- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജ്ജാറിനെ കൊന്നത് അമിത് ഷായുടെ അറിവോടെയെന്ന് വാഷിങ്ടണ്‍ പോസ്റ്റ്; ലോറന്‍സ് ബിഷ്ണോയിയെ സംശയ നിഴലില്‍ നിര്‍ത്തി ഇന്ത്യയെ അപമാനിക്കാന്‍ കാനഡ; അമേരിക്കയുടെ നിലപാടും അംഗീകരിക്കില്ല; കാനഡയ്ക്കെതിരെ നയതന്ത്രം സജീവമാക്കാന്‍ മോദി സര്‍ക്കാര്‍
കാനഡയുമായി സഹകരണമില്ലെന്ന നിലപാട് ഇന്ത്യ തുടരും.
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണങ്ങളോട് ഇന്ത്യക്കെതിരെ ഗുരുതര നിലപാടുമായി അമേരിക്ക രംഗത്തെത്തുമ്പോഴും മോദി സര്‍ക്കാര്‍ നിടപാട് മാറ്റില്ല. കേസ് അന്വേഷണത്തില്‍ ഇന്ത്യ ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ നീരസം വ്യക്തമാക്കിയത്. ഇത് തല്‍കാലം ഗൗരവത്തോടെ ഇന്ത്യ എടുക്കില്ല. മറിച്ച് അമേരിക്കയെ സാഹചര്യം ബോധ്യപ്പെടുത്താനും ശ്രമിക്കും. കാനഡയുമായി സഹകരണമില്ലെന്ന നിലപാട് ഇന്ത്യ തുടരും.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണ് എന്നാണ് മാത്യൂ മില്ലര്‍ ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കുക തന്നെ വേണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യ ഈ ഒരു മാര്‍ഗമല്ല സ്വീകരിച്ചത് എന്നും മാത്യൂ മില്ലര്‍ കുറ്റപ്പെടുത്തുന്നു. നിജ്ജറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വളരെ നേരത്തേ തന്നെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇന്ത്യയും കാനഡയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഏറെ വിള്ളല്‍ ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഇന്ത്യ ഏര്‍പ്പെടുത്തിയ ഏജന്റുമാരാണ് നിജ്ജറിനെ വധിച്ചതെന്നും ഇത് ദേശ സുരക്ഷയെ തന്നെ ബാധിക്കുന്ന സംഭവമാണ് എന്നും ട്രൂഡോ കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ നിജ്ജാറിന്റെ കൊലപാതകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അറിവോടെയാണെന്ന ഗുരുതര ആരോപണവുമായി വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയും നല്‍കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചാണ് അമേരിക്കന്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിലെ ഉന്നതനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ചേര്‍ന്നാണ് ആസൂത്രണം നടത്തിയതെന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളുടെ ആശയവിനിമയങ്ങളില്‍നിന്നും വെളിപ്പെട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഖലിസ്ഥാന്‍വാദികളെ കുറിച്ചുള്ള വിവരം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ റോയ്ക്ക് കൈമാറുന്നുവെന്നും ഈ വിവരങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന് ലഭിക്കുന്നുവെന്നുമാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനൊപ്പമാണ് അമേരിക്കയുടെ നിലപാട് വിശദീകരണവും ചര്‍ച്ചകളില്‍ എത്തുന്നത്.
ട്രൂഡോയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ കാനഡയിലെ ഹൈക്കമീഷണരെ തിരികെ വിളിക്കുകയും ഇന്ത്യയിലെ ആറ് കനേഡിയന്‍ എംബസി ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത് എങ്കിലും
ഇതിനാവശ്യമായ തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കിയിരുന്നില്ല. ട്രൂഡോ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞ് തന്നെ തിരിച്ചടിച്ചിരുന്നു. അന്വേഷണത്തിന്റെ മറവില്‍ ഇന്ത്യക്കെതിരായ നീക്കം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
സ്വന്തം നാട്ടുകാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടുന്ന ട്രൂഡോ കാനഡയിലെ എട്ട് ലക്ഷത്തോളം വരുന്ന സിഖ് സമൂഹത്തെ പ്രീണിപ്പിക്കാനാണ് ഖാലിസ്ഥാന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ഇന്ത്യയുടെ ആരോപണം. 2018 ല്‍ ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ സന്ദര്‍സിച്ച വേളയില്‍ നടത്തിയ അത്താഴവിരുന്നിലേക്ക് ഒരു ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിനെ ക്ഷണിച്ചത് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. ഇതടക്കം ഇന്ത്യ അമേരിക്കയുടെ ശ്രദ്ധയില്‍ കൊണ്ടു വരും. ഇന്ത്യയെ അപമാനിക്കാന്‍ വേണ്ടിയാണ് കാനഡ ശ്രമിക്കുന്നതെന്ന വസ്തുതയും ബോധ്യപ്പെടുത്തും.
ന്ത്യ-കാനഡ നയതന്ത്രബന്ധം അങ്ങേയറ്റം വഷളായത് ഇതര മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിന്റെ പ്രത്യാഘാതം അടിയന്തരമായി ഏറ്റുവാങ്ങേണ്ടിവരിക കാനഡയില്‍ ഉപരിപഠനത്തിനും തൊഴിലിനും പോകാന്‍ ശ്രമിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം നയതന്ത്രജ്ഞരുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത് വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനെ ബാധിച്ചിരുന്നു. ഇപ്പോള്‍ ഹൈക്കമീഷണര്‍ അടക്കം ഡല്‍ഹി വിടുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകും.
വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഒഴുകുന്ന 10 രാജ്യത്തിന്റെ പട്ടികയില്‍ കാനഡയുണ്ട്. കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി ചരക്ക് വ്യാപാരത്തിന്റെ മൂല്യം 840 കോടി ഡോളറായിരുന്നു.