- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഗന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമേരിക്കയിലേക്ക് കുടിയേറാനുള്ള ഹാരിയുടെ തീരുമാനം മാറ്റാന്‍ ബക്കിംഗ്ഹാം പാലസ് ഒടുവില്‍ ദൂതനായി അയച്ചത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ; ഭാര്യാപേടി കലശലായ ഹാരി വഴങ്ങിയില്ലെന്ന് ബോറിസ്
രാജകീയ ജീവിതം ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം നാടുവിടണമെന്ന കാര്യത്തില്‍ ഹാരി ഉറച്ചു നില്‍ക്കുകയായിരുന്നു
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ കൊട്ടാര കലാപമൊതുക്കാന്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദൂതിന് തയ്യാറായതായി റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലെ ചുമതലകള്‍ ഒഴിഞ്ഞ് നാടുവിടാന്‍ ഒരുങ്ങിയ ഹാരി രാജകുമാരനെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ബോറിസ് ജോണ്‍സന്‍ ദൂത് പോയതായാണ് ബോറിസ് ജോണ്‍സന്‍ തന്റെ ഏറ്റവും പുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നത്. ഭാര്യയുമൊത്ത് വിദേശത്ത് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി ബ്രിട്ടന്‍ വിടുന്നത് മണ്ടത്തരമായിരിക്കും എന്ന് ഹാരിയെ പറഞ്ഞ് മനസ്സിലാക്കുക എന്നതായിരുന്നത്രെ അദ്ദേഹത്തിന്റെ ദൗത്യം.
2020 ജനുവരിയില്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തിനു ശേഷം ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോഴായിരുന്നു ഈ ദൗത്യം ജോണ്‍സന്‍ ഏറ്റെടുത്തത്. ഹാരിയെ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബോറിസ് ജോണ്‍സന് കഴിയുമെന്നായിരുന്നു ഡൗണിംഗ് സ്ട്രീറ്റിലേയും ബക്കിംഗ്ഹാം പാലസിലെയും ഉന്നതര്‍ കരുതിയത്. തികച്ചും നിരാശാജനകമായ ഒരു ദൗത്യത്തിനായിരുന്നു തന്നെ അയച്ചതെന്നും, അത് വെറും വിഢിത്തമായി എന്നും അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതുന്നു.
ലണ്ടനിലെ ഡോക്ക്ലാന്‍ഡ്‌സില്‍ യു കെ - ആഫ്രിക്ക നിക്ഷേപ ഉച്ചകോടി നടക്കുന്നതിനിടയിലായിരുന്നു ഇരുവരും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച നടന്നത്. എന്നാല്‍, തനിക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ല എന്നായിരുന്നത്രെ ഏറെ വികാരഭരിതനായി ഹാരി പറഞ്ഞത്. രാജകീയ ജീവിതം ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം നാടുവിടണമെന്ന കാര്യത്തില്‍ ഹാരി ഉറച്ചു നില്‍ക്കുകയായിരുന്നു. സഹായികള്‍ ആരും ഇല്ലാതെ ഇരുവരും മാത്രമായി 20 മിനിറ്റോളം സംസാരിച്ചു എന്നാണ് ബോറിസ് ജോണ്‍സണ്‍ എഴുതുന്നത്.
ഇന്‍വിക്റ്റസ് ഗെയിംസിനായി ഹാരി എടുത്ത നടപടികളെ പുകഴ്ത്തിയ ബോറിസ് ജോണ്‍സന്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ കാര്യത്തില്‍ ഹാരി ചെയ്യുന്ന പ്രവൃത്തികളെയും ഏറെ പ്രശംസിച്ചു. ഇത്തരം മഹത്തരങ്ങളായ ജോലികള്‍ വിട്ട് പോകുന്നത് നാണക്കേടായിരിക്കുമെന്നും ബോറിസ് സൂചിപ്പിച്ചു. എന്നാല്‍ അതൊന്നും ഹാരിയുടെ തീരുമാനം മാറ്റാന്‍ സഹായിച്ചില്ല. ബ്രിട്ടന് 'ബ്രെക്‌സിറ്റ്' നല്‍കിയ ബോറിസ് ജോണ്‍സണ്‍ പക്ഷെ 'മെഗ്‌സിറ്റ്' തടയുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ഇതിനെ കുറിച്ച് ബോറിസ് ജോണ്‍സന്റെ ഒരു സുഹൃത്ത് പരാമര്‍ശിച്ചത്.
ഏതായാലും ബോറിസ് ജോണ്‍സന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പൃസിദ്ധീകരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ഞായറാഴ്ച ബിര്‍മ്മിംഗ്ഹാമില്‍ ആരംഭിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിന്റെ ശോഭ കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2022 ല്‍ താന്‍ പുറത്തു പോകാനിടയായ സാഹചര്യവും തന്റെ പിന്‍ഗാമികളെ പറ്റിയുള്ള അഭിപ്രായവുമൊക്കെ അതില്‍ ഉണ്ടാകും എന്നാണ് കരുതുന്നത്.