- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറ് വയസ്സ് വരെ നൈജീരിയയില്‍ ജീവിച്ചു; മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തു; ടോറികളുടെ ചരിത്രം തിരുത്തി ആദ്യ കറുത്തവര്‍ഗക്കാരി നേതാവായതോടെ വലിയ നേതാക്കള്‍ പിന്‍വലിഞ്ഞു: കെമി ബാഡനോക്ക് ഇനിയെന്ത് ചെയ്യും? ഇംഗ്ലീഷുകാരും മാറി ചിന്തിക്കുമ്പോള്‍
ലണ്ടന്‍: സാധാരണക്കാരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ മനസ്സ് വായിക്കാന്‍ മാധ്യമങ്ങള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിഞ്ഞില്ല. വംശവും വര്‍ണ്ണവും തിരിച്ച് കണക്കുകള്‍ കൂട്ടി റോബര്‍ട്ട് ജെന്റിക്കിന്റെ വിജയം പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകര്‍ക്കും അതിനായില്ല. ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരി നേതൃസ്ഥാനത്തേക്ക് വന്നു, അല്ലെങ്കില്‍, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരും അംഗങ്ങളും അവരെ കൊണ്ടുവന്നു. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറായിരുന്നു അവരെ അഭിനന്ദിച്ചുകൊണ്ട് ആദ്യം രംഗത്ത് വന്നത്. രാജ്യത്തിന് തന്നെ അഭിമാനകരമായ ഒരു മുഹൂര്‍ത്തം എന്നായിരുന്നു ലേബര്‍ നേതാവ് പറഞ്ഞത്. അതേസമയം, ലേബര്‍ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സമത്വം നിലനില്‍ക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലാണ് എന്നതിന്റെ തെളിവാണിതെന്നായിരുന്നു പാര്‍ട്ടി വക്താവ് അഭിപ്രായപ്പെട്ടത്.
യൂറോപ്പിലെ തന്നെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കെത്തുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയായ വനിതയായി മാറിയിരിക്കുകയാണ് കെമി ബേഡ്‌നോക്ക്. മാത്രമല്ല, മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേ, ലിസ് ട്രസ്സ് എന്നിവര്‍ക്ക് പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവാകുന്ന നാലാമത്തെ വനിതയുമാണിവര്‍. ഒരിക്കല്‍ ബ്രിട്ടീഷ് ഏഷ്യന്‍ വംശജന്‍ ഋഷി സുനകും പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍, വര്‍ഗ്ഗ സമര സിദ്ധാന്തം ഉദ്‌ഘോഷിക്കുന്ന ലേബര്‍ പാര്‍ട്ടിയില്‍ ഇത് വരെ വെള്ളക്കാരായ പുരുഷന്മാര്‍ മാത്രമെ നേതൃസ്ഥാനത്തേക്ക് എത്തിയിട്ടുള്ളു എന്നത് ഒരു വൈരുദ്ധ്യമാകാം.
പുരുഷാധിപത്യമുള്ള, നിറം മങ്ങി പഴകിപ്പോയ ലേബര്‍ പാര്‍ട്ടി തീര്‍ച്ചയായും സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ട് എന്നായിരുന്നു മുന്‍ ഹോം സെക്രട്ടറിയും, ടോറി നേതൃസ്ഥാനത്തേക്ക് മത്സരിച്ച വ്യക്തിയുമായ ജെയിംസ് ക്ലെവര്‍ലി ട്വീറ്റ് ചെയ്തത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സിയാറ ലിയോണില്‍ നിന്നുള്ളതാണ് ക്ലെവര്‍ലിയുടെ മാതാവ്. കറുത്ത വര്‍ഗ്ഗക്കാരിയുടെ വിജയത്തില്‍ സന്തോഷിക്കുമ്പോഴും അറിയേണ്ട വസ്തുത ബേഡ്‌നോക്കല്ല യു കെയിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ നേതാവ് എന്നതാണ്. സാംബിയന്‍ വംശജയായ അമ്മയില്‍ പിറന്ന വോഗാന്‍ ഗീതിംഗ് ഈ വര്‍ഷം ആദ്യം കുറച്ചുനാള്‍ വെല്‍ഷ് ലേബര്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു. പശ്ചിമ യൂറോപ്പിലെ കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ പാര്‍ട്ടി നേതാവ് എന്ന പദവിയിലെത്തിയ അദ്ദേഹം പിന്നീട് സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെട്ട് സ്ഥാനം ഒഴിയുകയായിരുന്നു.
നാലുമാസം നീണ്ട പോരാട്ടമായിരുന്നു ഋഷി സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കടുത്ത വാക്കുതര്‍ക്കങ്ങളായിരുന്നു ഇതിനിടയില്‍ സ്ഥാനാര്‍ത്ഥികല്‍ തമ്മില്‍ നടന്നത്. എതിരാളിയായ റോബര്‍ട്ട് ജെന്റിക്കിന്റെ സത്യസന്ധതയെ പോലും കെമി ബേഡ്‌നോക്ക് ചോദ്യം ചെയ്തിരുന്നു. അതേസമയം, 2022 ല്‍ ലിസ് ട്രസ്സ് തെരഞ്ഞെടുക്കപ്പെട്ട വോട്ടിംഗില്‍ പങ്കെടുത്ത അത്രയും പാര്‍ട്ടി അംഗങ്ങള്‍ ഇത്തവണ വോട്ട് ചെയ്തില്ല. മാത്രമല്ല, ഇതിന് മുന്‍പ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചവര്‍ക്കെല്ലാം 60 ശതമാനത്തിലധികം വോട്ട് നേടാനായെങ്കില്‍, ഇത്തവണ കെമി ബേഡ്‌നോക്കിന് നേടാനായത് 56.5 ശതമാനം മാത്രമായിരുന്നു.
ലേബര്‍ സര്‍ക്കാരിനെ, അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതമാക്കുക എന്നതായിരിക്കും തന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം എന്ന് ഫലപ്രഖ്യാപനത്തിന് ശേഷം കെമി ബേഡ്‌നോക്ക് പറഞ്ഞു. രണ്ടാമത്തെ ഉത്തരവാദിത്തവും ഒട്ടും അപ്രധാനമല്ല, പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് നയിക്കുക എന്നതാണത് എന്നും അവര്‍ പറഞ്ഞു.
പറയുന്നത് സുരക്ഷിതമല്ല എന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പോലും വെട്ടിത്തുറന്ന് പറയുന്ന കെമിയുടെ സ്വഭാവമാണ് സാധാരണക്കാരായ പ്രവര്‍ത്തകരെ ആകര്‍ഷിച്ചത്. ലിംഗ സമത്വം മുതല്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട വംശീയ വിവേചനം വരെ അവര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതാണ് പാര്‍ട്ടിയിലെ ഇടത്- വലതു പക്ഷക്കാരെ ഒരുപോലെ ബേഡ്‌നോക്കിനെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിച്ചത്.മന്ത്രിയായിരുന്ന കാലത്തും അവര്‍ ഉദ്യോഗസ്ഥ വൃന്ദത്തോട് ഏറ്റുമുട്ടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എല്ലാ പൊതു കെട്ടിടങ്ങളിലും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍ വേണമെന്ന് അവര്‍ വാശിപിടിച്ചിരുന്നു.
എന്നാല്‍, ഇവരുടെ പോരാട്ട വീര്യം നിറഞ്ഞ സ്വഭാവം, ഒത്തുതീര്‍പ്പുകള്‍ ഏറെ ആവശ്യമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രയോജനം ചെയ്യുമോ എന്ന് സംശയിക്കുന്നവരും ഏറെയുണ്ട്. മറ്റേണിറ്റി പേ വളരെ കൂടുതലാണെന്നും, മോശപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജയിലിലടക്കണം എന്നുമൊക്കെ ഒക്ടോബറില്‍ ബിര്‍മ്മിംഗ്ഹാമില്‍ നടന്ന സമ്മേളനത്തില്‍ ഇവര്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍, താന്‍ ഒരിക്കലും മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാറില്ല എന്നാണ് കെമി അവകാശപ്പെടാറുള്ളത്.
തന്റെ രാഷ്ട്രീയ വീക്ഷണം എക്കാലവും നൈജീരിയന്‍ പൈതൃകത്തില്‍ ഊന്നിയുള്ളതായിരുന്നു എന്ന് അവകാശപ്പെടുന്ന കെമി ബേഡ്‌നോക്ക്, വിംബിള്‍ഡണിലെ ഒരു കത്തോലിക്ക മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ജനിച്ചത്. എന്നാല്‍, വളര്‍ന്നത് മാതാപിതാക്കള്‍ക്കൊപ്പം നൈജീരിയയിലും. അവരുടെ പിതാവ് ഒരു ജി പി ആയിരുന്നു, അമ്മ ഫിസിയോളജി പ്രൊഫസറും. ബ്രിട്ടനില്‍ ജനിച്ചതിനാല്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ച കെമിയെ 1990 കളിലെ സാമ്പത്തിക മാന്ദ്യകാലത്ത് മാതാപിതാക്കള്‍ ലണ്ടനിലെ ഒരു കുടുംബ സുഹൃത്തിനടുത്തേക്ക് അയയ്ക്കുകയായിരുന്നു. അവിടെയായിരുന്നു അവര്‍ വിദ്യാഭ്യാസം തുടര്‍ന്നത്.
മെക് ഡോണാള്‍ഡ്‌സില്‍ പാര്‍ട്ടൈം ജോലി ചെയ്തുകൊണ്ടായിരുന്നു അവര്‍ പഠനം തുടര്‍ന്നത്. ഇടതുപക്ഷ ചായ്വുണ്ടായിരുന്ന കെമി ബേഡ്‌നോക്ക് വെള്ളക്കാരായ ഇടതുപക്ഷക്കാരുടെ, ആഫ്രിക്കയിലെ ജീവിത യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ള പൊള്ളയായ വാക്കുകള്‍ കേട്ട് മടുത്താണ് ടോറി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇത് അവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ്.