ജെറുസലേം: ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയയെ വധിച്ചത് ഇസ്രയേല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വരുമ്പോള്‍ ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍. ഹനിയ കൊല്ലപ്പെട്ട് അഞ്ച് മാസം പിന്നിട്ടതിന് ശേഷമാണ് ഇസ്രയേല്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച. തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം. എന്നാല്‍ ഇസ്രയേലിന് മുന്നില്‍ ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത. തീവ്രവാദത്തിനെതിരെ രണ്ടും കല്‍പ്പിച്ച നിലപാടുകള്‍ ഉണ്ടാകുമെന്ന സന്ദേശമാണ് ഈ ഏറ്റെടുക്കലിലൂടെ ഇസ്രയേല്‍ നല്‍കുന്നത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി ആയിരത്തിലധികം പേരെ വധിക്കുകയും നിരവധി പേരെം തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന് തൊട്ടുപിന്നാലെ അന്ന് ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹനിയ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രയേല്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും തലവന്‍മാരെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ പുറത്താക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതും എല്ലാം തങ്ങളാണ് എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യെമനിലെ ഹൂത്തി വിമതരുടെ നേതാക്കളെ കാത്തിരിക്കുന്നതും ഇതേ വിധി തന്നെ ആയിരിക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായിട്ടാണ് ഖത്തറില്‍ താമസിക്കുകയായിരുന്ന ഇസ്മയില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്്റാനില്‍ എത്തിയത്്. ഇറാന്‍ സൈന്യത്തിന്റെ അതീവ സുരക്ഷാ സന്നാഹമുള്ള ഗസ്റ്റ്ഹൗസില്‍ താമസിക്കുമ്പോഴാണ് മുറിക്കുള്ളിലെ സ്ഫോടനത്തില്‍ ഹനിയ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 31 ന് നടന്ന സ്ഫോടനത്തില്‍ ഹനിയയെ കൂടാതെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. 2017 മുതല്‍ ഹമാസ് ഭീകര സംഘടനയുടെ തലവനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇസ്മയില്‍ ഹനിയ. ഇസ്രയേലിനെ ആക്രമിക്കാന്‍ ആരെങ്കിലും കൈനീട്ടിയാല്‍ ആ കൈ തങ്ങള്‍ വെട്ടിക്കളയുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇസ്രയേലിന്റെ കൈകള്‍ ഇത്തരക്കാരെ പ്രഹരിക്കാന്‍ എല്ലാ വിധ ശക്തിയും ഉള്ളതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്തംബര്‍ ഇരുപത്തിയേഴിനാണ് ഹിസ്ബുള്ള തലവന്‍ ആയിരുന്ന ഹസന്‍ നസറുള്ള കൊല്ലപ്പെട്ടത്. ലബനനില്‍ ഹിസ്ബുള്ള നേതാക്കളുടെ സുപ്രധാന യോഗം നടക്കുന്നതിനിടയിലാണ് നസറുള്ളയും മറ്റ് ഹിസ്ബുള്ള ഉന്നതരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അതീവ പ്രഹര ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു നസറുള്ളയെ വധിച്ചത്. അതിന് തൊട്ട് മുമ്പ് ലബനനിലും സിറിയയിലും പേജറുകളും വോക്കിടോക്കികളും ഉപയോഗിച്ച് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് നിരവധി ഹിസ്ബുള്ള നേതാക്കളെ വധിക്കുകയും നിരവധി പേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഹമാസില്‍ യാഹ്യാ സിന്‍വറിന്റെ പിന്‍ഗാമിയും ഗാസയിലെ പ്രധാന ചുമതലക്കാരനും ആയിരുന്ന യാഹ്യാ സിന്‍വര്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് കൊല്ലപ്പെട്ടത്. ആദ്യം കൊല്ല്പ്പെട്ടത് യാഹ്യാ സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സൈന്യത്തിന് മനസിലായിരുന്നില്ല. പിന്നീട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധന നടത്തുമ്പോഴാണ് കൊല്ലപ്പെട്ടത് യാഹ്യാ സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സൈന്യത്തിന് ഉറപ്പായത്.