ലണ്ടന്‍: ബ്രിട്ടനിലെ ഉയര്‍ന്ന വിസ നിരക്കുകള്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ പല മേഖലകളിലും വൈദഗ്ധ്യം നേടിയവരെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും തടയുന്നതായി വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് ശാസ്ത്ര സാങ്കേതിക വ്യാവസായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ കെല്‍പുള്ളവരാണ് പിന്മാറുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസക്കായി മുന്‍കൂര്‍ ആയി നല്‍കേണ്ടി വരുന്ന തുക പുനഃപരിശോധിക്കണം എന്നാണ് ഒരു കൂട്ടം മുതിരന്ന ശാസ്ത്രജ്ഞര്‍ മന്ത്രിസഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ബ്രിട്ടീഷ് സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കാന്‍ ആവശ്യമായ തുക വര്‍ഷങ്ങളായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മറ്റു രാജ്യങ്ങള്‍ക്ക് മുതല്‍ കൂട്ടാവുകയാണ്. വിസ നിയന്ത്രണങ്ങള്‍ക്ക് കുടിയേറ്റം കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ആഗോള തലത്തില്‍ തന്നെ ശാസ്ത്രജ്ഞന്മാര്‍ക്ക് കുറവ് അനുഭവപ്പെടുകയാണ്. ആഗോളാടിസ്ഥാനത്തില്‍ തന്നെ കുറവുള്ളതിനാല്‍, മികച്ച ശാസ്ത്രജ്ഞരെ സ്വന്തമാക്കാനുള്ള മത്സരവും ആഗോളാടിസ്ഥാനത്തില്‍ തന്നെ നടക്കുകയാണെന്ന് റോയല്‍ സൊസൈറ്റിയിലെ പ്രൊഫസര്‍ അലിസണ്‍ നോബിള്‍ പറയുന്നു. വിസ പ്രക്രിയകള്‍ ആകര്‍ഷണീയമല്ലെങ്കില്‍, തീര്‍ച്ചയായും അത്തരമൊരു രാജ്യത്തെക്ക് വരാന്‍ അവര്‍ താത്പര്യപ്പെടില്ല. ഒന്നിലധികം അവസരങ്ങളായിരിക്കും മിടുക്കരായ ശാസ്ത്രജ്ഞരെ തേടിയെത്തുക. ഏത് രാജ്യത്തേക്ക് പോകണം എന്ന് തീരുമാനിക്കുന്നതിനായി തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ട് എന്നര്‍ത്ഥം.

ഇവിടെയാണ് വിസ ചെലവുകളും, സങ്കീര്‍ണ്ണമായ വിസ പ്രക്രിയകളും എല്ലാം പ്രശ്നമാകുന്നത്. 2019 ന് ശേഷം ബ്രിട്ടനിലെ വിസ ഫീസ് 126 ശതമാനം വര്‍ദ്ധിച്ചു എന്നാണ് കഴിഞ്ഞ ദിവസം റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി സൊസൈറ്റി പഠന വിധേയമാക്കിയ 17 രാജ്യങ്ങളില്‍ വെച്ച് ബ്രിട്ടനിലായിരുന്നു ഏറ്റവും ഉയര്‍ന്ന വിസ ഫീസ്. ചില രാജ്യങ്ങള്‍ വിസ ഫീസ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, സ്‌കില്‍ഡ് വിസ ഫീസില്‍ 92 ശതമാനത്തിന്റെ കുറവാണ് 2023 ല്‍ വരുത്തിയത്.

എന്‍ എച്ച് എസ് സേവനങ്ങള്‍ക്കുള്ള വിഹിതം കൂടി ഉള്‍പ്പെടുന്നതാണ് ബ്രിട്ടനിലേക്കുള്ള വിസ ചാര്‍ജ്ജെന്നത്. ഒരു ശാസ്ത്രജ്ഞന്‍ അഞ്ചു വര്‍ഷത്തേക്ക് ബ്രിട്ടനില്‍ സേവനമനുഷ്ഠിക്കാന്‍ വരുന്നു എന്ന് കരുതുക. വിസ ഫീസ് ആയി 1,639 പൗണ്ടും ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് ആയി 5,175 പൗണ്ടും നല്‍കേണ്ടതായി വരുന്നു. ഫ്രാന്‍സിലെ വിസ ഫീസ് കേവലം 278 പൗണ്ട് ആണെന്നതോര്‍ക്കണം. ഈ ഫീസ്, പങ്കാളിക്കും കുട്ടികള്‍ക്കും കൂടി ബാധകമായതിനാല്‍, വിസ ലഭിക്കുന്നതിനായി പതിനായിരക്കണക്കിന് പൗണ്ടുകളാണ് ചെലവാക്കേണ്ടി വരുന്നത്.

കാന്‍സര്‍ റിസര്‍ച്ച് യു കെ പറയുന്നത് 2022 -23 കാലഘട്ടത്തില്‍ ഗവേഷകരുടെ വിസകള്‍ക്കായി മാത്രം 4,77,000 പൗണ്ട് ചെലവഴിച്ചു എന്നാണ്. വിസ നിരക്ക് കൂടിയതിനാല്‍ ഈയിനത്തില്‍ ഈ വര്‍ഷം 2,10,000 പൗണ്ട് അധികമായി ചെലവഴിക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു. മുന്‍കൂറായി വിസ ഫീസ് ഏര്‍പ്പെടുത്തുന്നതിനു പകരമായി വാര്‍ഷിക തവണകളായി എന്തുകൊണ്ട് ഫീസ് വാങ്ങിക്കൂടാ എന്നാണ് ചില വിദഗ്ധര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടന്റെ ശാസ്ത്ര സാങ്കേതിക, സാമ്പത്തിക മേഖലകള്‍ക്ക് വന്‍ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളവരെ ആട്ടിയകറ്റരുത് എന്നും അവര്‍ പറയുന്നു.