ധതിയാണ് ജെറമിയുടെ പാക്കേജിൽ ഉള്ളത്.
ഋഷി അന്നും ഇന്നും കൂടെയുണ്ട്, കോവിഡ് കാലത്ത് ഏറ്റവും സഹായം ലഭിച്ചവർക്ക് വീണ്ടും സഹായവുമായി സർക്കാർ
അതിനിടെ ടാക്സി ഡ്രൈവർമാർ, കാറ്ററിങ് ജോലികൾ ചെയ്യുന്നവർ, ഇലക്ട്രിക്, പ്ലംബിങ്, വീട് നിർമ്മാണവും അറ്റകുറ്റപ്പണികളും തുടങ്ങി സ്വയം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ആശ്വാസത്തിന് വകയുണ്ട്. ഇത്തരക്കാരായ രണ്ടു മില്യൺ ആളുകളുടെ നികുതി ഭാരം ഒരു ശതമാനം കുറയും. ഇവർക്ക് വാർഷിക കണക്കിൽ 350 പൗണ്ട് മിച്ചം പിടിക്കാമെന്ന് ധന സെക്രട്ടറി പറയുന്നു. കോവിഡ് കാലത്തു സർക്കാർ ഏറ്റവും മനസറിഞ്ഞു സഹായിച്ചതും ഈ വിഭാഗത്തെയാണ്. സർക്കാരിൽ നിന്നും അക്കാലത്തു 50,000 പൗണ്ട് വരെ ആശ്വാസ സഹായമായി കൈപ്പറ്റിയ മലയാളികൾ ഏറെയാണ്. ഏറ്റവും ചുരുങ്ങിയത് 10,000 പൗണ്ടായിരുന്നു മിക്കവരെയും തേടിയെത്തിയ കോവിഡ് സഹായ ധനം. ആ പദ്ധതിയും അന്നത്തെ ധനസെക്രട്ടറി ആയിരുന്ന ഋഷി സുനക്കിന്റേത് ആയിരുന്നു.
പബുകളിലും റെസ്റ്റോറന്റുകളിലും കച്ചവടം കുറഞ്ഞത് ശ്രദ്ധയിൽ പെട്ട സർക്കാർ അടുത്ത ഓഗസ്റ്റ് വരെ മദ്യത്തിന്റെ നികുതി വർധിപ്പിക്കണ്ട എന്ന തീരുമാനത്തിലാണ്. ഇതോടെ കുറഞ്ഞ വിലയിൽ തന്നെ മദ്യം ലഭിക്കും എന്നത് മദ്യപരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. സർക്കാരിന്റെ കടം കുറയുന്നതും രാജ്യം പുരോഗതിയിലേക്ക് സാവധാനം നീങ്ങുന്നതുമാണ് ഇന്നലെ ജെറമി പാർലിമെന്റിൽ വരച്ചിട്ട ചിത്രം. നാണയപ്പെരുപ്പം സർക്കാർ ഉദ്ദേശിക്കുന്ന രണ്ടു ശതമാനത്തിൽ എത്തിക്കും എന്ന ഉറപ്പ് ആവർത്തിക്കാനും ജെറമി മറന്നില്ല. ഈ വാഗ്ദാനം മാസങ്ങളായി ഋഷി സുനകും ആവർത്തിക്കുകയാണ്. നാണയപ്പെരുപ്പം പത്തു ശതമാനത്തിൽ അധികം ഉയർന്നു നിൽക്കുമ്പോഴും ഋഷി തന്റെ ലക്ഷ്യം രണ്ടു ശതമാനം നാണയപ്പെരുപ്പം ആണെന്ന് ആവർത്തിച്ചു വ്യക്തമാക്കുമായിരുന്നു.
1980നു ശേഷം ബ്രിട്ടൻ കാണുന്ന ഏറ്റവും വലിയ നികുതി ഇളവ് വാഗ്ദാനമാണ് ഇപ്പോൾ കൺസർവേറ്റീവ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് എപ്പോഴും നികുതി ഭാരം വർധിപ്പിക്കുന്നത് കൺസർവേറ്റീവ് സർക്കാരുകളുടെ ശീലം ആണെന്ന പേരുദോഷം കൂടിയാണ് ഇപ്പോൾ ഋഷിയും ജെറമിയും ചേർന്ന് മാറ്റിയെടുക്കുന്നത്. വർക്കിങ് ക്ലാസ് കുടുംബത്തിൽ നിന്നും എത്തിയ സാധാരണക്കാരന്റെ ഇമേജ് ഉള്ള പ്രധാനമന്ത്രി എന്നതും ഋഷിക്ക് സാധാരണക്കാരുടെ പ്രയാസങ്ങൾ മനസിലാക്കാൻ സാധിക്കും എന്നതിന്റെ കൂടി സൂചനയാണ് ഈ നികുതി വെട്ടിക്കുറയ്ക്കൽ എന്നും സർക്കാരിനെ പിന്താങ്ങുന്നവർ അഭിപ്രായപ്പെടുന്നുണ്ട്. പ്രതിപക്ഷമാകട്ടെ ഇന്നലത്തെ സർക്കാരിന്റെ നീക്കങ്ങളോട് രൂക്ഷമായി വിമർശം ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.