ലണ്ടന്‍: യു കെയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിക്കെതിരെ വംശീയ വിവേചനം ആരോപിച്ച് നിയമനടപടികളുമായി ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി. വംശീയ വിവേചനത്തോടൊപ്പം പീഢനവും അനീതിയും അഭിമുഖീകരിക്കേണ്ടി വന്നതായും വിദ്യാര്‍ത്ഥി പറയുന്നു. യൂണിവേഴ്സിറ്റിയുടെ അപ്പീല്‍സ് ആന്‍ഡ് കംപ്ലയന്റ്‌സ് സംവിധാനത്തില്‍ നിന്നും നീതി ലഭിക്കാത്തതിനാലാണ് താന്‍ നിയമനടപടികള്‍ക്ക് ഒരുങ്ങിയതെന്ന് തമിഴനാട്, മധുര സ്വദേശിനിയായ ലക്ഷ്മി ബാലകൃഷ്ണന്‍ പറഞ്ഞു.

യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ഫാക്കല്‍റ്റിയില്‍ 2018 ഒക്ടോബറില്‍ ആയിരുന്നു ഷേക്സ്പിയറിനെ കുറിച്ചുള്ള പി എച്ച് ഡിക്കായി ലക്ഷ്മി ചേര്‍ന്നതെന്ന് അവര്‍ പറയുന്നു. തന്റെ നാലാം വര്‍ഷ പഠനത്തിന്റെ കണ്‍ഫര്‍മേഷന്‍ ഓഫ് സ്റ്റാറ്റസ് എന്നറിയപ്പെറ്റുന്ന ആഭ്യന്തര വിശകലനത്തിന് വന്ന വിദഗ്ദര്‍, ഷേക്സ്പിയര്‍ എന്നത് ഡോക്ടറേറ്റ് ലഭിക്കാനുള്ള മൂല്യമുള്ള വിഷയമല്ലെന്ന് പറഞ്ഞു തന്നെ പരാജയപ്പെടുത്തി എന്നാണ് ലക്ഷ്മി പറയുന്നത്. ഇത് യൂണിവേഴ്സിറ്റിയുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ താന്‍ ഷേക്സ്പിയറുമായി ബന്ധപ്പെട്ട തിസീസിലാണ് പി എച്ച് ഡി എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിരുന്നതായി അവര്‍ അവകാശപ്പെടുന്നു. താന്‍ അപേക്ഷിച്ച സമയം മുതല്‍ തന്നെ താന്‍ നിര്‍ദ്ദേശിച്ച പി എച്ച് ഡി തെസീസിന് സാധ്യതയുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍, തന്നെ പി എച്ച് ഡിയില്‍ പരാജയപ്പെടുത്തുക വഴി യൂണിവേഴ്സിറ്റി നടത്തുന്നത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ലക്ഷ്മി പറയുന്നു.

യൂണിവേഴ്സിറ്റിയുടെ അപ്പീല്‍സ് ആന്‍ഡ് കമ്പ്‌ലെയിന്റ്‌സ് സംവിധാനത്തിന്റെ പ്രക്രിയകളെല്ലാം തന്നെ താന്‍ തികഞ്ഞ ശുഷ്‌കാന്തിയോടെ പിന്തുടര്‍ന്നു എന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇവയെല്ലാം തനിക്ക് എതിരാവുകയായിരുന്നു. തന്റെ പി എച്ച് ഡി സ്ഥിരീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് നീതി ലഭിക്കണം എന്നാണ് ലക്ഷ്മി ആവശ്യപ്പെടുന്നത്. 2021 ഡിസംബര്‍ മുതല്‍ തന്നെ താന്‍ യൂണിവേഴ്സിറ്റിക്കും സ്വതന്ത്ര അഡ്ജുഡിക്കേറ്ററുടെ ഓഫീസിലും നിരവധി അപേക്ഷകളും പരാതികളും നല്‍കി എന്നും അവര്‍ പറയുന്നു.

എന്നാല്‍, പരിശോധകര്‍ വിദ്യഭ്യാസ വിദഗ്ധരാണെന്നും അവരുടെ അഭിപ്രായത്തെ അക്കാദമിക വിധി നിര്‍ണ്ണയമായി കണക്കാക്കാം എന്നുമുള്ള വാദത്തില്‍ തന്റെ പരാതികളൊക്കെ തന്നെ യൂണിവേഴ്സിറ്റിയും അഡ്ജുഡിക്കേറ്ററുടെ ഓഫീസും തള്ളിക്കളയുകയായിരുന്നു എന്നും അവര്‍ പറയുന്നു. അക്കാദമിക വിധി നിര്‍ണ്ണയം അംഗീകരിക്കാന്‍ താന്‍ ബാദ്ധ്യസ്ഥയാണെന്നും പറഞ്ഞു എന്ന് ലക്ഷ്മി പറയുന്നു. താന്‍ പരിശോധകരുടെ അക്കാദമിക വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വംശീയ വിവേചനത്തിന്റെയും, നടപടിക്രമങ്ങളിലെ അതാര്യതയുടെയും പേരിലാണ് അക്കാദമിക വിധി നിര്‍ണ്ണയത്തെ എതിര്‍ക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

1 ലക്ഷം പൗണ്ടോളം ചെലവഴിച്ചാണ് താന്‍ ഇതുവരെ പഠിച്ചതെന്നും തന്റെ പി എച്ച് ഡി തിസീസ് സമര്‍പ്പിക്കുവാനും അതുകഴിഞ്ഞുള്ള ഫൈനല്‍ വിവ എടുക്കുവാനും അനുവദിക്കണമെന്നാണ് ലക്ഷ്മി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.