ജെറുസലേം: ഐക്യരാഷ്ട്ര സഭയേയും വെല്ലുവളിച്ച് ഇസ്രയേല്‍. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി ഐക്യരാഷ്ട്രസഭ രൂപം കൊടുത്ത സംഘടനയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റാണ് സംഘടനക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഗാസയിലും വെസ്റ്റ്ബാങ്കിലും യു.എന്‍.ആര്‍.ഡബ്ല്യൂ.എക്ക് ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രവര്‍ത്തിക്കുന്നതിന് പൂര്‍ണമായ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലെത്തിക്കും.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതിന്റെ ആദ്യ ദിവസം തന്നെയാണ് ഇക്കാര്യത്തില്‍ ഒരു അടിയന്തിര തീരുമാനം ഇസ്രയേല്‍ കൈക്കൊണ്ടത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് സംബന്ധിച്ച തീരുമാനത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. സംഘടനയുമായി ഉദ്യോഗസ്ഥര്‍ ഒരു തരത്തിലും ബന്ധപ്പെടരുത് എന്നും ഇത് സംബന്ധിച്ച പ്രമേയത്തില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിന്റെ അനുമതിയില്ലാതെ ഈ സംഘടനയിലെ ആര്‍ക്കും ഇനി ഗാസയിലോ വെസ്റ്റ്ബാങ്കിലോ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഇസ്രയേല്‍ സര്‍ക്കാരോ സൈന്യമോ നല്‍കുന്ന പ്രവേശന പെര്‍മിററില്ലാതെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഇവിടങ്ങളില്‍ ഇനി മുതല്‍ പ്രവേശനം അനുവദിക്കില്ല. ഈജിപ്ത് അതിര്‍ത്തി വഴി ഗാസയിലേക്ക് കടക്കുന്നതിനും ഇസ്രയേലിന്റെ അനുമതി ആവശ്യമാണ് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇവിടെയും ഇസ്രയേല്‍ ശക്തമായ തോതില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഗാസ , വെസ്റ്റ്ബാങ്ക്, ജോര്‍ദ്ദാന്‍, ലബനന്‍, സിറിയ എന്നിവിടങ്ങല്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍്ത്ഥികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനായി ഐക്യരാഷ്ട്രസഭ രൂപീകരിച്ച സംഘടനയാണ് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ് അഥവാ യു.എന്‍.ആര്‍.ഡബ്ല്യൂ.എ. എന്നാല്‍ ഇസ്രയേല്‍ നടപടി കീഴ്്വഴക്കങ്ങളുടെ ലംഘനമാണെന്ന് യു.എന്‍.ആര്‍.ഡബ്ല്യൂ.എ ആരോപിച്ചു. ഇത് യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാമെന്നും സംഘടന കുറ്റപ്പെടുത്തി.

തീരുമാനം ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും കഴിഞ്ഞ ഒരു വര്‍ഷമായി ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയിലെ ഒരംഗം തന്നെ ഇത്തരത്തില്‍ അവര്‍ രൂപീകരിച്ച സംഘടനക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിചിത്രമാണെന്നും യു.എന്‍.ആര്‍.ഡബ്ല്യൂ.എ വക്താവ് ജൂലിയറ്റ്ടോമ ചൂണ്ടിക്കാട്ടി. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസും ഇസ്രയേല്‍ നടപടിയെ അപലപിച്ചു. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യൂ മില്ലറും ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ബ്രിട്ടനും ഇസ്രയേല്‍ തീരുമാനം ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യു.എന്‍ ഏജന്‍സിയുടെ പല ജീവനക്കാരും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന തങ്ങളുടെ പഴയ നിലപാട് ഇസ്രയേല്‍ വീണ്ടും ആവര്‍ത്തിച്ചു. കുറേ നാള്‍ മുമ്പ് ഇസ്രയേല്‍ വധിച്ച ഒരു ഹമാസ് നേതാവ് യു.എന്‍.ആര്‍.ഡബ്ല്യൂ.എ നടത്തുന്ന സ്‌ക്കൂളിലെ പ്രധാന അധ്യാപകന്‍ ആയിരുന്ന കാര്യവും ഇസ്രയേല്‍ പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ംഘടനയുടെ 10 ശതമാനത്തോളം ജീവനക്കാര്‍ ഭീകരവാദി സംഘടനകളുമായി ബന്ധമുള്ളവര്‍ ആണെന്നാണ് ഇസ്രയേല്‍ ഇപ്പോഴും പറയുന്നത്.