- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതന്യാഹുവിനെ അറസ്റ്റു ചെയ്യാന്‍ ബ്രിട്ടണ്; അയര്‍ലണ്ടും ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യും; ഹംഗറിയാകട്ടെ നെതന്യാഹുവിനെ കെട്ടിപിടിക്കും; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അറിയേണ്ടത് അമേരിക്കന്‍ നിലപാട്; യുദ്ധക്കുറ്റം ചര്‍ച്ചകളിലേക്ക്
ലണ്ടന്‍: ബ്രിട്ടനില്‍ എത്തുകയാണെങ്കില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടന്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ബ്രിട്ടന്‍ നിലപാട് വ്യക്തമാക്കിയത്. അയര്‍ലന്‍ഡും നെതന്യാഹുവിന്റെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഹംഗറിയാകട്ടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിനെ തള്ളിക്കളഞ്ഞു.
കൂടാതെ നെതന്യാഹുവിനോട് ഹംഗറിയില്‍ സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി കഴിഞ്ഞ ദിവസം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയിഫ് എന്നിവരുടെ പേരിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രയേലും അമേരിക്കയും ഈ ഉത്തരവ് തള്ളിക്കളഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നിയമവും രാജ്യത്ത് നില നിലവിലുള്ള നിയമസംവിധാനങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞത് നെതന്യാഹു തങ്ങളുടെ രാജ്യത്ത് എത്തിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയെ തങ്ങള്‍ ആദരിക്കുന്നു എന്നും അത് കൊണ്ട് തന്നെ അവരുടെ ഉത്തരവുകള്‍ പാലിക്കാന്‍ രാജ്യം തയ്യാറാണെന്നും സൈമണ്‍ ഹാരിസ് പറഞ്ഞു. ഫലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതായി നേരത്തേ അയര്‍ലന്‍ഡ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡിലെ അംബാസഡറിനെ ഇസ്രയേല്‍ തിരികെ വിളിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും മോശമായ നിലയില്‍ തന്നെയാണ് തുടരുന്നതെന്നാണ് സൂചന. കഴിഞ്ഞ മെയ് മാസത്തിലാണ് ഈ സംഭവ വികാസങ്ങള്‍ ഉണ്ടായത്. ഗാസയില്‍ ഇസ്രയേല്‍ ചെയ്തത് യുദ്ധക്കുറ്റം തന്നെയാണ് എന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഐറിഷ് വിദേശകാര്യ മന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഗാസയില്‍ നടന്നത് വംശഹത്യ ആണെന്നും അദ്ദേഹം ആരോപിച്ചു.
കാനഡ, ബെല്‍ജിയം, സ്പെയിന്‍, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, സ്ലോവേനിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നതായി വ്യക്തമാക്കി. ഹംഗറി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ കോടതിയുടെ ഉത്തരവ് തള്ളിക്കളഞ്ഞു. മാത്രമല്ല ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ നെതന്യാഹുവിനോട് തങ്ങളുടെ രാജ്യത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നെതന്യാഹുവിന് എല്ലാ വിധ സുരക്ഷയും തങ്ങള്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക ക്ഷണക്കത്ത് നെതന്യാഹുവിന് വിക്ടര്‍ ഒര്‍ബാന്‍ അയയ്ക്കുകയും ചെയ്തു.
കോടതി ഉത്തരവിനെ അപമാനകരമായ വിധി എന്നാണ് ഒര്‍ബാന്‍ വിശേഷിപ്പിച്ചത്. ഐ.സി.സിയിലെ അംഗരാജ്യമാണ് ഹംഗറി. കൂടാതെ ജനുവരിയില്‍ ഭരണമേറ്റതിന് പിന്നാലെ ഐ.സി.സിക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് ട്രംപ് പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്. ഫ്രാന്‍സും കോടതി ഉത്തരവ് അനുസരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
നെതന്യാഹു, ഇസ്രയേല്‍, ഹംഗറി