ചപ്പാരേ: ബൊളീവ്യയില്‍ ആഭ്യന്തരയുദ്ധം ശക്തമായി. കലാപകാരികള്‍ എല്ലാ സ്ഥലങ്ങളിലും വ്യാപകമായി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ മുന്‍ പ്രസിഡന്റിന് നേരേയും അവര്‍ നിറയൊഴിക്കുകയായിരുന്നു. മുന്‍ പ്രസിഡന്റായ ഇവോ മൊറൈല്‍സിന്റെ കാറിന് നേര്‍ക്കാണ് ആക്രമണകാരികള്‍ നിറയൊഴിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കാര്‍ അതിവേഗം ഓടിച്ചതിനാലാണ് മൊറൈല്‍സിന് ജീവന്‍ രക്ഷിക്കാനായത്. കാറിന്റെ ഗ്ലാസില്‍ വെടിയേറ്റിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങല്‍ ഒരാള്‍ കാറിന്റെ ഗ്ലാസ് ഉയര്‍ത്തി വെയ്ക്കാന്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം. കാറിന്റെ ഡ്രൈവര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ തലയില്‍ നിന്ന് രക്തം ഒഴുകുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഫോണില്‍ ആരെയോ വിളിക്കുന്ന മുന്‍ പ്രസിഡന്റ് തന്നെ ചിലര്‍ പിന്തുടരുകയാണെന്നും അവരെ തടയണമെന്നും ആവശ്യപ്പെടുന്നുണ്ട്. നഗരത്തിലെ മേയറെയാണ് മുന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇവാ മൊറൈല്‍സിന് നിര്‍ണായക സ്വാധീനമുള്ള ചപ്പാരേ മേഖലയില്‍ വെച്ചാണ് ആക്രമണം നടന്നത്. അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സേയാണ് എന്നാണ് ഇവാ മൊറൈല്‍സിന്റെ അനുയായികള്‍ ആരോപിക്കുന്നത്. ഒരു കാലത്ത് ഇവാമൊറൈല്‍സിന്റെ അടുത്ത അനുയായി ആയിരുന്ന ലൂയിസ് ഇപ്പോള്‍ തന്റെ പഴയ നേതാവിേനെ വേട്ടയാടാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഇവാ മൊറൈസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഭക്ഷണവും ഇന്ധനവും എത്തുന്നത് തടസപ്പെടുത്തുകയാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

2006 മുതല്‍ 2019 വരെ ബൊളീവ്യയുടെ പ്രസിഡന്റ് ആയിരുന്നു ഇവാ മൊറൈസ്. ആക്രമണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവാ മൊറൈല്‍സ് അക്രമികള്‍ തന്റെ കാറിന് നേര്‍ക്ക് പതിനാല് തവണയാണ് വെടിയുതിര്‍ത്തതെന്ന് ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റിനെതിരെ മല്‍സരിക്കുമെന്ന് ഇവോ മൊറൈല്‍സ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയപരമായി തന്നോട് എതിരിടാന്‍ കഴിയാത്ത ലൂയിസ് ഇപ്പോള്‍ തന്നെ കായികമായി നേരിടാനാണ് ശ്രമിക്കുന്നതെന്നാണ് മൊറൈല്‍സ് ആരോപിക്കുന്നത്. ഒരു മുന്‍ പ്രസിഡന്റിന് വധിക്കാന്‍ ആളുകളെ അയച്ച ലൂയിസ് രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട പ്രസിഡന്റ് ആണെന്നും മൊറൈല്‍സ് വിമര്‍ശിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇനിയും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സാമ്പത്തിക നില പരുങ്ങലിലായ ബൊളിവ്യ ഇപ്പോള്‍ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. അതിനിടെ മുന്‍ പ്രസിഡന്റ് ഇവോ മൊറൈല്‍സിന് ഒരു പതിനഞ്ചുകാരിയില്‍ കുട്ടിയുണ്ടായി എന്നും ഇത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ പെടുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൊറൈല്‍സ് ഇക്കാര്യം നിഷേധിക്കുകയും കേസിന് ആധാരമായ തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

കേസില്‍ മൊറൈസ് അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ ശക്തികേന്ദ്രമായ മധ്യ ബൊളിവ്യയിലെ ചപാരേ മേഖലയില്‍ അനുയായികളും ഒത്ത് കഴിയുകയായിരുന്നു.