ജെറുസലേം: ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയായ വഫീഖ് സഫയെ വധിക്കാനാണ് ഇത്രയും വലിയൊരു സൈനിക നീക്കം ഇസ്രയേല്‍ നടത്തിയത്. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു എങ്കിലും വഫീഖ് സഫ രക്ഷപ്പടുകയായിരുന്നു. ഇതോടെ ടെല്‍അവീവ് നടത്തിയ നീക്കം എല്ലാ അര്‍ത്ഥത്തിലും വിജയകരമായില്ല.

ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ഇയാള്‍ ഒളിച്ചിരിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം നടന്നത്. ഇതിന് തൊട്ടു മുമ്പ് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ തെക്കന്‍ ലബനനിലെ ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലേക്കും മറ്റും കഴിഞ്ഞ ദിവസങ്ങല്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതിന് തിരിച്ചടി ആയിട്ടാണ് ഇത്രയും വിപുലമായ തോതില്‍ പ്രത്യാക്രമണം നടത്തിയത്. മധ്യ ബെയ്റൂട്ടിലെ ഒരു മൂന്ന് നില അപ്പാര്‍ട്ടമെന്റിലാണ് ഹിസ്ബുളള നേതാവ് താമസിച്ചിരുന്നത്.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് ലബനനിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ബെയ്റൂട്ടിലെ പല ബഹുനില മന്ദിരങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വീണു. മേഖലയില്‍ നേരത്തേ ആക്രമണം നടത്താതിരുന്ന സ്ഥലങ്ങളിലാണ് ഇസ്രയേല്‍ ഇന്നലെ ലക്ഷ്യം വെച്ചത്. ഒരു ഗ്യാസ് സ്റ്റേഷനില്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍തോതിലുള്ള തീപിടുത്തം ഉണ്ടായതായി ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യുതി ബന്ധം നിലച്ചത് കാരണം ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകിയതായും ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് ലബനീസ് മാധ്യമങ്ങള്‍ പറയുന്നത്.ഹിസ്ബുള്ളയുടെ പ്രമുഖരായ പല നതാക്കളേയും ഇതിനോടകം വധിച്ചു കഴിഞ്ഞ ഇസ്രയേല്‍ അടുത്തതായി ലക്ഷ്യമിടുന്നത് വസീഫ് സഫയെയാണ്. 2006 ല്‍ഹിസ്ബുള്ള വധിച്ച ഇസ്രയേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വസീഫ് സഫ.

ഇയാള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിവിദഗ്ധമായാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ലബനനിലെ തുറമുഖങ്ങള്‍ വഴി ഹിസ്ബുളളക്കായി ആയുധം കടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് വസീഫ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ബെയ്റൂട്ടില്‍ നിന്ന് വീട് വിട്ട് പോയവരോട് ഉടനെ മടങ്ങി എത്തരുതെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.