വാഷിങ്ങ്ടണ്‍: അമേരിക്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ടാണ് വൈറ്റ് ഹൗസിലേക്ക് ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തുന്നത്.നേരത്തെ ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ തന്നെ ഇന്ത്യയുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്.അതിനാല്‍ തന്നെ ഈ വരവിലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം മറ്റു ലോകരാഷ്ട്രങ്ങള്‍ വരെ ഉറ്റ് നോക്കുന്നതാണ്.വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുമ്പു തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ അനുമോദിച്ച് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

'പ്രിയസുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ചരിത്രവിജയത്തില്‍ ഹൃദയംഗമമായ അഭിനന്ദനം' അര്‍പ്പിക്കുകയും ആദ്യ പ്രസിഡന്‍സിക്കാലത്തെ സംയോജിത പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാനും തങ്ങളുടെ ജനതകളുടെ ജീവിതവും ലോകസമാധാനവും സമൃദ്ധിയും സ്ഥിരതയും മെച്ചപ്പെടുത്താനും ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നുമാണ് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയത്. ഈ വാക്കുകളില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ വ്യക്തമായിരുന്നു.എന്നാല്‍ ഇപ്പോഴിത ആ പ്രതീക്ഷകളെ ശരിവെക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.ട്രംപിന്റെ പുതിയ സംഘത്തിലേക്ക് പ്രധാന പദവികളിലേക്ക് ഒക്കെ തന്നെയും അദ്ദേഹം ഇന്ത്യക്കാരെയാണ് പരിഗണിക്കുന്നത്.

പലരുടെയും കാര്യത്തില്‍ സ്ഥിരീകരണം വന്നപ്പോള്‍ കൂടുതല്‍ പേരുകള്‍ പരിഗണനയിലുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേലിനെ എഫ് ബി ഐ തലവനായി നിശ്ചയിച്ചതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ ജയ് ഭട്ടാചാര്യയെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായും ക്യാബിനറ്റിലേക്ക് മലയാളി കൂടിയായ വിവേക് രാമസ്വാമിയെയും ബോബി ജിന്‍ഡാലിനെയും പരിഗണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ഇവിടെക്കൊണ്ടും തീരുന്നില്ല മന്ത്രി സഭയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പങ്കാളി ഉഷ വാന്‍സും ട്രംപിന്റെ ഭരണസംഘത്തിലെ ഇന്ത്യന്‍ സാന്നിദ്ധ്യങ്ങളാണ്.

ട്രംപിന്റെ ഏറ്റവും വിശ്വസ്തന്‍..ഗുജറാത്തി പാരമ്പര്യമുള്ള കശ്യപ് പട്ടേല്‍ അഥവ കാഷ് പട്ടേല്‍

തന്റെ ഏറ്റവും വിശ്വസ്തനെ തന്നെയാണ് ട്രംപ് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ തലവനായി നിശ്ചയിച്ചത്.ഗുജറാത്തി മാതാപിതാക്കളുടെ മകനായ കശ്യപ് പട്ടേലിനെയാണ് സുപ്രധാന പദവിയില്‍ നിയമിക്കുന്നത്.രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേല്‍ എത്തുന്നത്.അച്ഛനും അമ്മയും ഇന്ത്യക്കാരാണെങ്കിലും കശ്യപ് ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍ തന്നെയാണ്.

ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നാണ് കശ്യപിന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്.1980ല്‍ ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് പട്ടേല്‍ ജനിച്ച് വളര്‍ന്നത്.യു.കെയിലെ യൂനിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഫാക്കല്‍റ്റി ഓഫ് ലോസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദം നേടിയ അദ്ദേഹം പട്ടേല്‍ റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ഒരു പബ്ലിക് ഡിഫന്‍ഡറായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറല്‍ കോടതികളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തു.

നാഷനല്‍ ഇന്റലിജന്‍സ് ആക്ടിങ് ഡയറക്ടറുടെ മുതിര്‍ന്ന ഉപദേശകനായും യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു.യുക്രൈന്‍ യുദ്ധത്തില്‍ ട്രംപ് തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഉപദേഷ്ടാവായി പട്ടേല്‍ നിയമിതനാകുന്നത്.2019ല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പട്ടേല്‍ അംഗമായി.പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ട്രംപിന് പട്ടേലിലുണ്ടായിരുന്ന വിശ്വാസം വളര്‍ത്തി. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ നടന്ന അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും റിപ്പബ്ലിക്കന്‍ താല്‍പര്യം സംരക്ഷിക്കുകയും ചെയ്തു.

2020ല്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഗ്രെനലിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടിയായി നിയമിക്കപ്പെട്ടു.ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറുടെ ചീഫ് ഓഫ് സ്റ്റാഫായി പിന്നീട് നിയമിതനായി.ഇതോടെ പ്രതിരോധ വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയായി പട്ടേല്‍ മാറിയിരുന്നു.ട്രംപിന്റെ ആദ്യ ടേമിന്റെ അവസാനം പട്ടേല്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും സിഐഎയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു.ഡയറക്ടര്‍ ജീന ഹാസ്പെലും അറ്റോര്‍ണി ജനറല്‍ ബില്‍ ബാറുമാണ് എതിര്‍ത്തത്. പട്ടേലിന് വേണ്ടത്ര പരിചയം ഇക്കാര്യത്തില്‍ ഇല്ലെന്നായിരുന്നു നിലപാട്.




ഒന്നാം ട്രംപ് ഭരണകൂടത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചത് കശ്യപ് ആയിരുന്നു. അന്ന് നിരവധി ഓപ്പറേഷനുകളാണ് പട്ടേല്‍ നടത്തിയത്. ഐസിസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് പിന്നില്‍ കശ്യപ് ആയിരുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് കശ്യപ് ആയിരുന്നു.

ട്രംപിന് വേണ്ടി എന്തും ചെയ്യുന്നയാള്‍ എന്നാണ് പട്ടേല്‍ അറിയപ്പെടുന്നത്.അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയര്‍ ചെലവഴിച്ച മിടുക്കനായ അഭിഭാഷകന്‍, അന്വേഷകന്‍, 'അമേരിക്ക ഫസ്റ്റ്' പോരാളി എന്നിങ്ങനെയാണ് പട്ടേലിനെ ട്രംപ് പ്രശംസിച്ചത്.

അമേരിക്കയുടെ കോവിഡ് നയത്തെ വിമര്‍ശിച്ചു..ആരോഗ്യ രംഗത്തെയും ഇന്ത്യന്‍ സാന്നിദ്ധ്യം..ജയ് ഭട്ടാചാര്യ

കശ്യപ് പിന്നാലെ പ്രധാന സ്ഥാനം അലങ്കരിക്കുന്ന മറ്റൊരു ഇന്ത്യന്‍ വംശജനാണ് ജയ് ഭട്ടാചാര്യ.ജയ് ഭട്ടാചാര്യയെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായി തിരഞ്ഞെടുത്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് ആരോഗ്യ ഗവേഷണത്തിന്റെയും സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന്റെയും പ്രധാന ചുമതലയിലാകും ജയ് ഭട്ടാചാര്യയുടെ നിയമനം.

ട്രംപിനുകീഴില്‍ ആരോഗ്യ രംഗത്ത് ഇത്രയും ഉയര്‍ന്ന പദവിയിലെ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.1968-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ജയ് ഭട്ടാചാര്യ, സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്.നിലവില്‍ സ്റ്റാന്‍ഫഡില്‍ ഹെല്‍ത്ത് പോളിസി പ്രഫസറാണ്.സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിങ് തലവനും നാഷനല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ റിസര്‍ച്ച് അസോഷ്യേറ്റുമാണ്.

രാജ്യത്തിന്റെ മുന്‍ ചീഫ് മെഡിക്കല്‍ അഡൈ്വസറായ ഡോ.ആന്റണി ഫൗച്ചിയുടെ കടുത്ത വിമര്‍ശകനാണ് ജെയ് ഭട്ടാചാര്യ. യു.എസിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്തെത്തിയ ഭട്ടാചാര്യ ലോക്ക്ഡൗണുകള്‍ക്കും മാസ്‌ക് കര്‍ശനമാക്കിയതിനും എതിരായിരുന്നു.സാമൂഹിക പ്രതിരോധം (ഹെര്‍ഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാന്‍ അപകട സാദ്ധ്യത കുറഞ്ഞ ഗ്രൂപ്പുകള്‍ക്കിടെയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഭട്ടാചാര്യ വാദിച്ചു.എന്നാല്‍ വൃദ്ധരും രോഗികളും അടക്കം ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കണമെന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടന ഇത്തരം വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.ബയോമെഡിക്കല്‍,പൊതുജനാരോഗ്യ ഗവേഷണത്തിന്റെ ഉത്തരവാദിത്വമുള്ള യു.എസ് സര്‍ക്കാരിന്റെ പ്രാഥമിക ഏജന്‍സിയാണ് എന്‍.ഐ.എച്ച്.ഡോ. ഭട്ടാചാര്യ എന്‍.ഐ.എച്ചില്‍ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.അടുത്തിടെ റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയറെ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു.ക്ലിനിക്കല്‍ പരീക്ഷണങ്ങളും നൂതന മെഡിക്കല്‍ പഠനങ്ങള്‍ക്കുള്ള ധനസഹായവും ഉള്‍പ്പെടെയുള്ള യുഎസ് ബയോമെഡിക്കല്‍ ഗവേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എന്‍ഐഎച്ച് പുനഃസ്ഥാപിക്കണമെന്നതാണ് ജെയ്യുടെ നിലപാട്.

സര്‍ക്കാര്‍ കാര്യക്ഷമത പരിശോധിക്കാന്‍ വിവേക് രാമസ്വാമി.. പ്രവര്‍ത്തനം ഇലോണ്‍ മസ്‌കിനൊപ്പം

പുതുതായി സൃഷ്ടിച്ച സര്‍ക്കാര്‍ കാര്യക്ഷമതാവകുപ്പിനെ നയിക്കാന്‍ ട്രംപ് തിരഞ്ഞെടുത്ത മറ്റൊരു ഇന്ത്യന്‍ സാന്നിദ്ധ്യമാണ് ഇന്ത്യന്‍ - അമേരിക്കനായ വിവേക് രാമസ്വാമി.ഇലോണ്‍ മസ്‌കിനൊപ്പമായിരിക്കും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.എന്നാല്‍, ഇത് സെനറ്റിന്റെ അംഗീകാരം ആവശ്യമില്ലാത്ത പദവിയാണ്.ട്രംപിന്റെ ക്യാബിനറ്റില്‍ 39കാരന്‍ വിവേക് രാമസ്വാമിയും ഉണ്ടാകുമെന്നതില്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്.

1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം.ഇക്കുറി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു.ജന്മംകൊണ്ട് അമേരിക്കക്കാരന്‍ ആയതുകൊണ്ടാണ് വിവേകിന് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്.എന്നാല്‍ പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറുകയായിരുന്നു.

പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛന്‍.അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി.ഉത്തര്‍പ്രദേശ് സ്വദേശിനി അപൂര്‍വ തിവാരിയാണ് ഭാര്യ. അപൂര്‍വയുമൊത്ത് ഏതാനും വര്‍ഷം മുമ്പ് വിവേക് കേരളത്തില്‍ വന്നിരുന്നു.കുടുംബത്തില്‍ തമിഴാണ് സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.

ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്‌കൂളിലായിരുന്നു വിവേകിന്റെയും അനുജന്‍ ശങ്കര്‍ രാമസ്വാമിയുടെയും പ്രാഥമിക വിദ്യാഭ്യാസം. 2007ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടിയ വിവേക്, 2013ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്വന്റ് സയന്‍സസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്.

മസ്‌കും വിവേകും ചേര്‍ന്ന് 'സേവ് അമേരിക്ക' ക്യാമ്പയ്ന്റെ ഭാഗമായി തന്റെ ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു. സര്‍ക്കാരിലെ 'മാലിന്യങ്ങളെയും' തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രി സഭയിലേക്ക് സാന്നിദ്ധ്യമാകാന്‍ ബോബി ജിന്‍ഡാലും

ട്രംപിന്റെ മന്ത്രി സഭയിലേക്ക് പേര് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു ഇന്ത്യന്‍ സാന്നിദ്ധ്യമാണ് ബോബി ജിന്‍ഡാല്‍.സാന്നിദ്ധ്യം ഉറപ്പായില്ലെങ്കിലും അടുത്തിടെ നിയുക്ത പ്രസിഡന്റ ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് ജിന്‍ഡാല്‍ നടത്തിയ സന്ദര്‍ശനമാണ് പുതിയ ഊഹാപോഹങ്ങളിലേക്ക് നയിച്ചത്.ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍ മുന്‍ ലൂസിയാന ഗവര്‍ണര്‍ ഗവര്‍ണ്ണര്‍ കൂടിയാണ്.

2008 മുതല്‍ 2016 വരെ ഗവര്‍ണറായി സേവനമനുഷ്ഠിച്ച ജിന്‍ഡാല്‍, നവംബര്‍ 14-ന് ഭാര്യ സുപ്രിയയുമായ് ട്രംപിന്റെ ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.ഇതോടെ ട്രംപ് കാബിനറ്റിലെ ജിന്‍ഡാലിന്റെ സാധ്യത മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയായിരുന്നു.

മുന്‍പ് ലൂസിയാന ആരോഗ്യ വകുപ്പ് സെക്രട്ടറിയായും ജിന്‍ഡാല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.രണ്ട് തവണ ഗവര്‍ണറും മുന്‍പ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജിന്‍ഡാല്‍,നയപരമായ പ്രവര്‍ത്തനങ്ങളിലും യാഥാസ്ഥിതിക വാദത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമീപ വര്‍ഷങ്ങളില്‍ പൊതുജന സാന്നിധ്യം നിലനിര്‍ത്തിയിട്ടുണ്ട്.

കൂടാതെ മുന്‍ ഫ്ലോറിഡ അറ്റോണി ജനറലായ പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായും വേള്‍ഡ് റെസ്റ്റ്ലിങ് എന്റര്‍ടെയ്ന്‍മെന്റ് (ഡബ്ലു.ഡബ്ല്യു.ഇ) മുന്‍ സി.ഇ.ഒ ലിന്‍ഡ മക്മോഹനെ വിദ്യാഭ്യാസ മേധാവിയായും യു.എസ് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമീഷന്‍ (എഫ്.സി.സി) ചെയര്‍മാനായി ബ്രന്‍ഡന്‍ കാറിനെയും ട്രംപ് നിയമിച്ചിരുന്നു.

വൈസ് പ്രസിഡന്റിന്റെ പങ്കാളി..ഇന്ത്യന്‍ സാന്നിദ്ധ്യമായി ഉഷ വാന്‍സും

ഇന്ത്യന്‍ വംശജയായ കമലഹാരിസിന്റെ പരാജയം ഇന്ത്യയെ സംബന്ധിച്ച് ഒരു തിരിച്ചടിയായിരുന്നു.എന്നാല്‍ അതിനെയെല്ലാം കവച്ചുവെക്കുന്ന ഇടപെടലാണ് ഇന്ത്യന്‍ വംശജരുടെ സാന്നിദ്ധ്യം കൊണ്ട് തന്റെ ഭരണസംവിധാനത്തെ സമ്പന്നമാക്കി ട്രംപ് നടത്തുന്നത്.കമലയിലൂടെ നഷ്ടപ്പെട്ട ഇന്ത്യന്‍ വനിതാ സാന്നിദ്ധ്യം ഉഷ വാന്‍സിലൂടെ വീണ്ടും അടയാളപ്പെടുത്തുന്നത്.യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജയായ ഉഷ വാന്‍സ് അഥവാ ഉഷ ചിലുകുരിയുടെ വേരുകള്‍ ആന്ധ്രപ്രദേശിലാണ്.

ആന്ധ്രാപ്രദേശിലെ വട്ലൂര്‍ ആണ് സ്വദേശം.ഇന്ത്യയില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തില്‍നിന്നാണ് ഉഷയുടെ വരവ്. സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ബാല്യകാലം.യെയ്ല്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി.നിയമത്തിന്റെ വഴിയേ പോകാനായിരുന്നു പിന്നീട് ഉഷയുടെ തീരുമാനം. തിരഞ്ഞെടുത്ത വഴി തെറ്റിയില്ലെന്ന് ഉഷ തെളിയിക്കുകയും ചെയ്തു.സുപ്രീംകോടതി ജസ്റ്റിസ് ജോണ്‍ റോബര്‍ട്സിനും ബ്രെറ്റ് കവനോവിനുമൊപ്പം ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു.

കരിയറിന്റെ തുടക്കത്തില്‍ത്തന്നെയായിരുന്നു ഈ പ്രവര്‍ത്തനപരിചയം എന്നതാണ് ഏറെ ശ്രദ്ധേയം.യെയ്ല്‍ ലോ സ്‌കൂളില്‍വെച്ചാണ് ജെ.ഡി. വാന്‍സും ഉഷയും പരിചയപ്പെടുന്നത്. ഈ പരിചയം 2014-ല്‍ വിവാഹത്തില്‍ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവര്‍ ഈ സമയം. ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട്. പൊതുപരിപാടികളിലും മറ്റും അത്ര സജീവമായിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ രാഷ്ട്രീയ യാത്രയില്‍ ഉഷയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.ഗ്രാമീണ അമേരിക്കയിലെ സാമൂഹിക സമരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ ജെ.ഡി. വാന്‍സിനെ സഹായിക്കുന്നതില്‍ ഉഷ ഒരു പ്രധാന പങ്കുവഹിച്ചു.

ഇതുപിന്നീട് വാന്‍സിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓര്‍മ്മക്കുറിപ്പായ ഹില്‍ബില്ലി എലിജിയുടെ അടിത്തറയായി.ഈ പുസ്തകത്തെ ആസ്പദമാക്കി റോണ്‍ ഹോവാര്‍ഡ് 2020-ല്‍ ഇതേപേരില്‍ ഒരു സിനിമയും ഇറക്കി.ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉഷയ്ക്ക് ആഴത്തില്‍ അറിവുണ്ടായിരുന്നു.ഇത് തിരിച്ചറിഞ്ഞത് അമേരിക്കക്കാരനായ വ്യവസായിയും ട്രംപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന എ.ഐ. മാഡിസണായിരുന്നു.ഉഷ വാന്‍സ് വളരെ പ്രഗത്ഭയായ അഭിഭാഷകയും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളുമാണെന്നും അവരുടെ ഭര്‍ത്താവ് ട്രംപിന്റെ ടീമിലേക്ക് യുവത്വവും വൈവിധ്യവും കൊണ്ടുവരുന്നുവെന്നുമാണ് മാഡിസണ്‍ പറഞ്ഞത്.

ഉഷയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തേക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അറിയാം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മഹത്തായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ അഭിഭാഷകയായ അവര്‍ അവരുടെ ഭര്‍ത്താവിന് വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെതന്റെ വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിനിടെ രണ്ട് പേരുകള്‍ ട്രംപ് എടുത്തുപറഞ്ഞു.ഒന്ന് ഭാവി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെയും മറ്റൊന്ന് അദ്ദേഹത്തിന്റെ ഭാര്യയായ ഉഷാ വാന്‍സിന്റെതുമായിരുന്നു.

എന്തായാലും ഇന്ത്യയ്ക്ക് ട്രംപിന്റെ പ്രസിഡന്‍സി വളരെ ഗുണകരമാവാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തിയത്.അതിനെ അടിവരയിടുന്നതാണ് നിലവില്‍ ട്രംപിന്റെ നീക്കങ്ങളും.