ഗാസയിലും ലബനനിലും ഇസ്രയേല്‍. ഗാസയില്‍ ലക്ഷ്യം ഹമാസാണെങ്കില്‍ ലബനനില്‍ ഹിസ്ബുളളയെയാണ ഇസ്രയേല്‍ ഉന്നമിടുന്നത്. ഇതിനിടെ യെമനിലും ബോംബിംഗ് തുടങ്ങി. അമേരിക്കയാണ് യെമനില്‍ ആക്രമണം നടത്തുന്നത്. ലക്ഷ്യം ഹൂത്തികളാണ്. പന്ത്രണ്ടിലധികം ഹൂത്തി കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ബോബം വര്‍ഷിച്ചത്. വലിയ നാശ നഷ്ടം ഹൂത്തികള്‍ക്കുണ്ടായിട്ടുണ്ട്.

യെമന്‍ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതായി ഹൂത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനമായ സനയും തുറമുഖ നഗരമായ ഹൊദൈദയും ഉള്‍പ്പെടെ യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള മൂന്ന് നഗരങ്ങളെയാണ് അമേരിക്ക ലക്ഷ്യമിട്ടതെന്ന് ഹൂത്തികള്‍ നടത്തുന്ന അല്‍ മസീറ ടെലിവിഷന്‍ ശൃംഖലയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണത്തില്‍ ആളപായം ഉണ്ടായോ എന്ന് വ്യക്തമല്ല. എന്നാല്‍ വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചാണ് ആക്രമണം. 15 കേന്ദ്രങ്ങള്‍ തകര്‍ത്തതായി അമേരിക്ക ആവകാശപ്പെട്ടു.

യെമനനു മുകളിലൂടെ പറക്കുന്ന യുഎസ് സൈനിക ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ പിന്തുണയുള്ള സംഘം അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് യെമനിലെ പല ഭാഗങ്ങളിലും ഹൂത്തി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയത്. യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അല്‍ ഹുദയ്ദ തുറമുഖത്തിന് വടക്ക് പടിഞ്ഞാറ് 64 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ രണ്ട് കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സി (യുകെഎംടിഒ) ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്ക യെമനിലേക്ക് പ്രത്യാക്രമണം നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെ ആദ്യ സംഭവത്തില്‍ ഡ്രോണ്‍ ബോട്ട് ഇടിച്ചാണ് കപ്പലിന് സാരമായി കേടുപാട് പറ്റിയത്. ക്രൂവില്ലാത്ത ഉപരിതല കപ്പലില്‍ ഇടിച്ച് ആറാം നമ്പര്‍ പോര്‍ട്ട് ബാലസ്റ്റ് ടാങ്ക് തകര്‍ന്നു. എല്ലാ കപ്പല്‍ ജീവനക്കാരും സുരക്ഷിതരാണെന്നും അടുത്ത തുറമുഖത്തേക്ക് നീങ്ങുകുകയാണെന്നും ബ്രിട്ടീഷ് ഏജന്‍സി അറിയിച്ചു. ഈ സംഭവം കഴിഞ്ഞ് മൂന്ന് മണിക്കൂറിനകമാണ് അടുത്ത ആക്രമണം. മിസൈല്‍ പതിച്ച് വ്യാപാര കപ്പല്‍ തകര്‍ന്നു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ നവംബര്‍ മുതല്‍ യെമനിലെ ഹൂത്തികള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേല്‍ ബന്ധമുള്ള ഏത് കപ്പലും ആക്രമിക്കുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കപ്പലുകളെ ആക്രമിക്കാന്‍ ഹൂത്തികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. അതുകൊണ്ടാണ് ആക്രമണം തുടങ്ങുന്നത്.

യെമന്‍, ഹൂത്തി, അമേരിക്ക