- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അത് കൃത്യസമയത്ത് കൃത്യതയോടെ പൂര്‍ത്തികരിച്ചു; ഇസ്രായേല്‍ പൗരന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനെയും വെറുതെ വിടില്ല'; ഹസന്‍ നസ്റല്ലയെ വധിച്ചതില്‍ പ്രതികരണവുമായി ഇസ്രായേല്‍ സൈനിക മേധാവി
ശത്രുപാളയത്തില്‍ കയറി ശത്രുവിനെ ചാമ്പലാക്കി ഇസ്രായേല്‍
ന്യൂയോര്‍ക്ക്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്റല്ലയെ വധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പൗരന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി വ്യക്തമാക്കി.
ഇത് ഒന്നിന്റെയും അവസാനമല്ലെന്നും പൗരന്മാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നവയിലേക്ക് എത്തിച്ചാരാന്‍ തങ്ങള്‍ക്കാകുമെന്ന സൂചന നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് മിഷന്‍ പൂര്‍ത്തിയാക്കിയതെന്നും ഹലേവി പറഞ്ഞു. വളരെ കാലമായി ആസൂത്രണം ചെയ്യുകയായിരുന്നു. അത് കൃത്യസമയത്ത് കൃത്യതയോടെ പൂര്‍ത്തികരിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണെന്നും ഹലേവി വ്യക്തമാക്കി. ലോകത്തെ ഭീതിയിലാഴ്ത്താന്‍ ഇനി നസ്റുള്ളയ്ക്ക് സാധ്യമാവില്ലെന്ന കുറിപ്പും മരണം സ്ഥിരീകരിച്ച് ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്.
ഹസന്‍ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്റൂട്ടിലെ ദഹിയയില്‍ ഇന്നലെ ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. വന്‍സ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വില്‍ കൊല്ലപ്പെട്ടത് ദഹിയയില്‍ ഇസ്രയേല്‍ നടത്തിയ സമാനമായ ആക്രമണത്തിലായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയെ നയിച്ചയാളാണ് ഹസ്സന്‍ നസ്റുല്ല. 64-കാരനായ നസ്‌റുല്ല ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഖ്യകക്ഷിയാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഹമാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലെബനനില്‍ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുന്നതിനും സംഘര്‍ഷാവസ്ഥ കൂടുതല്‍ കലുഷിതമാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നയാളാണ് നസ്റല്ല. തലവന്റെ മരണത്തോടെ ഹിസ്ബുല്ല വന്‍ തിരിച്ചടിയാണ് നേരിടുന്നത്.
ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാല്‍ പൊതു ചടങ്ങുകളില്‍ വര്‍ഷങ്ങളായി 64 കാരനായ നസ്റല്ല പങ്കെടുത്തിരുന്നില്ല. നസ്‌റല്ല, ഇറാനിലെ ഷിയാ മതനേതാക്കളുമായും ഹമാസ് പോലുള്ള പലസ്തീനിയന്‍ തീവ്രവാദി ഗ്രൂപ്പുകളുമായും സഖ്യം ഉറപ്പിച്ചുകൊണ്ട് ഹിസ്ബുല്ലയെ ഇസ്രായേലിന്റെ ഒരു പ്രധാന ശത്രുവാക്കി മാറ്റി. ലെബനീസ് ഷിയാ അനുയായികളാല്‍ ആരാധിക്കപ്പെടുന്ന ഭീകരനായ നസ്‌റല്ലയ്ക്ക് സയ്യിദ് എന്ന പദവിയുണ്ട്. ഇത് ഇസ്ലാമിന്റെ സ്ഥാപകനായ മുഹമ്മദ് നബിയില്‍ നിന്നുള്ള ഷിയ പുരോഹിതന്റെ വംശത്തെ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്
1960-ല്‍ ബെയ്‌റൂട്ടിലെ ദരിദ്രമായ വടക്കന്‍ പ്രാന്തപ്രദേശമായ ഷര്‍ഷബൂക്കിലെ ഒരു ദരിദ്ര ഷിയ കുടുംബത്തില്‍ ജനിച്ച നസ്‌റല്ല പിന്നീട് തെക്കന്‍ ലെബനനിലേക്ക് കുടിയിറക്കപ്പെട്ടു. ദൈവശാസ്ത്രം പഠിക്കുകയും ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളാകുന്നതിന് മുമ്പ് ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക സംഘടനയായ അമല്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു.