- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വര്‍ഷം ഇതുവരെ സൗദി തൂക്കിലേറ്റിയത് 208 പേരെ; പരിഷ്കാരങ്ങള്‍ക്കിടയിലും വധശിക്ഷക്ക് ഇളവില്ല; എംബിഎസ്സ് ഫാക്ടര്‍ സ്വാധീനിച്ചാല്‍ മാത്രം യുഎന്‍ മനുഷ്യാവകാശ സംഘടനയില്‍ സൗദിക്ക് അംഗത്വം; തീരുമാനം ഈ ആഴ്ച
ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്.
റിയാദ്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വത്തിനായി സൗദി അറേബ്യ നീക്കം ശക്തമാക്കിയിരിക്കുമ്പോള്‍ മറ്റൊരു പ്രതിസന്ധി അവര്‍ക്ക് മുന്നില്‍ ഉയരുന്നു. സൗദി അറേബ്യ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ തടസത്തിനുള്ള സാധ്യതകള്‍ തെളിയുന്നത്. ഈ വര്‍ഷം ഇതു വരെ 208 പേരെയാണ് സൗദി വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ല്‍ 196 പേര്‍ക്കാണ് സൗദി അറേബ്യ വധശിക്ഷ നടപ്പാക്കിയത്. ലോകത്ത് വധശിക്ഷ വ്യാപകമായി നടപ്പിലാക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. എന്നാല്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആകട്ടെ രാജ്യത്തെ വധശിക്ഷാ നിരക്കില്‍ കുറവ് വരുത്തും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
2015 ല്‍ കിരീടാവകാശി ആയതിന് ശേഷം 1447 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയിട്ടുള്ളത്. 2020 ല്‍ ചെറിയ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 31 പേരേയും ഓഗസ്റ്റ് മാസത്തില്‍ 41 പേരേയും വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. സൗദി അറേബ്യക്ക് യു.എന്‍ മനുഷ്യാവകാശ സംഘടനയില്‍ അംഗത്വം നല്‍കുന്നതിനുള്ള വോട്ടെടുപ്പ് രണ്ട് ദിവസത്തിനകം നടക്കും. നിലവില്‍ സംഘടനയില്‍ 47 രാജ്യങ്ങള്‍ക്കാണ് അംഗത്വമുളളത്. ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്.
പുതിയതായി ലോകരാജ്യങ്ങളില്‍ നിന്നായി 18 അംഗങ്ങളെയാണ് യു.എന്‍ ജനറല്‍ അസംബ്ലി തെരഞ്ഞെടുക്കുന്നത്. ഏഷ്യാ-പെസഫിക്ക് മേഖലയില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്ന് കരസ്ഥമാക്കാനാണ് സൗദി അറേബ്യയുടെ ശ്രമം. സൈപ്രസ്, തെക്കന്‍ കൊറിയ, തായ്ലന്‍ഡ്, ഖത്തര്‍, മാര്‍ഷല്‍ ഐലന്‍ഡ്സ് എന്നിവയാണ് സമിതിയില്‍ അംഗത്വത്തിനായി രംഗത്തുള്ളത്. സൗദി അറേബ്യക്ക് സംഘടനയില്‍ അംഗത്വം ലഭിക്കുകയാമെങ്കില്‍ അത് മുഹമ്മദ് ബിന്‍ സല്‍മാന് വലിയൊരു നേട്ടമായി മാറുമെന്ന് ഉറപ്പാണ്. സൗദി അറേബ്യയുടെ പ്രതിഛായ തന്നെ മാറ്റുന്നതിനായി അദ്ദേഹം ആവിഷ്‌ക്കരിച്ച വിഷന്‍ 2030നും ഈ നേട്ടം വലിയ അംഗീകാരമായിരിക്കും. 2016 ലാണ് കിരീടാവകാശി വിഷന്‍ 2030ന് തുടക്കം കുറിക്കുന്നത്.
പുതിയൊരു സമൂഹക്രമം കെട്ടിപ്പടുക്കുന്നതിനും എണ്ണ ഉത്പ്പാദനം മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ നൂതനമായ സംരംഭങ്ങളിലൂടെ മെച്ചപ്പെടുത്താനും വിഷന്‍ 2030 വിഭാവന ചെയ്യുന്നു. 2018 ല്‍ തന്നെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയ തീരുമാനവും സിനിമക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതും എല്ലാം ഇതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത് സൗദി അറേബ്യക്കെതിരെ മനുഷ്യാവകാശ സംഘടകള്‍ രംഗത്ത് എത്താന്‍ കാരണമായിരുന്നു. സൗദി ഭരണകൂടതതിന്റെ ശക്തനായ വിമര്‍ശകനായിരുന്ന ജമാല്‍ കഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുളളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.
2022 ല്‍ യെമന്‍-സൗദി അതിര്‍ത്തിയില്‍ വെച്ച് നൂറ് കണക്കിന് എത്യോപ്യന്‍ അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം മനുഷ്യാവകാശ സംഘടനകള്‍ ഏറ്റെടുത്തിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകളും സൗദിയില്‍ ആളുകളെ നിയമവിരുദ്ധമായി തടവിലാക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. 2020 ല്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയില്‍ അംഗത്വം നേടാനുള്ള സൗദിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.
സൗദി അറേബ്യ, തൂക്കുമരം, തൂക്കിലേറ്റല്‍