ന്യൂയോര്‍ക്ക്: പ്രസിഡന്റായി രണ്ടാം വട്ടം വിജയിച്ച ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ അമേരിക്കക്കാര്‍ക്ക് മാത്രമല്ല ബ്രിട്ടീഷുകാര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ വാഗ്ദാനം അങ്ങേയറ്റം വൈകാരികവുമാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലെ ഓഫീസ് മുറിയില്‍ വര്‍ഷങ്ങളായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വെങ്കലത്തില്‍ തീര്‍ത്ത ചെറിയൊരു അര്‍ദ്ധകായ പ്രതിമയുണ്ടായിരുന്നു. എന്നാല്‍ ജോ ബൈഡന്‍ കഴിഞ്ഞ തവണ പ്രസിഡന്റായ സന്ദര്‍ഭത്തില്‍ ഈ പ്രതിമ എടുത്ത്് മാറ്റുകയായിരുന്നു. പകരം തന്റെ ആരാധ്യപുരുഷനായ തൊഴിലാളി നേതാവായിരുന്ന സീസര്‍ ഷാവേസിന്റെ പ്രതിമ ബൈഡന്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. ഈ വാര്‍ത്ത ബ്രിട്ടീഷുകാരെ ഏറെ ദുഖിപ്പിച്ച ഒരു നടപടിയായിരുന്നു.

എന്നാല്‍ ട്രംപ് താന്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ തന്റെ ആരാധന വിഗ്രഹമായ ചര്‍ച്ചിലിന്റെ പ്രതിമ ഓവല്‍ ഓഫീസില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ട്രംപിന്റെ മാതാവ് സ്‌ക്കോട്ട്ലന്‍ഡ്കാരിയാണ് എന്ന വസ്തുതയും പലരും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ലോകം ഇന്നേ വരെ കണ്ട ഏറ്റവും മഹാനായ മനുഷ്യനാണ് ചര്‍ച്ചില്‍ എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം എന്നാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികള്‍ പറയുന്നത്. അത് കൊണ്ട് ഏറ്റവും ആദരവ് ലഭിക്കുന്ന രീതിയില്‍ തന്നെ അദ്ദേഹം ചര്‍ച്ചിലിന്റെ പ്രതിമ സ്ഥാപിക്കും എന്നും അവര്‍ വിശ്വസിക്കുന്നു.

കുറേ നാള്‍ മുമ്പ് ഒസ്‌ക്കാര്‍ അവാര്‍ഡ് നേടിയ സിനിമയായ ദി ഡാര്‍ക്കസ്റ്റ് അവര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണെന്ന് ട്രംപ് പറയാന്‍ തന്നെ കാരണം വിഖ്യാത നടനായ ഗാരി ഓള്‍ഡ്മാനാണ് ഈ ചിത്രത്തില്‍ ചര്‍ച്ചിലായി അഭിനയിച്ചത് എന്നതാണ്. ഇംഗ്ലണ്ടിലെ പ്രശസ്ത ശില്‍പ്പിയായ സര്‍ ജേക്കബ്ബ് എപ്സ്‌റ്റൈനാണ് ചര്‍ച്ചിലിന്റെ ഈ പ്രതിമ നിര്‍മ്മിച്ചത്. 1965 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ലിന്‍ഡന്‍ ബി ജോണ്‍സന് ചര്‍ച്ചിലിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഈ പ്രതിമ സമ്മാനിച്ചത്.

2009 ല്‍ വരെ ഓവല്‍ ഓഫീസില്‍ ഉണ്ടായിരുന്ന ഈ പ്രതിമ ആദ്യം നീക്കം ചെയ്തത് 2009 ല്‍ ബരാക്ക് ഒബാമ പ്രസിഡന്‍ര് ആയപ്പോഴാണ്. പകരം ഒബാമ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പ്രതിമ അവിടെ സ്ഥാപിച്ചു. ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ ചര്‍ച്ചിലിന്റെ ജീവചരിത്രം എഴുതിയപ്പോള്‍ ഒബാമയുടെ ഈ നടപടിയെ കുററപ്പെടുത്തിയിരുന്നു. എന്നാല്‍ 2016 ല്‍ ഡൊണാള്‍ഡ് ട്രംപ് 2016 ല്‍ പ്രസിഡന്റ് ആയപ്പോള്‍ ചര്‍ച്ചിലിന്റെ പ്രതിമ വീണ്ടും ഓവല്‍ഹൗസില്‍ സ്ഥാപിക്കപ്പെട്ടു.

ചര്‍ച്ചിലും ട്രംപിനെ പോലെ ഒരിടവേളക്ക് ശേഷമാണ് വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. 1945 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചര്‍ച്ചില്‍ 1951 ലാണ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ പ്രസിഡന്റായിരുന്ന സന്ദര്‍ത്തില്‍ ചര്‍ച്ചിലിന്റെ കുടുംബാംഗങ്ങളുമായി ട്രംപ് ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയത്. ട്രംപിന്റെ ഈ തീരുമാനത്തെ ബ്രിട്ടനിലെ പല പ്രമുഖരും സന്തോഷം രേഖപ്പെടുത്തി. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പേരക്കുട്ടിയായ നിക്കോളാസ് സോംസും മുത്തച്ഛന്റെ പ്രതിമ ഓവല്‍ ഓഫീസില്‍ തിരികെ എത്തുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.