വാഷിങ്ടണ്‍: ഭാവിയില്‍, ഭൗമരാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ദിവസമായി ഇന്നത്തെ ദിവസം (2025 ജനുവരി 20) അടയാളപ്പെടുത്തും എന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് എന്ന വ്യക്തി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച നിമിഷം മുതല്‍ ആഗോളതലത്തില്‍ തന്നെ ഇന്നത്തെ ദിവസമെത്താനുള്ള കാത്തിരിപ്പായിരുന്നു. ചിലര്‍ പ്രതീക്ഷകളോടെയാണ് ഈ ദിവസത്തെ കാത്തിരുന്നതെങ്കില്‍, മറ്റു ചില രാജ്യങ്ങള്‍ ആശങ്കയോടെയാണ് എന്ന് മാത്രം. ഭൗമരാഷ്ട്രീയത്തില്‍, അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് കാതലായ മാറ്റം വരുത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അന്ന് തന്നെ 200 ഓളം എക്സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ട്രംപ് ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത പുറത്തു വരുന്നത്. അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത്തെ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരം ഏറ്റെടുക്കുകയാണ്. അനധികൃത കുടിയേറ്റം, കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയമങ്ങള്‍, ബഹുസ്വര രാഷ്ട്രീയം, ക്ലാസിഫൈ ചെയ്ത രേഖകള്‍ എന്നിവയുമൊക്കെ ബന്ധപ്പെട്ടതായിരിക്കും ഈ ഉത്തരവുകള്‍ എന്നാണ് കരുതപ്പെടുന്നത്.

പ്രസിഡണ്ട് ആയി അധികാരമേല്‍ക്കുന്നവര്‍ എക്സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഇറക്കുന്നത് പതിവാണ്. ഇത്തരം ഉത്തരവുകള്‍ നിയമത്തിന് സമാനമാണ് എന്നാല്‍, പിന്നീട് വരുന്ന പ്രസിഡണ്ടുമാര്‍ക്കോ കോടതികള്‍ക്കോ ഇത് എടുത്തു കളയാനും കഴിയും. എന്നാല്‍, ഇപ്പോള്‍ ട്രംപ് ഇറക്കും എന്ന് പറയപ്പെടുന്ന അത്രയും ഓര്‍ഡറുകള്‍ ഇതിന് മുന്‍പ് ഒരിക്കലും ഒരു പ്രസിഡണ്ടും ഇറക്കിയിട്ടില്ല എന്നതാണ് വസ്തുത. തീര്‍ച്ചയായും ഇവയെല്ലാം നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ ചരിത്രത്തിലെ തന്നെ എറ്റവും വലിയ നാടുകടത്തല്‍ പദ്ധതിയാണ് നടപ്പിലാക്കുമെന്ന് ട്രംപ് ഉറപ്പു പറഞ്ഞ പദ്ധതികളിലൊന്ന്. അതിര്‍ത്തിയില്‍ ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും, തെക്കന്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുപോലെ, ഫെഡറല്‍ ഇമിഗ്രേഷന്‍ അഥോറിറ്റികള്‍ക്ക് സ്‌കൂളുകളിലും പള്ളികളിലും റെയ്ഡ് നടത്തുന്നതിലുള്ള വിലക്ക് എടുത്തു മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൂട്ട നാടുകടത്തല്‍ എന്നത് ഏറെ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന ഒന്നാണ് എന്ന് മാത്രമല്ല നിയമപരമായ പല വെല്ലുവിളികളും നേരിടേണ്ടതായും വന്നേക്കാം.

കഴിഞ്ഞ തവണ ഏകദേശം 70,000 ഓളം, മെക്സിക്കോക്കാരല്ലാത്ത അഭയാര്‍ത്ഥികളെ, അവരുടെ അപേക്ഷയില്‍ തീരുമാനമാകുന്നതു വരെ മെക്സിക്കോയിലേക്ക് കടത്തിയിരുന്നു. ഈ നയം ഇത്തവണയും തുടരും എന്ന് തന്നെയാണ് കരുതുന്നത്. ജന്മം കൊണ്ട് പൗരത്വം ലഭിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ഭരണഘടനയിലെ അവകാശം എടുത്തു കളയുന്നതിനും സാധ്യതയുണ്ട്. അമേരിക്കന്‍ മണ്ണില്‍ ജനിച്ചതുകൊണ്ട് അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്നത് കേവലം വിഢിത്തമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍, ഇത്, അമേരിക്കന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നായതിനാല്‍ കേവലം ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മയക്കുമരുന്ന് കാര്‍ട്ടലുകളെ വിദേശ തീവ്രവാദി സംഘടനകളായി ട്രംപ് പരിഗണീക്കാന്‍ സാധ്യതയുണ്ട്. അല്‍ ഖ്വയ്ദ, ഐസിസ്, ഹമാസ് തുടങ്ങിയവയുടെ പട്ടികയില്‍ മയക്കുമരുന്ന് കാര്‍ട്ടലുകളെയും ഉള്‍പ്പെടുത്തിയേക്കും. മറ്റൊന്ന് അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതുമായി ബന്ധപ്പെട്ട കാര്യമായിരിക്കും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്തു തന്നെ 2016 ല്‍ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിയിരുന്നു. മതിലിന്റെ പണി ആരംഭിച്ചെങ്കിലും ഇനിയും കുറെയേറെ ഭാഗത്ത് മതില്‍ നിര്‍മ്മിക്കാനുണ്ട്. അത് ഈ ഭരണകാലത്ത് പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റൊരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍, വിദേശ വ്യാപാരവുമായി ബന്ധപ്പെട്ടതാകാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ ഉദ്പ്പാദന മേഖലയെ സഹായിക്കുന്നതിനായി ഇറക്കുമതി ചരക്കുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭരണകാലത്തും ട്രംപ് ഇത്തരത്തില്‍ ചുങ്കം ചുമത്തിയിരുന്നു. അതില്‍ ചൈനീസ് ഉദ്പ്പന്നങ്ങള്‍ക്ക് മേല്‍ ഉള്‍പ്പടെ ചിലവ ജോ ബൈഡന്റെ കാലത്തും തുടര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ട്രംപ് പറയുന്നത് എല്ലാ ഇറക്കുമതി ചരക്കുകള്‍ക്ക് മേലും 10 ശതമാനം തീരുവ ചുമത്തും എന്നാണ്. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും ഉള്ള ഉദ്പന്നന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനീസ് ഉദ്പന്നങ്ങള്‍ക്ക് 60 ശതമാനവും തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു നീക്കം സാധന വില വര്‍ദ്ധിപ്പിക്കുമെന്നും പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്.

പരിസ്ഥിതിയുമായും ഊര്‍ജ്ജവുമായും ബന്ധപ്പെട്ടും ചില ഉത്തരവുകള്‍ വന്നേക്കാം എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീരദേശത്തിനടുത്തുള്ള സമുദ്രഖനനം നിരോധിച്ചത് എടുത്തുമാറ്റും എന്നാണ് കരുതപ്പെടുന്നത്. പുതിയ കാറ്റാടി പാട പദ്ധതികള്‍ നിരോധിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ നീക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നതാണ്. അതുപോലെ കഴിഞ്ഞ തവണ അധികാരത്തിലേറി ആറ് മാസം തികയുന്നതിന് മുന്‍പാണ് ട്രംപ് പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും പിന്മാറിയത്. ആഗോളതാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഈ സുപ്രധാന കരാറില്‍ 2021 ല്‍ അധികാരമേറ്റ ആദ്യ ദിവസം തന്നെ ജോ ബൈഡന്‍ അമേരിക്കയെ തിരികെ കൊണ്ടുവന്നിരുന്നു. ട്രംപ് വീണ്ടും അതില്‍ നിന്നും പിന്മാറുമെന്നാണ് കരുതുന്നത്.

2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടന്ന കാപിറ്റോള്‍ കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പ്രസിഡന്‍ഷ്യല്‍ മാപ്പ് നല്‍കിയേക്കും എന്നും കരുതുന്നു. 1500 ല്‍ അധികം പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. അതില്‍ ചുരുങ്ങിയത് 600 പേര്‍ക്ക് എങ്കിലും എതിരെയുള്ളത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുകളാണ്. അതുപോലെ തന്നെ, നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കി രഹസ്യ രേഖയായി ക്ലാസിഫൈ ചെയ്തിരിക്കുന്ന 1963 ലെ, പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡി വധവുമായി ബന്ധപ്പെട്ട രേഖകള്‍ ഡീക്ലാസിഫൈ ചെയ്ത് സത്യം പുറം ലോകത്തേറിയിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

വിദേശനയവുമായി ബന്ധപ്പെട്ട ചില എക്സിക്യൂട്ടീവ് ഓര്‍ഡറുകളും ഈ 200 ല്‍ ഉള്‍പ്പെട്ടേക്കാം എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. താന്‍ അധികാരത്തിലേറിയാല്‍ അന്ന് റഷ്യന്‍ - യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കും എന്നൊരു ഉറപ്പ് ട്രംപ് നല്‍കിയിരുന്നു. അതുപോലെ, തീവ്രവാദ സംഘടനകളെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും നേരത്തെ ബൈഡന്‍ ക്യൂബയെ ഒഴിവാക്കിയിരുന്നു. ട്രംപ് ഇത് തിരുത്തും എന്നാണ് വിശ്വസിക്കുന്നത്. അതുപോലെ വെനിസുലക്കെതിരെയുള്ള ഉപരോധം വീണ്ടും കൊണ്ടുവരാനും ഇടയുണ്ട്.

അതുപോലെ സ്ത്രീകളെയും വംശീയ ന്യൂനപക്ഷങ്ങളെയും സഹായിക്കുന്നതിനായി, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും പിന്‍തുടര്‍ന്നു വരുന്ന വൈവിധ്യം, സമത്വം ഉള്‍ച്ചേര്‍ക്കല്‍ (ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ അഥവാ ഡി ഇ ഐ) പദ്ധതി പല യാഥാസ്ഥികരെയും കോപാകുലരാക്കിയിട്ടുണ്ട്. ഇത് പല നിയമനടപടികള്‍ നേരിടുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുമെന്ന് ട്രംപ് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് ആരംഭിച്ച ചില നടപടികളില്‍നിന്നും ആമസോണിനെയും, മെറ്റയെയും, വാള്‍മാര്‍ട്ടിനെയും പോലുള്ള കോര്‍പ്പറേറ്റുകള്‍ പിന്തിരിയാന്‍ തുടങ്ങിയിട്ടുമുണ്ട്.

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടും കൂടുതല്‍ യാഥാസ്ഥികമായ നിലപാടായിരിക്കും ട്രംപ് എടുക്കുക. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് നല്‍കുന്ന വിദേശ ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കിയേക്കും. മാത്രമല്ല, പഴയ ഗര്‍ഭച്ഛിദ്ര നിയമം തിരികെ കൊണ്ടുവരാനും സാധ്യതയുണ്ട്. അതുപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍, വനിതകള്‍ക്കുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതും നിരോധിച്ചേക്കും. അതുപോലെ കമ്പനിയുടെ 50 ശതമാനം ഓഹരി വാങ്ങാന്‍ അമേരിക്കന്‍ പങ്കാളിയെ കണ്ടെത്തിയില്ലെങ്കില്‍ ടിക്ടോക് അടച്ചു പൂട്ടുന്നതും ട്രംപിന്റെ അജണ്ടയിലുണ്ട്.