- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് അധികാരം പിടിച്ചത് ഇസ്രയേലിന് കരുത്തായാലും പ്രശ്നമില്ലെന്ന സന്ദേശം നല്കി ഹിസ്ബുള്ള; ഇസ്രയേല്‍ അതിര്‍ത്തിയില്‍ റോക്കറ്റ് വര്‍ഷം നടത്തി ഹിസ്ബുള്ള; പശ്ചിമേഷ്യയില്‍ നാശംവിതയ്ക്കാന്‍ ജിഹാദ് മിസൈലുകളും; ഇസ്രയേല്‍ വിമാനത്താവളങ്ങളില്‍ ഭീതി പടര്‍ത്തി ആക്രമണം
ജെറുസലേം: അമേരിക്കന്‍ പ്രസിഡന്റ് പദം ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ചതിന് പിന്നാലെ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹിസ്ബുള്ള ഭീകരര്‍ റോക്കറ്റാക്രമണം നടത്തി നല്‍കുന്നത് ആക്രമണം തുടരുമെന്ന സന്ദേശം. ഇസ്രയേല്‍ ലബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഹിസ്ബുള്ള റോക്കറ്റ് വര്‍ഷമാണ് നടത്തിയത്. ഇസ്രയേലിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഒന്നായ ബെന്‍ഗുരിയോണിലാണ് റോക്കറ്റ് വന്ന് പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ നിന്നുളള വിമാന സര്‍വ്വീസുകള്‍ പലതും വൈകുകയും തടസപ്പെടുകയും ചെയ്തു. ട്രംപ് അധികാരത്തിലെത്തുമ്പോള്‍ ഇസ്രയേലിന് കരുത്ത് കൂടുമെന്ന വിലയിരുത്തല്‍ സജീവമാണ്. എന്നാല്‍ ഇതിനെ തങ്ങള്‍ ഭയക്കുന്നില്ലെന്ന സന്ദേശമാണ് ആക്രമണം നല്‍കുന്നത്.
വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സെറിഫിന്‍ എയര്‍ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലും പതിച്ചിട്ടുണ്ട്. കാറിന് കേടുപാടുകള്‍ സംഭവിച്ചു എങ്കിലും ആളപായം ഉണ്ടായില്ല. ഹിസ്ബുള്ള അയച്ച റോക്കറ്റുകളില്‍ ഒന്ന് മാത്രമാണ് ഇസ്രയേലിലേക്ക് കടന്ന് കയറിയത്. ഇന്നലെ 120 ഓളം റോക്കറ്റുകളാണ് ലബനനില്‍ നിന്ന് ഇസ്രയേലിലേക്ക് ഭീകരര്‍ അയച്ചത്. ഒന്നൊഴികെ എല്ലാ റോക്കറ്റുകളും പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ വ്യക്തമാക്കി.
ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേ സമയം സെരിഫിന്‍ എയര്‍ബേസ് ലക്ഷ്യമിട്ട് തങ്ങള്‍ ഇതാദ്യമായിട്ടാണ് ആക്രമണം നടത്തുന്നതതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്. ഹൈഫ നഗരത്തിലെ നേവല്‍ബേസും ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇത് നാലാം തവണയാണ് ഹിസ്ബുള്ള ഇവിടെ ആക്രമണം നടത്തുന്നത്. ഹൈഫാ നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റെല്ലാ മേരിസ് നാവികത്താവളത്തിന് നേരേയാണ് ഹിസ്ബുളള മിസൈലുകളും ഡ്രോണുകളും അയച്ചത്.
അതേ സമയം ബെയ്റൂട്ടില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരകമായ ജിഹാദ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകള്‍ ആദ്യമായാണ് ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറില്‍ നടന്ന ഇറാന്റെ സൈനിക പരേഡില്‍ ജിഹാദ് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഹൈഫയിലെ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗണ്‍ അല്‍-റാസിലെ സൈനിക താവളത്തിന് നേരെ തുടര്‍ച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേല്‍ സൈനികര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെര്‍മന്‍ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോന്‍ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെയും റോക്കറ്റ് ആക്രമണവും നടന്നു.