ബെയ്‌റൂട്ട്: യുദ്ധഭൂമിയില്‍ എപ്പോഴും അങ്ങേയറ്റം റിസ്‌ക്കെടുത്ത് ജോലി ചെയ്യുന്ന ഒരു വിഭാഗമണ് മാധ്യമപ്രവര്‍ത്തകര്‍. പ്രധാനപ്പെട്ട പല യുദ്ധങ്ങളിലും റിപ്പോര്‍ട്ടംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായി സംഭവങ്ങളും നിരവധിയാണ്. കഴിഞ്ഞ ദിവസം ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണ സ്ഥലത്ത് ഉണ്ടായിരുന്ന സ്‌ക്കൈ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ജോണ്‍ സ്പാര്‍ക്സ് പറയുന്നത് ബോംബുകള്‍ പൊട്ടുന്നതിനിടയില്‍ നിന്നാണ് തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നത് എന്നാണ്.

ബെയ്റൂട്ടില്‍ ഹിസ്ബുളള തലവന്‍ ഹസന്‍ നസറുള്ള നടത്തിയ പ്രസംഗത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ആണ് ബോംബ് സ്ഫോടനം ഉണ്ടായതെന്നാണ്. ആദ്യം വലിയൊരു സ്ഫോടന ശബ്ദമാണ് താന്‍ കേട്ടതെന്നും പിന്നീടാണ് സംഭവം എന്താണെന്ന് മനസിലായതെന്നുമാണ് ജോണ്‍ സ്പാര്‍ക്സ് പറയുന്നത്. ഹസന്‍ നസറുള്ളയുടെ പ്രസംഗം നടക്കുന്ന അതേ സമയത്ത് തന്നെ ഇസ്രയേല്‍ വിമാനങ്ങള്‍ ബെയ്റൂട്ടില്‍ ബോംബ് വര്‍ഷം നടത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളും പറയുന്നത്.

യുദ്ധ വിമാനങ്ങളുടെ ഇരമ്പല്‍ കാരണം പലര്‍ക്കും ഹസന്‍ നസറുളളയുടെ പ്രസംഗം കൃത്യമായി കേള്‍ക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്ഫോടന പരമ്പരക്ക് ശേഷം ഹിസ്ബുള്ളയുടെ എല്ലാ വിധ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് ഹസന്‍ നസറുള്ളക്ക് പോലും ഇറാനുമായി ഇപ്പോള്‍ ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഹിസ്ബുള്ള ആകെ പരുങ്ങലിലായ സ്ഥിതിയിലാണ് ഇപ്പോള്‍.