പെന്‍സില്‍വേനിയ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്ല്‍ രാജിവെച്ചു. ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. കിംബര്‍ലിയുടെ രാജി സ്വാഗതം ചെയ്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.

2022 ഓഗസ്റ്റ് മുതല്‍ സീക്രട്ട് സര്‍വീസ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന കിംബര്‍ലി ചീറ്റില്‍ സ്ഥാനമൊഴിഞ്ഞ വിവരം ഉദ്യോഗസ്ഥരെ മെയില്‍ അയച്ചാണ് അറിയിച്ചത്. യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുകയും സുരക്ഷാ വീഴ്ചകളുടെ പേരില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും മണിക്കൂറുകളോളം ശകാരിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിത രാജി.

"സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, നിങ്ങളുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത് ഹൃദയഭാരത്തോടെയാണ്." അവര്‍ ചൊവ്വാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞു.

പെന്‍സില്‍വാനിയയിലെ ഒരു ഔട്ട്‌ഡോര്‍ പ്രചാരണ റാലിയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനിയായ ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ ചൊല്ലി വലിയ തോതിലുള്ള ചോദ്യങ്ങള്‍ കിംബര്‍ലിക്ക് നേരെ ഉയര്‍ന്നിരുന്നു. ട്രംപിന്റെ ജീവനെടുക്കാനുള്ള ശ്രമത്തെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സീക്രട്ട് സര്‍വീസിന്റെ "ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന പരാജയം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അന്വേഷണത്തെക്കുറിച്ചുള്ള ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ കിംബര്‍ലി പരാജയപ്പെട്ടത് നിയമനിര്‍മ്മാതാക്കളെ ചൊടിപ്പിച്ചിരുന്നു.

ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബര്‍ലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏജന്‍സിയുടെ പ്രധാനപ്പെട്ട വീഴ്കകളിലൊന്നാണ് ഇതെന്നും അവര്‍ പറഞ്ഞിരുന്നു. യു.എസ്. പ്രസിഡന്റുമാര്‍ക്കും മുന്‍ പ്രസിഡന്റുമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ചുമതലപ്പെട്ട സീക്രട്ട് സര്‍വീസിന് വീഴ്ചയുണ്ടായെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നേ ആരോപിച്ചിരുന്നു. കിംബര്‍ലിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും രംഗത്തെത്തുകയും ചെയ്തു.

ജൂലായ് 13-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയില്‍ വെടിയേറ്റത്. അനധികൃതകുടിയേറ്റത്തിനെതിരേ ട്രംപ് സംസാരിക്കുമ്പോഴാണ് നാലുതവണ വെടിയൊച്ചമുഴങ്ങിയത്. വലതുചെവി പൊത്തിപ്പിടിച്ച് ട്രംപ് പ്രസംഗപീഠത്തിനുപിന്നില്‍ നിലത്തിരുന്നതിനുപിന്നാലെ അഞ്ചാമത്തെയും ആറാമത്തെയും വെടിയൊച്ചമുഴങ്ങി. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.