- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാന്‍ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ; നിജ്ജറിനെ കൊന്നത് മോദിയും അമിത് ഷായും ഡോവലും ചേര്‍ന്നെന്ന കഥ പ്രചരിപ്പിച്ചത് ഒടുവില്‍ തിരിച്ചടിച്ചു; ട്രംപിസം പിടിമുറുക്കുമ്പോള്‍ കാനഡയിലും ഭരണമാറ്റം; ഇന്ത്യയെ തളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ട്രൂഡോ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
ഒട്ടാവ: ഇന്ത്യയെ തള്ളി പറഞ്ഞ് അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചതിന് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കിട്ടിയത് വമ്പന്‍ രാഷ്ട്രീയ തിരിച്ചടി. കാനഡ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ട്രൂഡോ അപ്രസക്തനാകുകയാണ്. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു ട്രൂഡോയ്ക്ക്. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി തീരുമാനം. 9 വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി വച്ചത്. ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു
2023ല്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍വച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കാനഡയിലെ ക്ഷേത്രങ്ങള്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായി. കാനഡയിലെ ഇന്ത്യാ വിരുദ്ധരായ സിഖുക്കാരെ കൂടെ നിര്‍ത്തി അധികാരത്തില്‍ തുടരുകയായിരുന്നു ലക്ഷ്യം. അതിന് വേണ്ടി ഖാലിസ്ഥാന്‍ വാദികളെ ട്രൂഡോ ചേര്‍ത്തു നിര്‍ത്തി. ഇന്ത്യയെ പലകാര്യങ്ങളിലും കുറ്റപ്പെടുത്താനും ശ്രമിച്ചു. പക്ഷേ ഈ രാഷ്ട്രീയ നയതന്ത്രം ട്രൂഡോയ്ക്ക് ഗുണം ചെയ്തില്ല. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ടി വന്‍ തോല്‍വിയാണ് കാത്തിരിക്കുന്നതെന്ന് സര്‍വേ ഫലം പുറത്തുവന്നിരുന്നു. ട്രൂഡോയുടെ നയങ്ങളുടെ പേരില്‍ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്ഥാനമൊഴിഞ്ഞിരുന്നു. 2013-ല്‍ ലിബറല്‍ പാര്‍ടി കടുത്ത പ്രതിസന്ധിയിലായപ്പോള്‍ ട്രൂഡോ ചുമതലയേല്‍ക്കുകയായിരുന്നു.
കനേഡിയന്‍ പൗരനായ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്. നിജ്ജര്‍ 2023 ജൂണില്‍ കാനഡയിലെ സറേയില്‍ കൊല്ലപ്പെട്ടു. കൊലയില്‍ ഇന്ത്യക്കു പങ്കുണ്ടെന്നതിന് 'വിശ്വസനീയമായ ആരോപണങ്ങളു'ണ്ടെന്ന് 2023 സെപ്റ്റംബറില്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യ ഈ ആരോപണം തള്ളി. ഇരുരാജ്യവും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഉഭയകക്ഷിബന്ധം വഷളായി. ഖലിസ്താന്‍ അനുകൂലികളെ ട്രൂഡോ സംരക്ഷിക്കുന്നുവെന്ന് ഇന്ത്യ ആരോപണമുയര്‍ത്തി. കാനഡയിലെ വോട്ടുബാങ്കായ ഖലിസ്താന്‍കാരെ പ്രീതിപ്പെടുത്താനാണ് ട്രൂഡോയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി. പക്ഷേ ട്രൂഡോയുടെ ഈ അതിബുദ്ധി കാനഡക്കാര്‍ തിരിച്ചറിഞ്ഞു. നിജ്ജറിനെ കൊന്നത് മോദിയും അമിത് ഷായും അജിത് ഡോവലുമാണെന്ന് വരുത്താനായിരുന്നു ശ്രമം.
ട്രൂഡോയുടെ ഈ കുബുദ്ധിയെ അമേരിക്കയും പരോക്ഷമായി പിന്തുണച്ചു. പക്ഷേ തെളിവൊന്നും നല്‍കാന്‍ കാനഡയ്ക്ക് കഴിയാതെ വന്നതോടെ ട്രൂഡോ പൊളിഞ്ഞു തുടങ്ങി. ട്രൂഡോയെ താങ്ങിനിര്‍ത്തിയിരുന്നത് ഖലിസ്താനോട് അനുഭാവമുള്ള ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചെന്നു മാത്രമല്ല, ട്രൂഡോയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന ഭീഷണിമുഴക്കി. കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. കനേഡിയന്‍ സ്ഥാപനമായ ആങ്കസ് റീഡ് ഡിസംബര്‍ 24-ന് പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലമനുസരിച്ച് 68 ശതമാനം പേര്‍ക്ക് ട്രൂഡോയോട് താത്പര്യമില്ല. ഈ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ രാജി.
2019ലെ തിരഞ്ഞെടുപ്പില്‍ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സര്‍ക്കാരിനെ കോവിഡ് കാലത്തെ 'കരുതലിന്റെ' കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിന്‍ ട്രൂഡോ 2021ല്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സര്‍ക്കാരിന് രണ്ടു വര്‍ഷം കാലാവധി ബാക്കി നില്‍ക്കുമ്പോഴായിരുന്നു ഇത്. പക്ഷേ തീരുമാനം തുണച്ചില്ല. ഇതോടെയാണ് ഇന്ത്യയെ കടന്നാക്രമിച്ച് ഇമേജ് ഉയര്‍ത്താന്‍ ശ്രമിച്ചത്. കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാന്‍ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. തുടര്‍ന്നാണ് രാജി.
കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ പാര്‍ട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 20 മുതല്‍ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും സൂചനയുണ്ടായിരുന്നു.