ബെയ്‌റൂട്ട്: ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധം തുടങ്ങി. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കരയാക്രമണം. പരിമിത കരയാക്രമണാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. ബെയ്‌റൂട്ടില്‍ വ്യോമാക്രമണവും തുടരുകയാണ്. ബോംബുകള്‍ തുരുരുതാ വര്‍ഷിക്കുകയായിരുന്നു ഇസ്രയേല്‍. അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സമാധാന നീക്കവുമായി ഫ്രാന്‍സും രംഗത്തു വന്നു. ഇതിന് ഇസ്രയേല്‍ വഴങ്ങില്ലെന്നാണ് സൂചന. അതിനിടെ കരയുദ്ധത്തിന് തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രഖ്യാപിച്ചു. നസ്രുള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവനയാണിത്.

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളിയാണ് ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയത്.തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. ബെയ്‌റൂട്ടിലും ആക്രമണം തുടരുകയാണ് ഇസ്രേയേല്‍. അതിനിടെ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രുള്ളയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

ഇസ്രയേല്‍ കയധിനിവേശം തുടങ്ങിയാല്‍ തിരിച്ചടിക്കുമെന്നാണ് ഹിസ്ബുള്ള പറഞ്ഞതെങ്കിലും സംഭവിച്ചത് മറിച്ചാണ്. അഞ്ചു കിലോമീറ്റര്‍ അവര്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. പരിമിത കരയുദ്ധമെന്ന് ഇസ്രയേല്‍ പറയുമ്പോഴും അതിശക്തമായ ആക്രമണമാണ് നടത്തുന്നതെന്നാണ് സൂചന. ഹിസ്ബുള്ളയെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ ഇടപെടല്‍.


ഏതുസാധ്യതയെയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്രയേലിനാകില്ലെന്നും ഹിസ്ബുള്ള നേതാവ് നയീം പറഞ്ഞു. ഇസ്രയേലിന്റെ അടുത്തനീക്കം കരയാക്രമണമായിരിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണിത്. അതിനുള്ള സൂചനകള്‍നല്‍കി ഇതിനോടകം ഇസ്രയേല്‍ കരുതല്‍സേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതല്‍ സൈനികരെയും കവചിതവാഹനങ്ങളും ലെബനന്‍ അതിര്‍ത്തിയിലെത്തിക്കുകയും ചെയ്തിരുന്നു. നസ്രുള്ള വധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പുനല്‍കി. അതേസമയം, വെടിനിര്‍ത്തല്‍ക്കരാറിലെത്താന്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ വഴങ്ങില്ല. ഇതിനൊപ്പമാണ് ഫ്രാന്‍സും സമാധാന ശ്രമം നടത്തുന്നത്.

തിങ്കളാഴ്ച ബെകാ വാലിയിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആറ്് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായി മധ്യ ബയ്റുത്തിലും ഇസ്രയേല്‍ ആക്രമണം നടത്തി. പാര്‍പ്പിടസമുച്ചയം തകര്‍ന്ന് ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇവിടത്തെ കോല പട്ടണത്തിലുണ്ടായ ആക്രമണത്തില്‍ പലസ്തീന്‍ അനുകൂല സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്റെ (പി.എഫ്.എല്‍.പി.) മൂന്നുനേതാക്കള്‍ കൊല്ലപ്പെട്ടു.

അതിന് മുമ്പുള്ള ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ചത്തെ ആക്രമണങ്ങളില്‍ രാജ്യത്ത് ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡര്‍മാരെയെല്ലാം ഇസ്രയേല്‍ വധിച്ചു. 10 ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഒരാഴ്ചകൊണ്ട് ലെബനനില്‍നിന്ന് സിറിയയിലേക്ക് ഒരുലക്ഷംപേര്‍ പലായനം ചെയ്‌തെന്ന് യു.എന്‍. അറിയിച്ചു.


നസ്രുള്ളയെ വധിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനോനില്‍ നിന്നും പലായനം ചെയ്തവരുടെ അന്‍പതിനായിരം കടന്നു.