മോസ്‌കോ: യുക്രെയിനുമായി നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ പറയുമ്പോള്‍ പ്രതിഫലിക്കുന്നതും ട്രംപ് ഇഫക്ട്. ഇതിനായി വ്യവസ്ഥകളൊന്നും തന്നെ മുന്നോട്ട് വെയ്ക്കുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ ലോക ക്രമത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍. ഏതായാലും പുടിന്റെ പ്രസ്താവന വലിയ പ്രതീക്ഷയായി മാറുകയാണ്. യുക്രെയിന്‍ ഭരണാധികാരി സെലന്‍സ്‌കി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം.

യുദ്ധം അവസാനിപ്പിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെയാണ് പുട്ടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് രണ്ട് വര്‍ഷത്തിലധികമായി വന്‍ നാശം സൃഷ്ടിക്കുന്ന യുദ്ധം അടുത്ത വര്‍ഷം ആദ്യം ഒരു പക്ഷെ അവസാനിക്കാനുളള സാധ്യതകളാണ് പുട്ടിന്റെ ഈ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്. താല്‍ക്കാലികമായ ഒരു വെടിനിര്‍ത്തല്‍ അല്ല റഷ്യ മുന്നോട്ട് വെയ്ക്കുന്നതെന്നും ശാശ്വതമായ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പുട്ടിന്‍ വിശദമാക്കി.

ആഗോള തലത്തില്‍ തന്നെ വലിയ ഭീഷണിയുയര്‍ത്തിയ റഷ്യ - യുക്രെയിന്‍ യുദ്ധത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഏറെ നാളായി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്തയാണ് യുദ്ധം അവസാനിക്കുന്നുവെന്നത്. റഷ്യയും യുക്രെയിനും ഇത്രയും കാലം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായിരുന്നു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുപക്ഷവും ഉറച്ചുനിന്നപ്പോള്‍ ചോരക്കളത്തിനാണ് ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചത്. ഇപ്പോഴിതാ യുദ്ധത്തിന് പരിഹാരമാകാനുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും പുടിന്‍ അറിയിച്ചു. യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുടിന്‍, നിലപാട് മയപ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മടങ്ങിയെത്തുന്നതിലെ സന്തോഷവും പുടിന്‍ പ്രകടമാക്കി. നാല് വര്‍ഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുടിന്‍, ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. യുക്രെയിന്‍ യുദ്ധത്തിലടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയ്യാറാണെന്നും പുടിന്‍ വിവരിച്ചു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ്, പുടിനുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപുമായി നാല് വര്‍ഷത്തോളമായി സംസാരിച്ചിട്ടെന്ന പുടിന്റെ വെളിപ്പെടുത്തല്‍ ഈ വാദത്തിന് എതിരാണ്. ടംപുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് യുദ്ധം അവസാനിക്കുന്നതെങ്കില്‍ അത് ട്രംപിനും രാഷ്ട്രീയ കരുത്ത് കൂട്ടും.

താല്‍ക്കാലികമായിട്ട് മാത്രമാണ് യുദ്ധം അവസാനിപ്പിക്കുന്നതെങ്കില്‍ അത് യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കുന്നതിന് മാത്രമേ സഹായകമാകുകയുള്ളൂ എന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി. കൂടാതെ യുക്രെയിനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ ്വ്ളാഡിമിര്‍ സെലന്‍സ്‌കി തയ്യാറാകണമെന്നും പുട്ടിന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ സെലന്‍സ്‌കിയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞു എങ്കിലും യുദ്ധത്തിന്റെ പേര് പറഞ്ഞ് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകുകയാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം മുന്നോട്ട് വെയ്ക്കുന്നത്.

ഇത്തരത്തില്‍ പ്രസിഡന്‍ിന്റെ കാലാവധി നീട്ടാന്‍ ഭരണഘടനാപരമായ അവകാശം സെലന്‍സ്‌ക്കിക്ക് ഇല്ലെന്ന് പുട്ടിന്‍ കുറ്റപ്പെടുത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വേണം നടത്താനെന്നും പുട്ടിന്‍ പറഞ്ഞു. അതേ സമയം യുക്രെയിനില്‍ നിന്നും റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ വിട്ടു കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനയെന്നും കരുതപ്പെടുന്നു. റഷ്യ ഇപ്പോഴും ശക്തമായ നിലയിലാമെന്ന് പറഞ്ഞ പുട്ടിന്‍ യുക്രെയിന്‍ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി.

യുക്രെയിനില്‍ ഒരു പക്ഷെ യുദ്ധം ചെയ്യാന്‍ ആളിനെ പോലും കിട്ടാത്ത അവസ്ഥയാണെന്നും പുട്ടിന്‍ കളിയാക്കി. യുക്രെയിന്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി യുദ്ധം ചെയ്യാന്‍ ആവശ്യത്തിന് സൈനികരില്ല എന്നതാണെന്ന് പാശ്ചാത്യ ശക്തികള്‍ വിലയിരുത്തിയതിന് തൊട്ടു പിന്നാലെയാണ് പുട്ടിന്‍ ഇത്തരം ഒരു കാര്യം ഉന്നയിക്കുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. റഷ്യയുടെ പതിനായിരത്തോളം സൈനികര്‍ക്ക് പരിക്കേറ്റ സമയത്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ പകരം സൈനികരെ നിയോഗിക്കാന്‍ കഴിഞ്ഞത് പുട്ടിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. യുക്രെയിനിലെ നാല് ഭൂവിഭാഗങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ക്കാനാണ് റഷ്യ ശ്രമം നടത്തുന്നത്.

തെക്കന്‍ റഷ്യയിലെ കുര്‍ക്ക് പ്രവിശ്യയിലെ 500 കിലോമീറ്റര്‍ സ്ഥലം മാത്രമാണ് യുക്രെയിന് ഇപ്പോഴും കൈവശം വെയ്ക്കാന്‍ കഴിയുന്നത്. 2022 ല്‍ യുദ്ധം ആരംഭിച്ച സമയത്ത് യുക്രെയിനെ നിസാരമായി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് പുട്ടിന് റഷ്യയിലെ സൈനിക മേധാവികള്‍ ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍ പല സൈനിക മേധാവികളേയും പുട്ടിന്‍ മാറ്റിയിരുന്നു.