- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയിലുള്ള നൂറോളം ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നെതന്യാഹു സര്ക്കാരിനുേ മല് സമ്മര്‍ദ്ദം; ഹമാസിന് ഇളവുകള്‍ അനുവദിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കുന്നു; ഗാസയില്‍ ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സമാധാനം അകലയോ?
ജറുസലേം: വെടിനിര്‍ത്തല്‍ക്കരാര്‍ വെറുതെയാകുമോ? വെടി നിര്‍ത്തലില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന അറിയിപ്പു വന്നതിനുശേഷം ഗാസയില്‍ ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തല്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഗാസയില്‍ ആഘോഷങ്ങള്‍ നടക്കുമ്പോഴായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങള്‍. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 73 പേരാണ്. ഇതില്‍ 20 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതോടെ 15 മാസം പിന്നിട്ട യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 46,788 ആയി.
ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നാക്കം പോകുന്നുവെന്ന് ആരോപിച്ച് വെടിനിര്‍ത്തല്‍ക്കരാറിന് അംഗീകാരം നല്‍കുന്നത് ഇസ്രയേല്‍ മന്ത്രിസഭ മരവിപ്പിച്ചിരുന്നു. 2024 മേയില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച, മൂന്നു ഘട്ടമായി വെടിനിര്‍ത്താനുള്ള കരാറാണ് ഏഴുമാസം നീണ്ട ചര്‍ച്ചയ്ക്കുശേഷം ഇരുകൂട്ടരും അംഗീകരിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 42 ദിവസം വെടിനിര്‍ത്തലുണ്ടാകും. ഈ സമയത്ത് 33 ബന്ദികളെ ഹമാസ് ഇസ്രയേലിനു കൈമാറും. ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയയ്ക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ഇസ്രയേലിലെ ഭരണ മുന്നണിയിലെ പ്രശ്‌നങ്ങള്‍ ഈ നീക്കത്തെ അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്.
മധ്യസ്ഥരായ ഈജിപ്തും ഖത്തറും യു.എസും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ കരാറിന്റെ കാര്യത്തില്‍ ധാരണയായെന്നായിരുന്നു അറിയിപ്പ്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും ദോഹയില്‍ തുടരുകയാണെന്ന് 'ദ ടൈംസ് ഓഫ് ഇസ്രയേല്‍' പത്രം റിപ്പോര്‍ട്ടുചെയ്തു. ഹമാസുമായി കരാറുണ്ടാക്കുന്നതില്‍ ഇസ്രയേല്‍ ഭരണസഖ്യത്തിലെ തീവ്രവലതുകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ദേശീയ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ കരാറില്‍ എതിര്‍പ്പറിയിച്ചു. യുദ്ധം തുടരാനാകുമെന്ന ഉറപ്പുവേണമെന്ന് മന്ത്രി ബെസാലല്‍ സ്‌മോട്റിച്ചും ആവശ്യപ്പെട്ടു. കരാര്‍ ഇസ്രയേലിന് ഗുണമില്ലാത്തതും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ നടപ്പായാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന അവസ്ഥ.
അവസാനനിമിഷം പ്രതിസന്ധിയുണ്ടായെന്നും കരാറിലെ ചില ഭാഗങ്ങളില്‍ ഹമാസ് വാക്കുപാലിക്കുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് വഴങ്ങാതെ വാര്‍ കാബിനറ്റ് ചേര്‍ന്നു കരാറിന് അന്തിമ അംഗീകാരം നല്‍കില്ലെന്നു നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം തുടങ്ങി. മാറ്റിവച്ച ഇസ്രയേല്‍ കാബിനറ്റ് ഇന്നു ചേരും. വെടിനിര്‍ത്തലിന്റെ രണ്ടും മൂന്നും ഘട്ടത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ആദ്യഘട്ട വെടിനിര്‍ത്തലന്റെ 16-ാം ദിവസം ഇതിനുള്ള ചര്‍ച്ചതുടങ്ങുമെന്നാണ് ഖത്തറും യു.എസും അറിയിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഗാസയില്‍ യുദ്ധം തുടങ്ങിയത്. ബന്ദികളില്‍ 105 പേരെ 2023 നവംബറില്‍ മോചിപ്പിചിരുന്നു. ബാക്കിയുള്ളവര്‍ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ഇവരില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്.
ജനുവരി 20നു ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡന്‍ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്. മധ്യപൗരസ്ത്യമേഖലയില്‍ അസ്ഥിരത പടര്‍ത്തിയ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യമാകുന്നതു ലോകം ആഹ്ലാദത്തോടെ സ്വീകരിച്ചുവെങ്കിലും ഇസ്രയേല്‍ നിലപാട് അനിശ്ചിതത്വമുണ്ടാക്കിയിട്ടുണ്ട്. മോചിപ്പിക്കേണ്ട പലസ്തീന്‍ തടവുകാരുടെ പട്ടികയില്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ വിട്ടയയ്ക്കാതിരിക്കാന്‍ അധികാരമുണ്ടാകണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കാത്തതാണു പ്രശ്‌നമെന്നു നെതന്യാഹുവിന്റെ ഓഫിസ് സൂചിപ്പിച്ചു. തടവിലുള്ള ഹമാസ് നേതാക്കളും പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഇസ്രയേലിന്റെ എതിര്‍പ്പിനു കാരണമെന്നാണു വിവരം. നേതാക്കളില്‍ ഒന്നോ രണ്ടോ പേരെയെങ്കിലും മോചിപ്പിക്കാനാകുമോയെന്നാണു ഹമാസ് ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ഗാസയിലുള്ള നൂറോളം ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നെതന്യാഹു സര്‍ക്കാരിനുമേല്‍ സമ്മര്‍ദമുണ്ട്. എന്നാല്‍, ഹമാസിന് ഇളവുകള്‍ അനുവദിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് മന്ത്രിസഭയിലെ തീവ്രവലതുപക്ഷ കക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കുകയും ചെയ്യുന്നു.