- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയും ഹമാസ് കീഴടങ്ങലിന്റെ വക്കില്‍ എത്തുകയും ചെയ്ത സമയത്ത് വെല്ലുവിളിയായി ഹൂത്തി വിമതര്‍; ഇതിനിടെയിലും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ; പ്രോസ്ട്രേറ്റ് നീക്കം ചെയ്യാന്‍ നെതന്യാഹൂ; ആശുപത്രി കിടക്കയിലും രാജ്യ നിയന്ത്രണം ആര്‍ക്കും നല്‍കില്ല
ജെറുസലേം; ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകും. പ്രോസ്ട്രേറ്റ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത്. 75 കാരനായ നെതന്യാഹു ഈ വര്‍ഷം തന്നെ ഹെര്‍ണിയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. എയിന്‍ കെറെമിലെ ഹദാസ മെഡിക്കല്‍ സെന്ററിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കിടയിലും രാജ്യത്തിന്റെ അധികാരം നെതന്യാഹുവിന് തന്നെ ആയിരിക്കും. താല്‍കാലികമായി പോലും ചുമതല ആര്‍ക്കും കൈമാറില്ല.
പതിവു പരിശോധനയ്ക്കിടെയാണ് നെതന്യാഹുവിന് ഹെര്‍ണിയ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് പ്രോസ്ട്രേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതായി മനസിലാക്കിയത്. തുടര്‍ന്നാണ് നെതന്യാഹുവിനെ ശസ്ത്രകിയക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്. ഇന്ന് തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ശസ്ത്രക്രിയക്കായി ഹദാസാ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ബുധനാഴ്ചയാണ് നെതന്യാഹുവിന്റ ആരോഗ്യ പ്രശ്നം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ തീവ്രവാദ സംഘടനകള്‍ക്കെതിരെ ഇസ്രയേല്‍ ശക്തമായ പോരാട്ടം തുടരുന്നതിനിടയിലാണ് ഇപ്പോള്‍ നെതന്യാഹുവിന് ആശുപത്രിയില്‍ കഴിയേണ്ടി വരുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് നെതന്യാഹു ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായത്. പിന്നീട് ക്രമരഹിതമായ ഹൃദയമിടിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ അദ്ദേഹത്തിന് പേസ്‌മേക്കറും പിടിപ്പിച്ചിരുന്നു. ടെല്‍ ഹഷോമറിലെ തന്റെ സ്വകാര്യ വസതിയ്ക്ക് സമീപത്ത് വച്ച് നേരിയ തലചുറ്റലുണ്ടായതിനെ തുടര്‍ന്നാണ് അന്ന്് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചൂട് മൂലമുണ്ടായ നിര്‍ജ്ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.തുടര്‍ന്ന് നെതന്യാഹുവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള നിരീക്ഷണ ഉപകരണം ഡോക്ടര്‍മാര്‍ ഘടിപ്പിച്ചിരുന്നു.
ഇതിലൂടെയാണ് ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിന് പേസ്മേക്കര്‍ ഘടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 2013ല്‍ ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായ സമയത്ത് നെതന്യാഹു പ്രധാനമന്ത്രിയുടെ ചുമതല ഉപപ്രധാനമന്ത്രി ആയിരുന്ന യാരിവ് ലെവിനെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഫലമായി നാല്‍പ്പത്തി അയ്യായിരത്തിലധികം ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയും ഹമാസ് കീഴടങ്ങലിന്റെ വക്കില്‍ എത്തുകയും ചെയ്ത സമയത്താണ് ഇപ്പോള്‍ ഹൂത്തി വിമതര്‍ ഇസ്രയേലിലേക്ക് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ 5 ബാലിസറ്റിക്ക് മിസൈലുകളും ഡ്രോണുകളും അവര്‍ ഇസ്രയേലിലേക്ക് അയച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ കഴിഞ്ഞ ദിവസവും ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സനായില്‍ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് നെതന്യാഹുവിന്റെ ശസ്ത്രക്രിയ.