മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് ശക്തമായ ഡ്രോണാക്രമണം നടത്തി യുക്രൈന്‍. ഇന്ന് രാവിലെയാണ് ഇരുപതിലധികം ഡ്രോണുകള്‍ മോസ്‌ക്കോയിലേക്ക് പാഞ്ഞെത്തിയത്. തുടര്‍ന്ന് മോസ്‌ക്കോയിലെ രണ്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവയില്‍ പന്ത്രണ്ടോളം ഡ്രോണുകളെ മോസ്‌ക്കോയുടെ സമീപ ജില്ലകളില്‍ വെച്ച് തന്നെ തകര്‍ക്കാന്‍ റഷ്യന്‍ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു.

തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വിവിധ മേഖലകളിലായി ചിതറി കിടക്കുകയാണ്. ആളപായമോ ആര്‍ക്കെങ്കിലും ഡ്രോണാക്രമണത്തില്‍ പരിക്കേറ്റതായോ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി അഗ്‌നിരക്ഷാ സേനയെ മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. . ഡെമോ ഡെഡേമോ, സുക്കോവോ എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് ഡ്രോണ്‍ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചത്. രാവിലെ അഞ്ചരയോടെയാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്.

ഈ നിയന്ത്രണം എത്ര മണി വരെ തുടരുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഇനിയും അറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ സെപ്തംബറിലും യുക്രൈന്‍ മോസ്‌ക്കോയിലേക്ക് ശക്തമായ തോതില്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം 20 ഓളം ഡ്രോണുകള്‍ അന്ന് തകര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകള്‍ക്ക് ഗുരുതരമായ രീതിയില്‍ കേടുപാടുകളും സംഭവിച്ചിരുന്നു. ആ സമയത്ത് അമ്പതോളം വിമാന സര്‍വ്വീസുകളാണ് അന്ന് മോസ്‌ക്കോയില്‍ നിന്ന് വഴിമാറ്റി വിട്ടത്.

റഷ്യയില്‍ വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തുന്ന സാഹചര്യത്തില്‍ ബൈഡന്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിരുന്ന സൈനിക സഹായം ഇനി ഉണ്ടാകാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവ് തന്നെ ആയിരിക്കാം അമേരിക്കയില്‍ ഫലപ്രഖ്യാപനം വന്നതിന്റെ തൊട്ടു പിന്നാലെ യുക്രൈന്‍ ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നത്. നേരത്തേ റഷ്യയിലേക്ക് ശക്തമായ ആക്രമണം നടത്തിയ യുക്രൈന്‍ അതിര്‍ത്തി മേഖലയിലെ പല ഗ്രാമങ്ങളും പിടിച്ചെടുക്കുകയും അവിടെ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

റഷ്യയും യുക്രൈനും തമ്മില്‍ ആരംഭിച്ച യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഇപ്പോഴും എവിടെയും എത്താതെ തുടരുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥരായി വരുന്നതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു.