വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ യു.എസ് സെനറ്ററായ ജെ.ഡി വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു.

യുഎസിലെ പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്‍ പ്രസിഡന്റിനെ വെടിവച്ച തോമസ് മാത്യു ക്രൂക്‌സിനെ (20) അതിനു പ്രേരിപ്പിച്ചതെന്താണെന്നത് ഇപ്പോഴും അവ്യക്തം. അക്രമി ഒറ്റയ്ക്കാണ് എത്തിയതെന്നും കൂട്ടാളികളില്ലെന്നും എഫ്ബിഐ അറിയിച്ചു. ആഭ്യന്തര ഭീകരപ്രവര്‍ത്തനമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വധശ്രമത്തെ അതിജീവിച്ച ട്രംപിന് ജനപിന്തുണ കൂടുന്നുവെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഈ സാഹചര്യവും ട്രംപിനെ പാര്‍ട്ടിയില്‍ ജനകീയനാക്കി. പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്‌ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊന്‍പതുകാരനായ വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന വാന്‍സ് ഇപ്പോള്‍ ട്രംപ് ക്യാംപിലെ മുന്‍നിരക്കാരനാണ്. യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.

ഒഹായോയിലെ മിഡില്‍ടൗണില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വാന്‍സ് യുഎസ് സൈനികനായി ഇറാഖില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നു ബിരുദങ്ങള്‍ നേടി. സിലിക്കണ്‍വാലിയില്‍ വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റായിരുന്നു. 'ഹില്‍ബില്ലി എലജി' എന്ന ഓര്‍മക്കുറിപ്പിലൂടെ ദേശീയശ്രദ്ധ നേടി. അതേസമയം, വിവിധ വിഷയങ്ങളിലെ നിലപാടുകളില്‍ ഡോണള്‍ഡ് ട്രംപിന്റെ തനി പകര്‍പ്പാണ് ജെ.ഡി. വാന്‍സ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു.

മരണത്തെ മുഖാമുഖം കണ്ട ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ രീതികളില്‍ അടിമുടി മാറ്റം ദൃശ്യമായിട്ടുണ്ട്. ചോരയൊഴുകുന്ന മുഖവുമായി മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ട്രംപിന്റെ ചിത്രം പ്രചാരണത്തിനും പുതിയ ഊര്‍ജമായി. ട്രംപിന് പാര്‍ട്ടിയിലും അമേരിക്കന്‍ സമൂഹത്തില്‍ പൊതുവെയും പുതിയൊരു പരിവേഷം കൈവന്നിട്ടുണ്ട്. 'ഞാനിപ്പോള്‍ ഇവിടെ ഇങ്ങനെ ഇരിക്കേണ്ടതല്ല. ഞാന്‍ മരിച്ചുപോകേണ്ടിയിരുന്ന ആളാണ്' ന്യൂയോര്‍ക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

'ദൈവാനുഗ്രഹം കൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് പലരും പറയുന്നു. ആ നിമിഷം എന്തുകൊണ്ടോ എനിക്കു തലവെട്ടിക്കാന്‍ തോന്നി എന്നു മാത്രമല്ല, അതിന്റെ സമയവും കണക്കുമെല്ലാം കിറുകൃത്യമായി' ട്രംപ് ഓര്‍ത്തെടുത്തു.