ടെഹ്‌റാന്‍: ഇറാനില്‍ തട്ടമിടാതെ നൃത്തം ചെയ്തതിന് സ്‌ക്കൂളില്‍ നിന്ന് പുറത്താക്കിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിവാദത്തില്‍. ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. അരേസു ഖവാരി എന്ന പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. അരേസു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമമായ എക്സില്‍ വൈറലായതോടെ ഇറാനിലെ മതഭരണകൂടത്തിന് എതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്.

അഫ്ഗാനിസ്ഥാന്‍ പൗരയായ ഈ പെണ്‍കുട്ടി ഷഹരാരി നഗരത്തിലാണ് താമസിക്കുന്നത്. അരേസു ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരിച്ചു എന്നാണ് ഇറാനിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. അതേ സമയം സ്‌ക്കൂളില്‍ നിന്ന് വിനോദയാത്ര പോയ വേളയില്‍ അരേസു ജീന്‍സ് ധരിച്ചു എന്ന കുറ്റത്തിനാണ് സ്‌ക്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു വീഡിയോയില്‍ തട്ടമിടാതെ നൃത്തം ചെയ്തതിന് അരേസുവിനെ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് എതിരെ പരാതി നല്‍കി എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. താലിബന്‍ ഭരണകൂടം പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കുന്നില്ലങ്കില്‍ ഇറാന്‍ സര്‍ക്കാര്‍ അവരെ സ്വന്തമായി ഏത് വസ്ത്രം ധരിക്കണം എന്നത് പോലും അനുവദിക്കുന്നില്ല എന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.

സ്ത്രീകളോട് നികൃഷ്ടമായി പെരുമാറുകയും അവരുടെ സ്വാതന്ത്യം തന്നെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന ഇറാന്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വരണമെന്നാണ് ഇറാനിലെ വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ മതഭരണകൂടത്തിന്റെ മനുഷ്യത്വമില്ലായമക്കെതിരെ അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനിയോട്് അധികൃതര്‍ കാട്ടിയ ക്രൂരത ലോകം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവവും എത്തുന്നത്.

ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ച യുവതിയെ ഇറാന്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇറാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മഹ്സാ അമീനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം ലോകവ്യാപകമായി തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇറാനില്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പ്രതിഷേധ സമരത്തിനാണ് സംഭവം ഇടയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടെഹ്റാനില്‍ ഹിജാബ് ധരിക്കാതെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന അര്‍മിത ഗരാവന്ദ് എന്ന കൗമാരിക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ഇറാനില്‍ സ്ത്രീകള്‍ ഇപ്പോള്‍ നേരിടുന്ന പരിതാപകരമായ അവസ്ഥയാണ് വ്യക്തമാക്കുന്നത്.