- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എസ്.ജയശങ്കര്‍ പാക്കിസ്ഥാനിലെത്തി; പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാക്ക് മണ്ണില്‍ എത്തുന്നത് 10 വര്‍ഷത്തിന് ശേഷം
കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്
ഇസ്‌ലാമാബാദ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി . ജയശങ്കര്‍ പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എസ്.ജയശങ്കറിനെ ഇസ്‌ലാമാബാദില്‍ സ്വാഗതം ചെയ്യുന്നതിന്റെ വിഡിയോ പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇസ്‌ലാമബാദിലും റാവല്‍പിണ്ടിയിലും പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നൂര്‍ ഖാന്‍ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്താന്‍ പ്രതിനിധികള്‍ സ്വീകരിച്ചു. ഒക്ടോബര്‍ 15,16 തീയകളില്‍ വിദേശകാര്യമന്ത്രി പാകിസ്താനിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സുരക്ഷ പാകിസ്താന്‍ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
23-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് എസ് ജയ്ശങ്കര്‍ പാകിസ്താനിലെത്തിയത്. ഉച്ചകോടിയില്‍ വ്യാപാരം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി നേതാക്കളാണ് ഉച്ചകോടയില്‍ പങ്കെടുക്കുന്നത്. ഇസ്ലാമാബാദില്‍ സുരക്ഷ കര്‍ശനമാക്കിയതായി പാകിസ്താര്‍ സര്‍ക്കാര്‍ അറിയിച്ചു.
ഉച്ചകോടി നടക്കുന്ന വേദി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെഡ് സോണ്‍ ഏരിയകള്‍ തുടങ്ങിയ ഭാഗങ്ങള്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും പാകിസ്താനിലെത്തുന്ന നേതാക്കളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന 900 ഓളം പ്രതിനിധികളുടെ സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിനിധികള്‍ക്ക് 14 ഇടങ്ങളില്‍ താമസ സൗകര്യങ്ങളും അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പാകിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ വിദേകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്. 16ന് ഇസ്ലാമാബാദില്‍ നടക്കുന്ന വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. പാക് പ്രതിനിധികളുമായി നയതന്ത്ര ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.