- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകിസ്ഥാനില്‍ ചൈനീസ് പൗരന്മാരെ ഭീകരര്‍ ആക്രമിച്ചത് ആറ് മാസത്തിനിടെ രണ്ട് തവണ; നിക്ഷേപങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തും; പാക്ക് ഭീകരവാദത്തെ പൊതുവേദിയില്‍ വിമര്‍ശിച്ച് ചൈനീസ് അംബാസഡര്‍
പാകിസ്ഥാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് ജിയാങ് സൈഡോംഗ്
ഇസ്ലാമാബാദ്: ചൈനീസ് പൗരന്‍മാരെ പാക്ക് ഭീകരര്‍ ലക്ഷ്യമിട്ട് തുടങ്ങിയതോടെ പാകിസ്ഥാനിലെ ഭീകരവാദത്തെ പൊതുവേദിയില്‍ വിമര്‍ശിച്ച് ചൈന. തങ്ങളുടെ പൗരന്‍മാരെ പാകിസ്ഥാനിലെ ഭീകരര്‍ ലക്ഷ്യമിടുകയാണെന്ന് ചൈനീസ് അംബാസഡര്‍ ജിയാങ് സൈഡോംഗ് തുറന്നടിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണ പാകിസ്ഥാനില്‍ ചൈനീസ് പൗരന്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന ഒരു പരിപാടിയില്‍ ജിയാങ് സൈഡോംഗ് വ്യക്തമാക്കി. ഇന്ത്യ - ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള സേനാ പിന്‍മാറ്റമടക്കം ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഭീകരത വിമര്‍ശിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ 'സെല്‍ഫ് ഗോള്‍' അടിക്കാനുള്ള ശ്രമമാണ് ചൈനീസ് അംബാസഡറെ പ്രകോപിപ്പിച്ചത്. സുരക്ഷാ പ്രശ്നങ്ങളുണ്ടായിട്ടും ചൈന തങ്ങളുടെ പൗരന്മാരെ അയക്കുന്നത് പാകിസ്ഥാനിലേയ്ക്ക് മാത്രമാണെന്നായിരുന്നു ഇഷാഖ് ദറിന്റെ പ്രതികരണം. നിക്ഷേപത്തിനുള്ള അവസരം എത്രമാത്രം ലാഭകരമാണെങ്കിലും സുരക്ഷാ പ്രശ്നമുണ്ടെങ്കില്‍ ചൈന അവരുടെ പൗരന്‍മാരെ ആ സ്ഥലത്തേയ്ക്ക് അയക്കില്ലെന്നും പാകിസ്ഥാന്‍-ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറില്‍ ഇഷാഖ് ദര്‍ പറഞ്ഞു.
ഇഷാഖ് ദാറിന്റെ പ്രതികരണത്തിനെതിരെ ഉടന്‍ തന്നെ ചൈനീസ് അംബാസഡര്‍ തന്റെ നിലപാട് വ്യക്തമാക്കി. ചൈനീസ് പൗരന്മാരുടെ സുരക്ഷയാണ് പ്രസിഡന്റ് ഷി ജിന്‍പിങിന് പരമപ്രധാനമെന്ന് ജിയാങ് സൈഡോംഗ് വ്യക്തമാക്കി. പാകിസ്ഥാനിലുള്ള ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും ജിയാങ് സൈഡോംഗ് കൂട്ടിച്ചേര്‍ത്തു.
ചൈനീസ് അംബാസഡറുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്രവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ നിന്നുള്ള വ്യതിചലനമാണിതെന്നും മുംതാസ് സഹ്റ ബലോച്ച് വ്യക്തമാക്കി. പാകിസ്ഥാനെ ചൈന വിമര്‍ശിക്കുന്നതും ചൈനയുടെ വിമര്‍ശനത്തോടുള്ള പാകിസ്ഥാന്റെ പരസ്യ പ്രതികരണവും അപൂര്‍വമാണെന്നതാണ് ശ്രദ്ധേയം.
അടുത്തിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള സേനാ പിന്‍മാറ്റവും പട്രോളിംഗ് പുനരാരംഭിക്കുന്നതും സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ദീപാവലി ദിനത്തില്‍ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യയും ചൈനയും മധുരം കൈമാറുകയും ചെയ്തിരുന്നു.